Middlepiece

പ്ലീനം തുടങ്ങുമ്പോള്‍ ചില ശുഭചിന്തകള്‍

പ്ലീനം തുടങ്ങുമ്പോള്‍ ചില ശുഭചിന്തകള്‍
X
slug--indraprasthamഅങ്ങനെ വീണ്ടും പ്ലീനം തുടങ്ങുകയായി. നാലുപതിറ്റാണ്ടു മുമ്പ് ഒരു പ്ലീനം നടന്നിരുന്നു. സാല്‍കിയ പ്ലീനം എന്ന് സിപിഎം ചരിത്രത്തില്‍ അറിയപ്പെടുന്ന മഹാസംഭവം. പ്ലീനം അംഗീകരിച്ച റിപോര്‍ട്ടും മറ്റും പാര്‍ട്ടിക്കകത്തും പുറത്തും വ്യാപകമായി വിതരണംചെയ്യപ്പെടുകയുണ്ടായി. പാര്‍ട്ടിയെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്തണം, എങ്ങനെ അടിത്തറ വിപുലീകരിക്കണം, എങ്ങനെ പാര്‍ട്ടിയെ രാജ്യത്തെ പ്രധാന ശക്തിയായി മാറ്റാം എന്നൊക്കെയാണ് 1978ല്‍ സാല്‍കിയയില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തത്. അതുകഴിഞ്ഞ് ഗംഗയിലൂടെ ഒരുപാട് ജലം ഒഴുകിപ്പോയി. പാര്‍ട്ടി എഴുപതുകളില്‍നിന്നു തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ ഇന്ത്യയെ ഭരിക്കുന്ന കോണ്‍ഗ്രസ്-ബിജെപി ഇതര ജനാധിപത്യകക്ഷികളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി. കേന്ദ്രത്തില്‍ അധികാരം കൈയാളിയില്ലെങ്കിലും തൊണ്ണൂറുകളില്‍ ഐക്യമുന്നണി മന്ത്രിസഭകളുടെയും 2009ല്‍ യുപിഎ മന്ത്രിസഭയുടെയും പിന്നിലെ നിര്‍ണായകശക്തിയായി.
അതിനുശേഷമുണ്ടായ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. പൂന്താനം പറഞ്ഞപോലെ തണ്ടിലേറി നടന്നവന്റെ തോളില്‍ മാറാപ്പു കേറ്റിയ അവസ്ഥയിലായി പാര്‍ട്ടി. കേന്ദ്രത്തില്‍ അധികാരം വേണ്ടെന്നു പറഞ്ഞ പാര്‍ട്ടി സംസ്ഥാനങ്ങളില്‍ തങ്ങളുടെ അടിത്തറ തകരുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുനില്‍ക്കുകയാണ്. ബംഗാളിലെ തകര്‍ച്ച സോവിയറ്റ് യൂനിയന്റെ തകര്‍ച്ചപോലെ അതിഗംഭീരമായിരുന്നു. അതില്‍നിന്ന് ഒരു തിരിച്ചുവരവ് സാധ്യമാണോ എന്നു ചോദിച്ചാല്‍ ഇത്രയുംകാലം ജനങ്ങള്‍ കണ്ടു പരിചയിച്ച പാര്‍ട്ടിയാണ് തിരിച്ചുവരുന്നതെങ്കില്‍ വേണ്ട എന്നു മാത്രമേ ജനം പറയുകയുള്ളു. അത്രമേല്‍ ജനങ്ങള്‍ക്ക് അസഹ്യമായി മാറിയിരുന്നു പാര്‍ട്ടിയുടെ ഭരണം ബംഗാളില്‍.
ബംഗാളിലേതുപോലെ നാറിയില്ലെങ്കിലും കേരളത്തിലും സ്ഥിതി വളരെ വ്യത്യസ്തമായിരുന്നില്ല. പാര്‍ട്ടിയുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്ത് ശ്രദ്ധേയമായ ഒരുപാടു ഭരണനടപടികളുണ്ടായി. വിവിധ മേഖലകളില്‍ പ്രതീക്ഷയുണര്‍ത്തുന്ന പല ഭരണനടപടികള്‍ക്കും തുടക്കംകുറിച്ചു.
