പ്ലീനം നല്‍കുന്ന സന്ദേശം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് 

ബഹുജനപാതയിലെ വിപ്ലവപ്പാര്‍ട്ടിയാവുമെന്ന പ്രതിജ്ഞയോടെയാണ് സിപിഎമ്മിന്റെ കൊല്‍ക്കത്ത പ്ലീനം സമാപിച്ചത്. ശുദ്ധീകരിക്കപ്പെട്ട, ആരോഗ്യമുള്ള കുഞ്ഞായി പ്ലീനത്തില്‍ നിന്ന് പാര്‍ട്ടി പുറത്തുവന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്: സിപിഎമ്മിനകത്തും പുറത്തും നേരത്തേ ഉന്നയിച്ചുപോന്ന നയവ്യതിയാനങ്ങളെയും അതിന്റെ ഫലമായി ചെയ്തുകൂട്ടിയ തെറ്റുകളെയും സംബന്ധിച്ച് ആദ്യമായി നേതൃത്വം ഏറ്റുപറഞ്ഞിരിക്കുന്നു. തിരുത്താന്‍ തയ്യാറായിരിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം ഈ തെറ്റുകള്‍ ശരികളായി കാണാനും വിമര്‍ശനം ഉന്നയിക്കുന്നവരെ ആക്രമിച്ചു നശിപ്പിക്കാനും പാര്‍ട്ടിശത്രുക്കളായി പ്രഖ്യാപിക്കാനുമാണ് നേതൃത്വം ശ്രമിച്ചുപോന്നത്.
മനമില്ലാമനസ്സോടെയാണെങ്കിലും അതിനുള്ള പ്രായശ്ചിത്തം ചെയ്യാതെ പാര്‍ട്ടിയുടെ വിശ്വാസ്യത നിലനിര്‍ത്താനും പാര്‍ട്ടി വിട്ടുപോക്കു തടയാനും പാര്‍ട്ടിയിലേക്ക് ആളുകളെ അടുപ്പിക്കാനും കഴിയില്ലെന്നും ബോധ്യമായിരിക്കുന്നു. ഈ പ്രായശ്ചിത്തത്തിന്റെ പ്രതീകാത്മകമായ ചെറിയൊരു പ്രകടനമാണ് വി എസ് അച്യുതാനന്ദനു പ്ലീനം വേദിയില്‍ ഇടം നല്‍കിയതും സ്വീകരിച്ചതും. പാര്‍ട്ടിവിരുദ്ധനെന്നും നേതാവായി പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സമ്മേളനം തീരുമാനിച്ച് കേന്ദ്രനേതൃത്വത്തോട് തുടര്‍നടപടി ആവശ്യപ്പെട്ട ഒരാളെയാണ് പ്ലീനം വേദിയില്‍ നേതൃത്വത്തിന് ഉള്‍ക്കൊള്ളേണ്ടിവന്നത്.
പാര്‍ട്ടിനയത്തിന്റെയും സംഘടനാ ചട്ടങ്ങളുടെയും പേരില്‍ നടപ്പാക്കിപ്പോന്ന വ്യക്തിവിദ്വേഷത്തിന്റെയും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെയും ഈ ശൈലി പാടേ തിരുത്താതെ പിറകോട്ടല്ലാതെ മുന്നോട്ടുപോകാനാവില്ലെന്നു കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷത്തിനും ബോധ്യമുണ്ട്. പ്രശ്‌നം ഒരു വിഎസ് വിഷയത്തില്‍ ഒതുങ്ങുന്നതല്ലെന്നു മനസ്സിലാക്കി ഈ നിലപാട് തുടര്‍ന്നാല്‍ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന നിലയ്ക്ക് വലിയൊരു തിരിച്ചുവരവ് സിപിഎമ്മിനും ഇടതുപക്ഷത്തിനും നടത്താന്‍ കഴിയും. അതല്ല, ഇതെല്ലാം കേവലം അക്ഷരങ്ങളായി പ്രമേയത്തിലും റിപോര്‍ട്ടിലും വീണ്ടും ഒതുങ്ങുകയാണെങ്കില്‍ ഒരു പാഴ്ക്കടലാസ് പ്ലീനമെന്നോ പാഴായ പ്ലീനമെന്നോ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടിവരും.
