Fortnightly

ഫണ്ട് വിനിയോഗിക്കാത്ത എംപിമാര്‍

ഫണ്ട് വിനിയോഗിക്കാത്ത എംപിമാര്‍
X











ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, നിയമമന്ത്രി ഡിവി സദാനന്ദ ഗൗഡ, ജലവിഭവമന്ത്രി ഉമാഭാരതി, രാസവളം മന്ത്രി അനന്ത്കുമാര്‍, ചെറുകിടവ്യവസായ മന്ത്രി കല്‍രാജ് മിശ്ര, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഒരു രൂപപോലും ചെലവാക്കാത്ത എംപിമാരാണ്. എന്നാല്‍ ഇതു ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കഴിയുമോ? ഇല്ല. കാരണം സോണിയയും എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവും എംപി ഫണ്ട് മണ്ഡലത്തില്‍ വിനിയോഗിക്കാത്ത പ്രമുഖരില്‍ പെടുന്നു.




റഫീഖ് റമദാന്‍



എംപി ഫണ്ട് എന്നത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുകയാണെന്നത് അറിയാത്തവര്‍ കാണില്ല. എന്നാല്‍ പതിനാറാം ലോക്‌സഭ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 542 അംഗങ്ങളില്‍ 298 പേരും എംപി ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും സ്വന്തം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടില്ല. ഇനിയും വികസിപ്പിച്ചാല്‍ പൊട്ടിപ്പോവുന്ന നിലയില്‍ രാജ്യം എത്തിച്ചേര്‍ന്നുവോ എന്നു തോന്നും ഈ വാര്‍ത്ത കേട്ടാല്‍!

rajnath-singh1993 ഡിസംബറില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലാണ് കേന്ദ്രസര്‍ക്കാര്‍ എംപി ലാഡ് ഫണ്ട് (ങജ ഘീരമഹ അൃലമ ഉല്‌ലഹീുാലി േളൗിറ) ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം എംപി ഫണ്ട് വിനിയോഗം സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയത്തിന് കീഴിലേക്കു മാറ്റി. തുടക്കത്തില്‍ അഞ്ചുലക്ഷം രൂപ മാത്രമായിരുന്നു മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനം നടത്താന്‍ എംപിമാര്‍ക്ക് എംപി ഫണ്ടായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ 1994-95 ല്‍ ഇത് ഒരു കോടിയായും 1998-99 ല്‍ രണ്ടു കോടിയായും പിന്നീട് 2011-12 മുതല്‍ അഞ്ചു കോടിയായും വര്‍ധിപ്പിച്ചു. എന്നാല്‍ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ റിപോര്‍ട്ട് അനുസരിച്ച് 2014-15 സാമ്പത്തികവര്‍ഷം രാജ്യത്ത് ചെലവഴിക്കപ്പെട്ട എംപി ഫണ്ട് എത്രയെന്നോ? വെറും 5.4 ശതമാനം! 5430 കോടി രൂപ ഉപയോഗപ്പെടുത്തിയില്ല എന്ന് ചുരുക്കം.

ലോകമെങ്ങും സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹതപ്പെട്ട അഞ്ചു കോടിയുടെ 16 ശതമാനം മാത്രമേ തന്റെ മണ്ഡലമായ വാരാണസിയില്‍ വിനിയോഗിച്ചിട്ടുള്ളൂ. അപ്പോള്‍ പിന്നെ ബാക്കി എംപിമാരുടെ കാര്യം പറയണോ? ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ട് എംപി ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും മണ്ഡലത്തില്‍ വിനിയോഗിക്കാത്തവരായി. 223 എംപിമാര്‍ ഫണ്ട് ആവശ്യപ്പെടുക പോലും ചെയ്തിട്ടില്ല. ഒരു വര്‍ഷം അഞ്ചു കോടിയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ എംപിക്ക് സമര്‍പ്പിക്കാവുന്നതാണ്. പദ്ധതികള്‍ നിര്‍വഹണയോഗ്യമല്ലാതെവന്നാല്‍ അത് പരിഹരിക്കുന്നതിന് വേണ്ടി കൂടുതല്‍ തുകയ്ക്കുള്ള പദ്ധതികള്‍ നിര്‍ദേശിക്കുകയും ചെയ്യാം. എന്നാല്‍ പ്രസ്തുത കാലാവധിക്കു മുമ്പ് ശരിയായി വിനിയോഗിച്ചില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകും.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, നിയമമന്ത്രി ഡിവി സദാനന്ദ ഗൗഡ, ജലവിഭവമന്ത്രി ഉമാഭാരതി, രാസവളം മന്ത്രി അനന്ത്കുമാര്‍, ചെറുകിടവ്യവസായ മന്ത്രി കല്‍രാജ് മിശ്ര, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഒരു രൂപപോലും സ്വന്തം മണ്ഡലത്തില്‍ ചെലവാക്കാത്ത എംപിമാരാണ്. എന്നാല്‍ ഇതു ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കഴിയുമോ? ഇല്ല. കാരണം സോണിയയും എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവും എംപി ഫണ്ട് മണ്ഡലത്തില്‍ വിനിയോഗിക്കാത്ത പ്രമുഖരില്‍ പെടുന്നു.

