ഫത്ഹുല്‍ ഖൈര്‍ മുംബൈ തീരത്തണഞ്ഞു

ദോഹ: ആദ്യകാല കപ്പല്‍യാത്രയുടെ ഓര്‍മ പുതുക്കി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട പരമ്പരാഗത ഉരുവായ ഫത്ഹുല്‍ ഖൈര്‍-2 ഇന്നലെ രാവിലെ മുംബൈ തീരത്തണഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ഖത്തറില്‍ നിന്ന് ഉരു യാത്ര പുറപ്പെട്ടത്.

ഖത്തറിലെയും ഇന്ത്യയിലെയും ഔദ്യോഗിക പ്രതിനിധികളടക്കം വന്‍ ജനക്കൂട്ടമാണ് ഖത്തര്‍ സൗഹൃദ സന്ദേശവുമായെത്തിയ സമുദ്രയാത്രികരെ സ്വീകരിക്കാനെത്തിയത്. കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍സുലൈത്തി, ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹീം അബ്ദുല്ല അല്‍അബ്ദുല്ല, മഹാരാഷ്ട്ര ഗവര്‍ണര്‍ ചിന്നമാനേനി വിദ്യാസാഗര്‍ റാവു, ഖത്തര്‍ കോണ്‍സല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ദൂസരി തുടങ്ങിയ പ്രമുഖര്‍ ഫത്ഹുല്‍ ഖൈര്‍ ടീമിനെ സ്വീകരിക്കാന്‍ മുംബൈ തുറമുഖത്തെത്തിയിരുന്നു. പരമ്പരാഗത ഇന്ത്യന്‍ സംഗീത മേളത്തോടെയാണ് യാത്രാസംഘത്തെ എതിരേറ്റത്.
ഔദ്യോഗിക സ്വീകരണത്തിനു ശേഷം സംഘാംഗങ്ങള്‍ താജ്മഹല്‍ ഹോട്ടലിലെ സ്വീകരണ മുറിയില്‍ യോഗം ചേര്‍ന്നു. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്വീകരണ യോഗത്തില്‍ ഡോ. ഖാലിദ് അല്‍സുലൈത്തി വ്യക്തമാക്കി. 1958ല്‍ ശെയ്ഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ഖാസിം ആല്‍ഥാനിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തെക്കുറിച്ച് സുലൈത്തി അനുസ്മരിച്ചു. പൗരാണിക കാലം മുതല്‍ക്ക് ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് മുംബൈ തുറമുഖ കവാടം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫത്ഹുല്‍ ഖൈര്‍ സംഘത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഇന്ത്യന്‍ സര്‍ക്കാരിനെയും ഇരുരാജ്യങ്ങളിലെയും അംബാസഡര്‍മാരെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം ശക്തമാണെന്നും കാലങ്ങളോളം ഈ ബന്ധം നിലനില്‍ക്കട്ടെയെന്നും വിദ്യാസാഗര്‍ റാവു ആശംസിച്ചു. ഖത്തറും ഇന്ത്യയും തമ്മിലെ ആഴത്തിലുള്ള ബന്ധത്തിനു തെളിവാണ് ഫത്ഹുല്‍ ഖൈറിന്റെ ഈ യാത്രയിലൂടെ വെളിവായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ആദ്യ ലക്ഷ്യം പൂര്‍ത്തിയായതായി ഫത്ഹുല്‍ ഖൈര്‍ ഉരു ക്യാപ്റ്റന്‍ ഹസന്‍ ഈസ അല്‍കഅബി വ്യക്തമാക്കി. ഇടത്താവളമായ ഒമാനിലെ സൂര്‍ പട്ടണത്തില്‍ നിന്ന് ആരംഭിച്ച യാത്ര മുംബൈയിലെത്താന്‍ ഏഴു ദിവസമെടുത്തു. അല്‍പ ദിവസത്തിനുള്ളില്‍ ദോഹയിലേക്കു മടങ്ങുമെന്നും കത്താറയുടെ ആറാമത് പരമ്പരാഗത ഉരു ഫെസ്റ്റിനോടനുബന്ധിച്ച് ഖത്തറിലെത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it