ഫറോവയുടെ താടി: മ്യൂസിയം ജീവനക്കാര്‍ക്കെതിരേ കേസ്

കെയ്‌റോ: തൂതന്‍ഖാമൂന്‍ ഫറോവയുടെ മമ്മിയിലെ മുഖംമൂടിയിലുള്ള താടി വികലമായി ഘടിപ്പിച്ചെന്ന കുറ്റത്തിന് മ്യൂസിയത്തിലെ എട്ടു ജീവനക്കാരെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. മുഖംമൂടിയിലെ നീല, സ്വര്‍ണ വര്‍ണങ്ങളിലുള്ള താടി അറ്റകുറ്റപ്പണിക്കു ശേഷം വികലമായി ഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് ജീവനക്കാരെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.
താടി വികലമായി ഘടിപ്പിച്ച സംഭവത്തില്‍ ഈജിപ്ഷ്യന്‍ പുരാവസ്തു സംരക്ഷകര്‍ വ്യത്യസ്ത വിശദീകരണമാണ് നല്‍കിയത്. അപ്രതീക്ഷിതമായി സംഭവിച്ച അബദ്ധമെന്നു ചിലര്‍ അവകാശപ്പെടുമ്പോള്‍ അയഞ്ഞതിനെ തുടര്‍ന്ന് ഒട്ടിക്കുകയായിരുന്നുവെന്നാണ് മറുഭാഗത്തിന്റെ വാദം. അപാകത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവച്ചതായും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. മ്യൂസിയത്തിന്റെ മുന്‍ ഡയറക്ടറും അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കിയയാളും കുറ്റംചുമത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. ജര്‍മനിയില്‍നിന്നുള്ള വിദഗ്ധ സംഘം താടി ഘടിപ്പിച്ചതിലെ അപാകതകള്‍ പരിഹരിച്ചതിനു ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് ഈ പിരമിഡ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ഈജിപ്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് 3000 വര്‍ഷത്തിലധികം പഴക്കമുള്ള പിരമിഡുകള്‍.
Next Story

RELATED STORIES

Share it