36 സംസ്ഥാനങ്ങളിലെ പത്ത് എംപിമാര്‍ മാത്രമാണ് വികസനത്തിന് ഫണ്ടുപയോഗിച്ചു തുടങ്ങിയത് എന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. യുപിയിലെ എംപിമാര്‍ക്ക് മൊത്തമായി 200 കോടി അനുവദിച്ചിട്ട് അഞ്ചു പൈസ അവര്‍ ചെലവഴിച്ചില്ല. അതിന്റെ ഫലം ബിജെപി അനുഭവിക്കുകയും ചെയ്തു.





sadhanandagowda



ഫണ്ടുപയോഗിക്കാത്തവരില്‍ ഒന്നാം സ്ഥാനത്താണ് ഉത്തര്‍പ്രദേശിലെ എംപിമാര്‍. മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പദ്ധതി നിര്‍വഹണ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച 2015 മെയ് 15 വരെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് ഭൂരിഭാഗം മന്ത്രിമാരും ഫണ്ടുപയോഗിച്ചിട്ടില്ല എന്ന് വ്യക്തമാവുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാര്‍ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചതില്‍ മുന്നിലാണ്.
എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എംപി ഫണ്ട് വളരെ തുച്ഛമാണ്. എങ്കിലും 20 ലോക്‌സഭാ എംപിമാര്‍ക്കും ഒമ്പതു രാജ്യസഭാ എംപിമാര്‍ക്കുംകൂടി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മൊത്തം 145 കോടി രൂപ പ്രതിവര്‍ഷം സംസ്ഥാനത്തിന് ലഭിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് 725 കോടി രൂപയാണ് എംപി ഫണ്ടിലൂടെ കേരളത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ വാര്‍ഷിക പദ്ധതി തുക കണക്കിലെടുക്കുമ്പോള്‍ എംപി ഫണ്ടിലൂടെ ലഭിക്കുന്ന കേന്ദ്രസഹായം ഏറെ പ്രാധാന്യമുള്ളതാണ്.

15ാം ലോക്‌സഭയുടെ 2009- 2013 കാലയളവിലെ കണക്കനുസരിച്ച് കേരള എംപിമാര്‍ അനുവദിക്കപ്പെട്ട 409.58 കോടിയില്‍ 98.43 ശതമാനവും ചെലവഴിച്ചവരാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ഇ അഹമ്മദാണ് ഫണ്ട് വിനിയോഗത്തില്‍ ഒന്നാമന്‍. അദ്ദേഹം തനിക്ക് അനുവദിച്ച 20.56 കോടിയില്‍ 20.46 കോടി രൂപയും സ്വന്തം മണ്ഡലമായ മലപ്പുറത്ത് വിനിയോഗിച്ചു. കോഴിക്കോട് എംപി എംകെ രാഘവന്‍ അനുവദിച്ചതിന്റെ 101.43 ശതമാനവും പാലക്കാട് എംപി എംബി രാജേഷ് 102.55 ശതമാനവും ആറ്റിങ്ങലിലെ എ സമ്പത്ത് 102.24 ശതമാനവും വിനിയോഗിച്ചു. പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍ (19.64 കോടി), കണ്ണൂര്‍ എംപി കെ സുധാകരന്‍ (19.60 കോടി) എന്നിവരും അനുവദിക്കപ്പെട്ടതിന്റെ നൂറു ശതമാനവും മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ടുണ്ട്.

