ഫരീദാബാദില്‍ സവര്‍ണര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു

സ്വന്തംപ്രതിനിധി

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സവര്‍ണ സമുദായാംഗങ്ങള്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട രണ്ടു കുഞ്ഞുങ്ങളെ സവര്‍ണ സമുദായാംഗങ്ങള്‍ ചുട്ടുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. കൊലപാതകം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് നടന്നതെന്നും ജാതീയമായ പ്രശ്‌നങ്ങളെത്തുടര്‍ന്നല്ലെന്നും സവര്‍ണ സമുദായാംഗങ്ങള്‍ അവകാശപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് അധികൃതര്‍ പക്ഷപാതം കാണിക്കുകയാണെന്നും ചിലര്‍ ജാതിരാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവന്ന് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും അവര്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ഏഴുപേരെ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്ഷത്രിയ, ബ്രാഹ്മണ, രജപുത്ര സമുദായാംഗങ്ങള്‍ ഇന്നലെ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തു. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
രണ്ടര വയസ്സുകാരന്‍ വൈഭവ്, 11 മാസം പ്രായമുള്ള ദിവ്യ എന്നീ കുട്ടികളായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫരീദാബാദ് ബല്ലഭ്ഗഡ് സുന്‍പദ് ഗ്രാമത്തില്‍ ഈ മാസം 19നായിരുന്നു ആക്രമണം നടന്നത്. ദലിത് കുടുംബത്തില്‍പ്പെട്ട കുട്ടികളെ സവര്‍ണ സമുദായത്തില്‍പ്പെട്ട ചിലര്‍ ചുട്ടുകൊല്ലുകയായിരുന്നു. ആക്രമണത്തില്‍ കുട്ടികളുടെ മാതാപിതാക്കളായ ജിതേന്ദറിനും രേഖയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
Next Story

RELATED STORIES

Share it