ഫഌറ്റ് ഉടമകളുമായുള്ള ചര്‍ച്ച; വിശദീകരണങ്ങളില്‍ പൊരുത്തക്കേട്

കൊച്ചി: ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിവച്ച ഫഌറ്റ് ഉടമകളുമായുള്ള മുഖ്യമന്ത്രിയുടെ വിവാദ ചര്‍ച്ച സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബില്‍ഡര്‍മാരുടെ യോഗം നടന്നിട്ടില്ലെന്നാണ് യോഗത്തിന്റെ മിനിട്‌സ് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനു നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടി. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി ബി ബിനുവാണ് അപേക്ഷ നല്‍കിയത്. വകുപ്പിലെ വിവരാവകാശ ഓഫിസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ ജെ ഉണ്ണികൃഷ്ണനാണ് ഇതുസംബന്ധിച്ച മറുപടി നല്‍കിയിരിക്കുന്നത്. അഗ്നിശമന സേന മുന്‍ മേധാവി ജേക്കബ് തോമസിനെതിരേ ആഭ്യന്തരവകുപ്പില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും 2015 നവംബര്‍ 13നു നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നുണ്ട്.
എന്നാല്‍, ഒക്ടോബര്‍ 21ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജേക്കബ് തോമസിനു നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ ചുതമല വഹിക്കുന്ന താങ്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷനുമായും ക്രെഡായിയുമായും ഈ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ കത്തിലുണ്ട്. ജൂലൈ ഏഴിന് നിയമസഭാ മന്ദിരത്തില്‍ നടന്ന മീറ്റിങ് ജേക്കബ് തോമസ് അവഗണിച്ചെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it