കേരള എംപിമാരില്‍ ഫണ്ട് വിനിയോഗത്തില്‍ പിന്നിലുള്ള എറണാകുളം എംപി കെവി തോമസ് 15.22 കോടി ചെലവഴിച്ചു (89.01 ശതമാനം). ഫണ്ട് കൂടുതല്‍ (34.94 കോടി) ആവശ്യപ്പെട്ട പത്തനംതിട്ട എംപി ആന്റോ ആന്റണി അനുവദിച്ചുകിട്ടിയ 20.30 കോടിയില്‍ 1.56 കോടി രൂപ ലാപ്‌സാക്കി. 16ാം ലോക്‌സഭയില്‍ 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളിലായി കേരളത്തിലെ 20 ലോക്‌സഭാ എംപിമാര്‍ക്ക് ലഭിച്ച 102.50 കോടിയില്‍ 69.98 കോടിയാണ് ഇതുവരെ ചെലവഴിക്കപ്പെട്ടത്.



ഫണ്ട് വിനിയോഗത്തിലെ തടസ്സങ്ങള്‍

uma-bharathiഎംപിമാര്‍ ശുപാര്‍ശ ചെയ്ത പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തില്‍ വരുന്ന കാലതാമസമാണ് ഫണ്ട് ലഭ്യമാവാതിരിക്കാന്‍ കാരണം. വിനിയോഗത്തിലുണ്ടാവുന്ന കാലതാമസം പദ്ധതി ചെലവ് വര്‍ധിക്കുന്നതിനും കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കാനുള്ള കാലതാമസത്തിനും ഇടയാക്കും. ചെലവഴിക്കുന്ന മുറയ്ക്കു മാത്രമേ എംപി ഫണ്ടിന്റെ അടുത്ത ഗഡു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കൂ. ഇക്കാരണത്താല്‍ ഫണ്ട് വിനിയോഗത്തിലെ കാലതാമസം ഫണ്ട് ലഭിക്കുന്നതിനുകൂടി തടസ്സമായി മാറുകയാണ്. 16 ാം ലോക്‌സഭയില്‍ കേരളത്തിലെ ലോക്‌സഭാംഗങ്ങള്‍ക്ക് അവകാശപ്പെട്ട 200 കോടിയില്‍ 102.5 കോടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനകം അനുവദിച്ചത്. അനുവദിച്ച ആദ്യ ഗഡുവിന്റെ ചെലവഴിക്കലിന് ആനുപാതികമായാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത ഗഡു അനുവദിക്കുന്നത്.

എംപി ഫണ്ട് വിനിയോഗത്തിലെ നടപടിക്രമത്തിന്റെ അറിവില്ലായ്മപോലും ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തിന് തടസമാകുന്നുണ്ട്. ഫണ്ട് വിനിയോഗത്തിലെ കാലതാമസം എന്തുകൊണ്ടെന്നു കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ലോക്‌സഭാംഗങ്ങള്‍ക്ക് അവരുടെ നിയോജകമണ്ഡല പരിധിയിലും രാജ്യസഭാംഗങ്ങള്‍ക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തും നോമിനേറ്റഡ് മെമ്പര്‍മാര്‍ക്ക് രാജ്യത്തെവിടെയും എംപി ഫണ്ട് ഉപയോഗിക്കാം. മൊത്തം വിഹിതത്തിന്റെ 15 ശതമാനം പട്ടികജാതി മേഖലയിലും 7.5 ശതമാനം പട്ടികവര്‍ഗ മേഖലയിലും ചെലവഴിക്കണമെന്ന് പദ്ധതിയുടെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ പ്രവൃത്തികള്‍ നടപ്പിലാക്കാനാണ് എംപി ഫണ്ട് ലക്ഷ്യമിടുന്നത്.



