ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു; യുവാവിനെ വെടിവച്ചു കൊന്നു

വെസ്റ്റ്ബാങ്ക്: ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തിന്റെ കവാടത്തില്‍ പോലിസുകാരനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിെച്ചന്നാരോപിച്ച് ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു. കത്തിക്കുത്ത് ശ്രമം കെട്ടിച്ചമച്ചതാണെന്നും പ്രദേശത്തുകൂടെ നടന്നുപോവുമ്പോള്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സൈന്യത്തിന് ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനകീയ പ്രതിരോധം തുടരാന്‍ ഫലസ്തീനിലെ ഇസ്‌ലാമിക ശക്തികള്‍ ആഹ്വാനം ചെയ്തു. ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശങ്ങളിലും വെസ്റ്റ്ബാങ്കിലും വന്‍തോതില്‍ സൈന്യത്തെയും പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.ഗ്രീന്‍ ലൈനിനകത്തുള്ള ഹദേറ നഗരത്തിലെ കിഴക്കന്‍ പ്രദേശമായ ഗന്‍ ശംവെലില്‍ കുത്തേറ്റും വാഹനം കയറ്റിയും രണ്ട് സൈനികരടക്കം നാലു ഇസ്രായേലികള്‍ക്കു പരിക്കേറ്റു.

ആക്രമണം നടത്തിയയാളെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പോലിസ് വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെയുള്ള അധിനിവേശ അതിക്രമങ്ങളില്‍ രോഷാകുലരായ ഫലസ്തീനികളാണ് ചെറുത്തുനില്‍ക്കുന്നത്. ഈ മാസം ആക്രമണം ആരംഭിച്ച ശേഷം 25 ഫലസ്തീനികളാണ് ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷിയായത്. ഹെബ്രോണിലെ ഇബ്രാഹീമി മസ്ജിദിനടുത്ത് ഇസ്രായേല്‍ സൈനികരെ കുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് 14ഉം 17ഉം വയസ്സുള്ള രണ്ടു ഫലസ്തീന്‍ യുവതികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ബൈത്തു ഈലില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ 13കാരനായ അഹ്മദ് ശിറാഖ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഫലസ്തീനികളുടെ രോഷത്തിന്റെ ദിനമായി ആചരിക്കാന്‍ ഫലസ്തീന്‍ ദേശീയ ഇസ്‌ലാമിക ശക്തികള്‍ ആഹ്വാനം ചെയ്തു. ഫലസ്തീനികള്‍ക്കെതിരേയുള്ള ആക്രമണത്തിനെതിരേ ഹമാസ് ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it