ഫലം വിലയിരുത്താന്‍ മുന്നണിയോഗങ്ങള്‍

നിഷാദ്  എം  ബഷീര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകളും തിരിച്ചടികളും വിലയിരുത്താന്‍ എല്‍ഡിഎഫും യുഡിഎഫും അവലോകന യോഗങ്ങള്‍ ചേരുന്നു. ഈ മാസം 11, 12 തിയ്യതികളിലാണ് കെപിസിസി നേതൃയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫിന് നേരിട്ട കനത്ത പ്രഹരമായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട. തിരുത്തല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വി എം സുധീരനും വ്യക്തമാക്കിയ സാഹചര്യത്തില്‍ മുന്നണിയിലും സര്‍ക്കാരിലും എന്തു മാറ്റമാണ് ഉണ്ടാവാന്‍പോവുന്നതെന്ന കാര്യം നിര്‍ണായകമാണ്. അതേസമയം പരാജയപരമ്പരകള്‍ക്ക് തടയിടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ്. ഫലം വിലയിരുത്താന്‍ നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. സിപിഎം നേതൃയോഗങ്ങള്‍ ഇന്നു തുടങ്ങും. സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. വിജയിച്ച തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷതിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാട് നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനിക്കും. ഫലം പരിശോധിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് യോഗവും നാളെ ചേരുന്നുണ്ട്.

അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ച, ബിജെപി-എസ്എന്‍ഡിപി വര്‍ഗീയപ്രചാരണത്തെ വേണ്ടത്ര പ്രതിരോധിച്ചില്ല, സര്‍ക്കാരുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ല തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കോണ്‍ഗ്രസ്സില്‍നിന്ന് ഉയരുന്നത്. ഭരണതലത്തില്‍ തന്നെ ഒരു മാറ്റം വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വരെ വീഴ്ച സംഭവിച്ചെന്ന പരാതി കോണ്‍ഗ്രസ്സില്‍ ശക്തമാണ്. തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായതും കോര്‍പറേഷനില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പാര്‍ട്ടി ഗൗരവമായാണു കാണുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ചയാണ് ദയനീയ തോല്‍വിക്കിടയാക്കിയതെന്ന വിമര്‍ശനവുമായി എ, ഐ ഗ്രൂപ്പുകളും പോര് തുടങ്ങിക്കഴിഞ്ഞു. വിജയാവേശത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ തിരിച്ചടിയാണ് സിപിഎമ്മിനെയും അലട്ടുന്നത്. മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ച പ്രമുഖരെല്ലാം തോറ്റതിനു പിന്നില്‍ കാലുവാരല്‍ നടന്നോയെന്ന സംശയവും നേതാക്കളിലുണ്ട്.
Next Story

RELATED STORIES

Share it