thiruvananthapuram local

ഫണ്ട് വകമാറ്റിയ ബാലരാമപുരം പഞ്ചായത്ത് ഭരണസമിതിക്ക് തിരിച്ചടി

ബാലരാമപുരം: ചൊവ്വര-കനാലിനു കുറുകെയുള്ള പാലം നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് വകമാറ്റി ജൈവകൃഷിക്കെടുത്ത സംഭവത്തില്‍ പഞ്ചായത്ത് കമ്മിറ്റിയെടുത്ത തീരുമാനം തിരിച്ചടിയായി.
പാലം നിര്‍മാണത്തില്‍ സാങ്കേതിക വിഭാഗം അനുമതി നല്‍കി. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ പാലച്ചല്‍ കോണം-നന്ദംകുഴി ബഡ് സൈതാ റോഡിലെ ചൊവ്വര-കനാലിനു കുറുകെയുള്ള പാലം നിര്‍മിക്കുന്നതിന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 4,75,000 രൂപ അനുവദിച്ചിരുന്നു. ഭരണം മാറി ഇടതിന് വന്നപ്പോള്‍ ഈ തുക വകമാറ്റുകയായിരുന്നു.
നേരത്തേ പഞ്ചായത്ത് കമ്മിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് വകമാറ്റാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചാല്‍ മതി. എന്നാല്‍, പുതിയ തീരുമാനപ്രകാരം ഫണ്ട് വകമാറ്റണമെങ്കില്‍ പഞ്ചായത്ത് സാങ്കേതിക വിഭാഗത്തിന്റെ അനുമതി കൂടി വേണം. ഇതാണ് പഞ്ചായത്തിനെ വെട്ടിലാക്കിയത്. നേമം ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ പാലം നിര്‍മിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്‍കിയതോടെയാണ് പഞ്ചായത്ത് വെട്ടിലായത്. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഫണ്ട് വകമാറ്റിയത്.
എന്നാല്‍, പള്ളിച്ചല്‍ ഇറിഗേഷന്‍ എ ഇ, നെയ്യാറ്റിന്‍കര അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അനുമതി നല്‍കി. ഇവര്‍ പാലം പരിശോധിച്ച് തകര്‍ന്നുവെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് റിപോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് അനുമതിക്ക് നല്‍കിയത്. എന്‍ജിനീയറുടെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാം. 1.20 മീറ്റര്‍ വീതിയിലും 1.20 ഉയരത്തിലും ആണ് പാലം നിര്‍മിക്കുന്നത്. നേരത്തേ ബൈക്ക് മാത്രം പോകുന്ന പാലം ഇപ്പോള്‍ കാര്‍ പോകുന്ന വീതിയിലാണ് നിര്‍മിക്കുന്നത്. 2015ല്‍ നവംബര്‍ 30ന് പാലം തകര്‍ന്നതു സംബന്ധിച്ച് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പരിശ്രമത്തിലാണ് പാലം പണിയാന്‍ അനുമതി ആയത്.
Next Story

RELATED STORIES

Share it