ഫഌക്‌സ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ  പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിന് പി.വി.സി. ഫഌക്‌സ് ഒഴിവാക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തൊട്ടാകെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി പോളി വിനൈല്‍ ക്ലോറൈഡ് ഫഌക്‌സ് വലിയതോതില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ പുനച്ചംക്രമണം ചെയ്യാന്‍ സാധിക്കാത്തതും കത്തിക്കുമ്പോള്‍ ഡയോക്‌സിന്‍, ഫ്യൂറാന്‍ പോലുള്ള വിഷരാസപദാര്‍ഥങ്ങള്‍ പുറംതള്ളുന്നതുമാണ്. മാത്രമല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനുതന്നെ ഇതു ഭീഷണിയാണ്.

ഇത്തരം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ക്കു പകരം അതേ ഗുണമേന്‍മയിലും വിലയിലും ലഭിക്കുന്ന റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തലീന്‍, തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും കമ്മീഷന്‍ അഭ്യര്‍ഥിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് 2015ല്‍ നടത്തുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ ഫഌക്‌സ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും പൊതു വീഥികളുടെ വശങ്ങളിലും പരസ്യാര്‍ഥം ഫഌക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതുമൂലം പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പി.വി.സി. ഫഌക്‌സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട് 2014 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it