പാര്‍ട്ടിയെ വിപ്ലവപ്പാര്‍ട്ടിയാക്കുമെന്ന് കൊല്‍ക്കത്ത പ്ലീനംവേദിയില്‍ നിന്നു പ്രഖ്യാപിക്കുമ്പോള്‍ തൊട്ടുരുമ്മി 36 വര്‍ഷക്കാലത്തെ ചരിത്രപാത നില്‍പുണ്ട്. ഇതേ കൊല്‍ക്കത്തയില്‍ 1978 ഡിസംബറിലെ ഇതേ തിയ്യതികളിലാണ് അഞ്ചു ദിവസം നീണ്ടുനിന്ന ചരിത്രപരമായ രണ്ടാമത്തെ പ്ലീനം സിപിഎം ചേര്‍ന്നത്. അതുവരെ ഇന്ത്യന്‍ ഇടതുപക്ഷത്തിനിടയില്‍ ഒരു വിപ്ലവകാരിയെന്ന നിലയിലാണ് സിപിഎം ചിന്തിച്ചതും പ്രവര്‍ത്തിച്ചുപോന്നതും. കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ അപൂര്‍വമായി അധികാരത്തിലും പാര്‍ലമെന്റേതര പാതയിലും ഒതുങ്ങിയും ഏതാണ്ട് ഒറ്റപ്പെട്ടും കഴിയുകയായിരുന്നു ഏറക്കുറേ സിപിഎം. ആ നില അവസാനിപ്പിച്ച് ഒരു വിപ്ലവ-ബഹുജന പാര്‍ട്ടിയാക്കി സിപിഎമ്മിനെ മാറ്റാനുള്ള തീരുമാനം സാല്‍കിയ പ്ലീനത്തില്‍ വച്ചാണ് കൈക്കൊണ്ടത്.
ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ അടയാളപ്പെടുത്തുംവിധം ഡല്‍ഹിയില്‍ കേന്ദ്ര ഓഫിസ് സജ്ജമാക്കിയതും വര്‍ഗ-ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കാനും നയിക്കാനുമുള്ള കേന്ദ്ര ആസ്ഥാനങ്ങള്‍ അവിടെ തുറന്നതും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ചലനശേഷിയുള്ള നേതൃത്വത്തിനു കീഴില്‍ സിപിഎം ഏകോപിപ്പിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയായാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം വിയോജിപ്പിന്റെ മേഖലകള്‍ മാറ്റിനിര്‍ത്തി ഊട്ടിയുണ്ടാക്കിയതും ഭരണപക്ഷത്തടക്കമുള്ള വര്‍ഗ-ബഹുജന സംഘടനകളുടെ സംയുക്ത പ്രക്ഷോഭങ്ങള്‍ ആഞ്ഞടിപ്പിക്കാനായതും ഇതിന്റെ ഫലമാണ്.
അങ്ങനെ അതിരുകളില്ലാതെ സിപിഎം വളര്‍ന്ന ഒരു കാലഘട്ടം. അതും സോവിയറ്റ് യൂനിയനിലും യൂറോപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാതയും തകര്‍ന്നമരുമ്പോള്‍. മൂന്നു സംസ്ഥാനങ്ങളില്‍ ഭരണം. വിവിധ സംസ്ഥാന നിയമസഭകളില്‍ പ്രാതിനിധ്യം. ലോക്‌സഭയില്‍ അറുപത്തഞ്ചോളം സീറ്റുകളില്‍ പ്രാതിനിധ്യം. കേന്ദ്രത്തില്‍ ഏതു ഗവണ്‍മെന്റ് വരണം, വരാതിരിക്കണം എന്നതില്‍ നിര്‍ണായക തീരുമാനം ഇടതുപക്ഷത്തിന്റെ കൈയിലാണെന്ന സ്ഥിതി. ബിഹാര്‍, യുപി, ഒഡീഷ, ജമ്മു-കശ്മീര്‍ തുടങ്ങി വിപുലമായ പരിധികളില്‍ നിന്നുയരുന്ന സിപിഎമ്മിന്റെ വേറിട്ട ശബ്ദം.