എംപി മാത്രം വിചാരിച്ചാല്‍ പോരാ

പ്രവൃത്തികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുന്നതോടെ എംപി ഫണ്ടിന്റെ കാര്യത്തില്‍ എംപിമാരുടെ പങ്ക് അവസാനിക്കുകയാണ്. തുടര്‍ന്ന് ജില്ലാ പ്ലാനിങ് ഓഫിസാണ് പ്രവൃത്തികള്‍ പരിശോധിച്ച് എംപി ഫണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കകത്തു വരുന്ന പ്രവൃത്തിയാണെന്ന് ഉറപ്പാക്കി നിര്‍വഹണ ഏജന്‍സികളെ നിശ്ചയിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍, പിഡബ്ല്യുഡി, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളേയാണ് പൊതുവെ നിര്‍വഹണ ഏജന്‍സികളായി നിശ്ചയിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രവൃത്തികള്‍ പ്രസ്തുത വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെയാണ് എംപി ഫണ്ട് വിനിയോഗത്തിന്റെ പ്രയാസങ്ങള്‍ ആരംഭിക്കുന്നത്.

sonia-gandhiതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്‌നം. തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാന്‍ ഫണ്ട് പ്രവൃത്തികള്‍ തന്നെ വലിയൊരു ഭാരമായി അനുഭവപ്പെടുന്ന ജീവനക്കാര്‍ക്ക് എംപി, എംഎല്‍എ ഫണ്ട് പ്രവൃത്തികള്‍ അധികഭാരമായി മാറുക സ്വാഭാവികം. ഇതു പലപ്പോഴും എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ഭരണാനുമതി ലഭിക്കുന്നതിനുമുള്ള കാലതാമസത്തിന് കാരണമാകുന്നു. എസ്റ്റിമേറ്റിന് ജില്ലാ കലക്ടറുടെ ഭരണാനുമതി ലഭിച്ചാല്‍ സാങ്കേതികാനുമതിയുടെ പണിയും ഈ ജീവനക്കാരാണ് നിര്‍വഹിക്കേണ്ടത്.

ജീവനക്കാരുടെ അറിവില്ലായ്മയും ഒരു പ്രശ്‌നമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരില്‍ പലര്‍ക്കും പദ്ധതി നിര്‍വഹണത്തിന്റെ നടപടിക്രമങ്ങള്‍ അറിയില്ല. ഇതിനൊരു കാരണം ഇവരില്‍ നല്ലൊരു പങ്ക് താത്കാലിക ജീവനക്കാരാണ് എന്നതാണ്. അഞ്ചുലക്ഷത്തിലധികം വരുന്ന പ്രവൃത്തികള്‍ ഇ-ടെണ്ടര്‍ ചെയ്യണമെന്ന കോടതി ഉത്തരവ് കൂടി നിലവില്‍ വന്നതോടെ ഇക്കാര്യത്തിലുള്ള ജീവനക്കാരുടെ പരിചയക്കുറവ് മൂലം പ്രവൃത്തികളുടെ ടെണ്ടര്‍ പോലും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം എംപി ഫണ്ട് വിനിയോഗത്തിന്റെ മാര്‍ഗരേഖകളിലുണ്ടായിരുന്ന അവ്യക്തതകള്‍ കേന്ദ്രസര്‍ക്കാര്‍ ഏറക്കുറെ പരിഹരിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ഗുണഭോക്തൃ കമ്മിറ്റികള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം മുന്‍കൂറായി അനുവദിക്കാന്‍ കഴിയും. ഗുണഭോക്തൃ കമ്മിറ്റികള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികളുടെ വേഗം വര്‍ധിപ്പിക്കാന്‍ ഈ മുന്‍കൂര്‍ തുക ഉപകരിക്കും. അതേപോലെ പ്രവൃത്തി 50 ശതമാനം പൂര്‍ത്തീകരിച്ചാല്‍ നിര്‍വഹണ ഏജന്‍സിയുടെ അപേക്ഷ പ്രകാരം 40 ശതമാനം തുക കൂടി അനുവദിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവാദമുണ്ട്. ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന താത്പര്യക്കുറവ് ഫണ്ട് വിനിയോഗത്തിന് തടസ്സമാകുന്നുണ്ട്.
എംപി ഫണ്ടിന്റെ സമയബന്ധിതവും കാര്യക്ഷമവുമായ വിനിയോഗം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ഇതിന്റെ കാര്യക്ഷമമായ വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. അതിനു പ്രായോഗികമായ നടപടികളുണ്ടായാല്‍ സംസ്ഥാനം അതിവേഗം ബഹുദൂരം മുന്നേറും ഉറപ്പ്.

Next Story

RELATED STORIES

Share it