പിന്നീടുണ്ടായ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിനാണ് എല്‍ഡിഎഫ് പിന്നിലായിപ്പോയത്. കാരണം പാര്‍ട്ടിയിലെ ഭിന്നത.നേതാക്കള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥ. വൈകാതെ അതു കീഴ്ഘടകങ്ങളിലുമെത്തി. നേതാക്കള്‍ വലിയ വടവൃക്ഷങ്ങളായി വേരുപിടിച്ചു. തങ്ങളുടെ ആശ്രിതരാണ് ജനവും പാര്‍ട്ടി അണികളും എന്ന നിലപാടായി. തമ്മിലടിയും തൊഴുത്തില്‍ക്കുത്തും പാരവയ്പും പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ ഭാഗമായി.
അങ്ങനെ അസ്തമയത്തിന്റെ ഘട്ടത്തിലേക്കു കാല്‍വച്ച ഒരു പാര്‍ട്ടിയെ വീണ്ടും എങ്ങനെ സജീവമാക്കാം, എങ്ങനെ ജനഹൃദയങ്ങളിലേക്കു തിരിച്ചുകൊണ്ടുവരാം എന്ന ചോദ്യമാണ് കൊല്‍ക്കത്തയില്‍ ഇന്ന് ആരംഭിക്കുന്ന സിപിഎം പ്ലീനത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യം.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ബഹുജനമുന്നേറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റുകയും ചെയ്യുകയെന്നത് പ്രധാനമാണ്. ഇതു പാര്‍ട്ടി മാത്രമല്ല, സാധാരണ ജനങ്ങളും ഇന്നു തിരിച്ചറിയുന്നുണ്ട്. കാരണം, തീവ്ര വര്‍ഗീയ ശക്തികളാണ് രാജ്യം ഭരിക്കുന്നത്. മതേതരത്വവും ജനാധിപത്യവും രാജ്യത്ത് ഗുരുതരമായ ഭീഷണി നേരിടുകയാണ്. ഇന്ന് ഇന്ത്യ നേരിടുന്ന ഭീഷണികള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണമെന്ന കാര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പുണ്ട്. അതിനു ചിന്താപരമായ നേതൃത്വം കൊടുക്കാന്‍ കഴിവുള്ള കൂട്ടര്‍ കമ്മ്യൂണിസ്റ്റുകളാണ് എന്ന കാര്യത്തിലും ആര്‍ക്കുമില്ല തര്‍ക്കം.
എന്നുവച്ചാല്‍ പാര്‍ട്ടിയില്‍ ഐക്യവും യോജിപ്പും നിലനിര്‍ത്തുക എന്നത് ഇന്നു സിപിഎമ്മിന്റെ മാത്രം ആവശ്യമല്ല. രാജ്യത്തെ സാധാരണ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. രാജ്യത്ത് പുതിയൊരു മതേതര ബദല്‍ ഉയര്‍ന്നുവരണം. അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അത്തരം അന്തരീക്ഷത്തിലാണ് പ്ലീനം നടക്കുന്നത്. സ്വാഭാവികമായും ജനങ്ങള്‍ക്കിടയിലെ ഈ മാറുന്ന നിലപാടുകള്‍ പാര്‍ട്ടിയെ വീണ്ടും ശരിയായ പാതയിലേക്കു തിരിച്ചുകൊണ്ടുവന്നുകൂടായ്കയില്ല.
ഇനി എന്തുസംഭവിച്ചാലും സാധാരണ ജനത്തിന് ശുഭപ്രതീക്ഷ വച്ചുപുലര്‍ത്താനുള്ള അവകാശമെങ്കിലും ഉണ്ടല്ലോ! $
Next Story

RELATED STORIES

Share it