ഒരിക്കല്‍ കൂടി കൊല്‍ക്കത്തയില്‍ സിപിഎം സംഘടനാപ്രശ്‌നങ്ങള്‍ പ്ലീനം ചേര്‍ന്ന് അവലോകനം ചെയ്തപ്പോള്‍ മുമ്പിലുണ്ടായത് പാര്‍ട്ടിയുണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തിയതിന്റെ ബാക്കിപത്രമാണ്. ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന്, നേതൃത്വത്തിനു പോലും തിരിച്ചറിയാന്‍ കഴിയാത്ത രാസപരിണാമം സംഭവിച്ചിരിക്കുന്നു എന്ന ദുരന്തമാണ്. മൂന്നര പതിറ്റാണ്ടോളം അധികാരത്തിലിരുന്ന ബംഗാളില്‍ പോലും പഴയ നിലയിലേക്കു തിരിച്ചുവരണമെങ്കില്‍ പാര്‍ട്ടി പരിപാടി ഇപ്പോഴും വര്‍ഗശത്രുവായി പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് ഐയുമായി സഹകരിക്കണമെന്ന അവസ്ഥയിലാണ്. മുന്‍ഗണന നിശ്ചയിച്ച് പ്രവര്‍ത്തനം തീരുമാനിച്ച ഹിന്ദിമേഖലയിലുള്ള വേരുകള്‍ പോലും പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന വസ്തുതയാണ്.
ഇതിനൊക്കെ കാരണം ആഗോളവല്‍ക്കരണം സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റമാെണന്ന വ്യാഖ്യാനം സംഘടനാപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ തകര്‍ച്ചയ്ക്കും തിരിച്ചടിക്കുമുള്ള മറുപടിയാവുന്നില്ല. ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടിക്കകത്ത് ആശയസമരം നടത്തി പുറത്തായവര്‍ മുതല്‍ പാര്‍ട്ടി അനുഭാവികളായ ബുദ്ധിജീവികളും ചരിത്രകാരന്‍മാരും മറ്റ് ഇടതുപാര്‍ട്ടികളിലുള്ളവര്‍ പോലും നിരന്തരം ഓര്‍മിപ്പിച്ചതാണ്. അതെല്ലാം സ്വരുക്കൂട്ടി രേഖയാക്കി നേതൃത്വം ഇപ്പോഴെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനൊരുങ്ങി എന്നതാണ് ഗുണപരമായ കാര്യം.
വിപ്ലവ-ബഹുജനപ്പാര്‍ട്ടി കെട്ടിപ്പടുക്കുകയെന്ന സാല്‍കിയ പ്ലീനം തീരുമാനത്തിന്റെ ഉല്‍പന്നമായി 1998 വരെയുള്ള സിപിഎമ്മിന്റെ പാര്‍ലമെന്ററി തലത്തിലെയും ബഹുജനങ്ങള്‍ക്കിടയിലെയും പ്രവര്‍ത്തനം ഒന്നിച്ചുകൊണ്ടുപോവുക എന്ന യഥാര്‍ഥ അജണ്ട നടപ്പാക്കുന്നതില്‍ പാര്‍ട്ടിനേതൃത്വത്തിനു തെറ്റു പറ്റി. അതാണ് സിപിഎമ്മിനെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് അധികാരത്തിന്റെ നടത്തിപ്പുകാരായപ്പോള്‍ വിപ്ലവമൂല്യങ്ങള്‍ നഷ്ടപ്പെട്ട് അഴിമതിയടക്കമുള്ള മുതലാളിത്ത ദുഷ്പ്രഭുത്വത്തിന്റെ വാലായി പാര്‍ട്ടി മാറി.
പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ മുഖ്യ ചുമതല ഈ വിഭാഗീയത തീര്‍ക്കലും പാര്‍ലമെന്ററി അധികാരവുമായി ബന്ധപ്പെട്ട അടവുനയങ്ങള്‍ ആവിഷ്‌കരിക്കലും മറ്റുമായിരുന്നു. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാപരമായി എടുത്ത കടമകളും പ്രവര്‍ത്തനശൈലിയും ചുമതലകളും കീഴ്‌മേല്‍ മറിച്ചതിനും നേതൃത്വം തന്നെയാണ് ഉത്തരവാദി. പിബി അംഗങ്ങള്‍ തൊട്ടുള്ള നേതാക്കളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട കീഴ്ഘടകങ്ങളും പ്രവര്‍ത്തിക്കാതായതിനു വിഭാഗീയതയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. 2000നു ശേഷമുള്ള കേന്ദ്ര കമ്മിറ്റി-പിബി അംഗങ്ങളുടെ പ്രവര്‍ത്തന അജണ്ട പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. പേരില്‍ മാര്‍ക്‌സിസ്റ്റാണെങ്കിലും ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദീര്‍ഘദര്‍ശിത്വവും മാനുഷിക പരിഗണനയും ജനപ്രതിബദ്ധതയുമുള്ള നേതൃവൃന്ദം സിപിഎമ്മിന് ഇല്ലാതെവന്നത് അതുകൊണ്ടാണ്.
വിപ്ലവം ചോര്‍ന്ന് കേവലം ബഹുജന പാര്‍ട്ടിയായെന്നു നിലവിളിച്ചതുകൊണ്ടായില്ല. സ്‌കാന്‍ റിപോര്‍ട്ടുകള്‍ ആവര്‍ത്തിച്ചെടുത്ത് രോഗനിര്‍ണയം ചര്‍ച്ച ചെയ്തതുകൊണ്ടുമായില്ല. അടിയന്തര ശസ്ത്രക്രിയക്കും ആരോഗ്യ വീണ്ടെടുപ്പിനുമാണ് ശ്രമിക്കേണ്ടത്. പ്രവര്‍ത്തനത്തിന്റെ ഒരു നൂറ്റാണ്ടിലേക്കു നീങ്ങുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അക്കാര്യത്തിലാണ് ഏകീകരിച്ച തീരുമാനവും ശക്തമായ നിലപാടും എടുക്കേണ്ടത്.
മറ്റൊരവസരം കിട്ടാന്‍ സാധ്യമാവാത്തവിധം ഇടതുപക്ഷത്തിന്റെ ഇടം രാജ്യത്തു മാത്രമല്ല, ജനങ്ങളടെ മനസ്സിലും നഷ്ടപ്പെടുകയാണെന്നുകൂടി അവര്‍ തിരിച്ചറിയണം. തങ്ങള്‍ പിന്‍വാങ്ങിയ ഇടങ്ങളില്‍ സാമ്രാജ്യത്വത്തിന്റെ പുതുസേവകരും കപട ജനപക്ഷ നിലപാടുകളുമായി തീവ്രവര്‍ഗീയതയുടെ പുതിയ പടത്തലവന്‍മാരും ഇറങ്ങിയിരിക്കുകയാണ്. അവസാന അവസരത്തിന്റേതായ ഈ ബസ്സും വിട്ടുപോവും മുമ്പ് സിപിഎം നേതൃത്വം സ്വന്തം ചുമതല നൂറു ശതമാനം ഉറപ്പുവരുത്തുമോ എന്നാണ് അണികളും അനുഭാവികളും ഉറ്റുനോക്കുന്നത്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍) $
Next Story

RELATED STORIES

Share it