malappuram local

ഫഌഡ്‌ലൈറ്റ് സ്റ്റേഡിയത്തെ വരവേല്‍ക്കാന്‍ കായികപ്രേമികള്‍ ഒരുങ്ങി

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തെ കായികപ്രേമികളും നാട്ടുകാരും വന്‍ ആഹഌദത്തോടെയാണ് വരവേറ്റത്. 2014 ജനുവരി 14ന് ഉദ്ഘാടനം ചെയ്ത സ്‌റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് വരുന്നതോടെ മുഖഛായ തന്നെ മാറും. ഈ സംവിധാനമില്ലാതിരുന്നിട്ടുപോലും താല്‍ക്കാലിക രീതിയില്‍ നടത്തിയ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണികള്‍ വിജയിപ്പിച്ചെടുത്തിരുന്നു. സാമ്പത്തികമായി നഷ്ടം സംഭവിച്ചുവെങ്കിലും സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടും കാണികള്‍ സ്വീകരിച്ചു. സൗജന്യ പ്രവേശനത്തിലാണെങ്കിലും ദക്ഷിണമേഖലാ സബ്ജുനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഇവിടെ നടന്നു. ഫഌഡ്‌ലൈറ്റ് സംവിധാനത്തിനു പുറമെ താമസത്തിനും മറ്റും പര്യാപ്ത്മായ സംവിധാനമില്ലാത്തതാണ് പലപ്പോഴും പ്രധാന ടുര്‍ണമെന്റുകളൊക്കെ പയ്യനാട് നിന്നു വഴി തിരിഞ്ഞു പോവുന്നതിന് കാരണം. ഒരു സംസ്ഥാനത്തും ടിക്കറ്റ് വച്ച് നടത്താത്ത സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരം പോലും വിജയിപ്പിച്ചെടുത്തിട്ടും അധികൃതരുടെ അവഗണന തുടര്‍ക്കഥയാവുന്ന സമയത്താണ് അവിചാരിതമായി സ്റ്റേഡിയം മെച്ചപ്പെടുത്താന്‍ അനുമതി ലഭിച്ചത്. മാസം ഒരു ലക്ഷത്തിലേറെ രുപ ചെലവാക്കിയാണ് ഇപ്പോള്‍ സ്റ്റേഡിയം സംരക്ഷിച്ചുപോരുന്നത്. പുതിയ ഭരണാനുമതിക്ക് പിന്നില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു പുറമെ എം ഉമ്മര്‍ എംഎല്‍എയും ഇടപെട്ടിരുന്നു.
Next Story

RELATED STORIES

Share it