പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല് രാഷ്ട്രപതി മടക്കി

തിരുവനന്തപുരം: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ല് രാഷ്ട്രപതി തിരിച്ചയച്ചു. പരിസ്ഥിതി നാശത്തിന് കൊക്കക്കോല കമ്പനിയില്‍ നിന്ന് കുറഞ്ഞത് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കുന്ന ബില്ലാണ് മടക്കിയത്.
അതേസമയം, ബില്ല് തിരിച്ചയച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതി മടക്കിയതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബില്ല് സംസ്ഥാനത്തിന് തിരിച്ചയക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ ബില്ലില്‍ പ്രതീക്ഷയര്‍പ്പിച്ച പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലെ 900ത്തോളം കുടുംബങ്ങളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും കാത്തിരിപ്പ് വിഫലമായി. സംസ്ഥാനത്തിന്റേതായ പുതിയ നിയമനിര്‍മാണം നടത്തുക മാത്രമാണ് സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള പോംവഴി. 2011 ഫെബ്രുവരിയില്‍ സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ല് 5 വര്‍ഷം വൈകിപ്പിച്ചതിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചത്.
കൊക്കകോല കമ്പനി നടത്തിയ പ്രകൃതി ചൂഷണത്തിനുള്ള നഷ്ടപരിഹാരം പ്ലാച്ചിമട നിവാസികള്‍ക്ക് നല്‍കുന്നതിനായാണ് ട്രൈബ്യൂണല്‍ ബില്ല് പാസാക്കിയത്. കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ട്രൈബ്യൂണല്‍ ബില്ല് തയ്യാറാക്കിയത്. കൊക്കകോല കമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിച്ച പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് 216 കോടിയുടെ നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു ബില്ലിലെ പ്രധാന ശുപാര്‍ശ.
കൊക്കകോല കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനു പുറമേ ജലനിയമപ്രകാരവും പട്ടികജാതി പട്ടികവര്‍ഗാതിക്രമ നിരോധന നിയമപ്രകാരവും കമ്പനിക്കെതിരേ കേസെടുക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ല് ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ചു. മറ്റ് നിയമതടസ്സങ്ങള്‍ ഇല്ലാതാവാന്‍ വേണ്ടിയാണ് രാഷ്ട്രപതിക്ക് അയച്ചത്. എന്നാല്‍, വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം നേടിയെങ്കിലും രാഷ്ട്രപതിയുടെ പരിഗണനയിലേക്ക് ബില്ല് എത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചു.
ഗ്രീന്‍ ട്രൈബ്യൂണലിന്റെ ചില വ്യവസ്ഥകളെ ബില്ല് ഖണ്ഡിക്കുന്നെന്ന ആക്ഷേപം നേരത്തെ കേന്ദ്രം ഉന്നയിച്ചിരുന്നു. ഇക്കാരണം കാട്ടി നേരത്തെ ബില്ല് കേന്ദ്രം രാഷ്ട്രപതിക്ക് അയക്കാതെ സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണമാരാഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവിധ ഭാഗത്തു നിന്നുയര്‍ന്ന സമ്മര്‍ദം മൂലമാണ് ബില്ല് തിരിച്ചയച്ചതെന്ന് പ്ലാച്ചിമട ഉന്നതാധികാരസമിതിയംഗം ഡോ. എസ് ഫൈസി പ്രതികരിച്ചു.
Next Story

RELATED STORIES

Share it