പ്ലാസ്റ്റിക് വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്തത് 22 ലക്ഷം പേര്‍ക്കു മാത്രം

പി പി ഷിയാസ്

തിരുവനന്തപുരം: കേരളത്തില്‍ ഇതേവരെ പുതിയ പ്ലാസ്റ്റിക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തത് 22 ലക്ഷം പേര്‍ക്കു മാത്രം. പഴയ പേപ്പര്‍ വോട്ടര്‍ ഐഡി കാര്‍ഡിനു പകരം കളര്‍ ഫോട്ടോ പതിച്ച പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ചീഫ് ഇലക്ട്രറല്‍ ഓഫിസറുടെ നേതൃത്വത്തിലാണ്.
ആറുമാസം മുമ്പാണ് ഓണ്‍ലൈന്‍ വഴിയും പിന്നീട് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയും വിവരശേഖരണം നടത്തി അപേക്ഷാ ഫോറം പൂരിപ്പിച്ചുവാങ്ങുന്ന നടപടിയാരംഭിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ പുതുതായി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുന്ന 18 വയസ്സ് തികഞ്ഞ ആളുകള്‍ക്ക് നിലവില്‍ കളര്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ തന്നെയാണു നല്‍കിവരുന്നത്. എന്നാല്‍, പഴയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശമുള്ള ആളുകള്‍ക്ക് പുതിയ പ്ലാസ്റ്റിക് കാര്‍ഡുകള്‍ ലഭ്യമാക്കുന്ന നടപടിയാണു പൂര്‍ത്തിയാവാത്തത്.
ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പൂര്‍ത്തിയാവുമെന്നാണു കരുതുന്നതെന്ന് അഡീഷനല്‍ സെക്രട്ടറി ഓഫ് ചീഫ് ഇലക്ട്രറല്‍ ഓഫിസര്‍ സാബു പോള്‍ സെബാസ്റ്റിയന്‍ തേജസിനോടു പറഞ്ഞു.
അതേസമയം, 2016ലേക്കുള്ള സംക്ഷിപ്ത വോട്ടര്‍പ്പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ അന്തിമ പട്ടിക ജനുവരി 11നു പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് ചീഫ് ഇലക്ട്രറല്‍ ഓഫിസിന്റെ വിലയിരുത്തല്‍. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ ഈ മാസം 15 മുതല്‍ നവംബര്‍ 2 വരെ ലഭിക്കുന്ന പഴയ ഐഡി കാര്‍ഡ് മാറ്റാനുള്ള അപേക്ഷകള്‍ പരിഗണിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
ഓണ്‍ലൈനില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നതാണ് മറ്റൊരു കാരണം. എന്നാല്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയും ഓണ്‍ലൈന്‍ വഴിയും വിവരശേഖരണത്തിനു തടസ്സമൊന്നുമുണ്ടാവില്ല.
അതേസമയം, പലയിടത്തും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ തിരഞ്ഞുപിടിച്ച് അപേക്ഷാ ഫോറങ്ങള്‍ വാങ്ങേണ്ട സ്ഥിതിയാണെന്ന പരാതിയുണ്ട്. ഇവരെ കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു. സംക്ഷിപ്ത വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷ പരിഗണിക്കല്‍ പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
നിലവില്‍ ബിഎല്‍ഒമാര്‍ വീട്ടില്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ചുപോയാല്‍ മൂന്നുമാസത്തിനകം പുതിയ കാര്‍ഡ് ലഭ്യമാക്കുമെന്നാണ് ചീഫ് ഇലക്ട്രറല്‍ ഓഫിസ് പറയുന്നത്. എന്നാല്‍, മാസങ്ങള്‍ക്കു മുമ്പ് കളര്‍ പ്ലാസ്റ്റിക് കാര്‍ഡിനുള്ള വിവരങ്ങള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വാങ്ങിപ്പോയിട്ടും ഇതേവരെ കാര്‍ഡ് ലഭിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പുതിയ കാര്‍ഡിനായുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധിയായോ അല്ലാതെയോ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ അവരെ മാറ്റി പുതിയ ആളെ നിയമിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 2,49,88,498 വോട്ടര്‍മാരാണ് ഉള്ളത്. 1,29,81,301 സ്ത്രീകളും 1,20,07,115 പുരുഷന്മാരുമാണ്.
Next Story

RELATED STORIES

Share it