പ്ലാസ്റ്റിക് മുക്തമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ പ്രോട്ടോകോള്‍. സംസ്ഥാന ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ 17 സ്‌കൂളുകളില്‍നിന്നുള്ള 350 വിദ്യാര്‍ഥികള്‍ ഈ ഉദ്യമത്തിനു തയ്യാറായിരിക്കുന്നത്.
സ്‌കൂള്‍ കലോല്‍സവ വേദികളിലേക്കു കുപ്പികളടക്കമുള്ള പ്ലാസ്റ്റിക്കുമായി കയറുന്നവരില്‍നിന്നു പത്തു രൂപ വാങ്ങി സ്റ്റിക്കര്‍ നല്‍കി വിടും. സ്റ്റിക്കറൊട്ടിച്ച പ്ലാസ്റ്റിക് സാധനങ്ങളുമായി വേദിയില്‍നിന്നിറങ്ങുന്നവര്‍ക്ക് പത്തു രൂപ തിരികെ നല്‍കും.
ഇതോടൊപ്പം ഉപേക്ഷിക്കുന്ന കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ കൈപ്പറ്റുകയും ചെയ്യും. ഇങ്ങനെ കൈപ്പറ്റുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുകയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാടി.
നാഷനല്‍ ഗെയിംസില്‍ ഈ പദ്ധതി നടപ്പാക്കി വിജയം കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലോല്‍സവത്തിനും ഇതു നടപ്പാക്കി. സ്‌കൂള്‍ അധികൃതരുടെ പൂര്‍ണ പിന്തുണയും ഈ പദ്ധതിക്കുണ്ട്. കലോല്‍സവ വേദിയിലെ കവാടത്തിലാണ് ഗ്രീന്‍പെര്‍ഫക്ടുകാര്‍ അവരുടെ സേവനം കാഴ്ചവയ്ക്കുന്നത്. പദ്ധതി വന്‍ വിജയമാണെന്നും കലോല്‍സവം കഴിഞ്ഞ് വേദിയൊഴിയുമ്പോള്‍ പ്ലാസ്റ്റിക് മുക്തമായിരിക്കണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Next Story

RELATED STORIES

Share it