ഫലസ്തീനി വെടിയേറ്റു മരിച്ചു

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖലാന്തിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഫലസ്തീന്‍ യുവാവ് വെടിയേറ്റു മരിച്ചു. 10 ഓളം പേര്‍ക്കു പരിക്കേറ്റു. 22കാരനായ ഇയാദ് ഉമര്‍ സജാദിയയാണ് കൊല്ലപ്പെട്ടതെന്നു മെഡിക്കല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിനും മധ്യ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന അഭയാര്‍ഥി ക്യാംപിലേക്ക് സൈനികജീപ്പ് പ്രവേശിച്ചതിനെ ഫലസ്തീനികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഒക്ടോബര്‍ മുതല്‍ ഫലസ്തീന്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ ഇസ്രായേലിലും ഫലസ്തീനിലുമായി അലയടിച്ച പ്രതിഷേധ തരംഗത്തില്‍ 178 ഫലസ്തീനികളും 28 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍നിന്ന് 27 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it