Idukki local

പ്ലസ് വണ്‍ പ്രവേശനം; പിടിഎ ഫണ്ടിന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്

എ ജയകുമാര്‍

ചെങ്ങന്നൂര്‍: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലകം വഴി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കൂളുകളിലെ പിടിഎ ഫണ്ടിന്റെ പേരില്‍ 500 മുതല്‍ 5000 രൂപ വരെ പിരിയ്ക്കുന്നു. സ്‌കൂള്‍ കെട്ടിട ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് തുടങ്ങി വിവിധ പേരുകളിലാണ് പണം തട്ടിയെടുക്കുന്നത്.
പിടിഎ ഫണ്ട് എന്ന പേരില്‍ 500 രൂപയിലധികം നിര്‍ബന്ധിച്ചു വാങ്ങരുത് എന്ന് നിര്‍ദേശമുള്ളപ്പോഴാണ് ഈ കൊള്ളപ്പിരിവ് നടത്തുന്നത്. ആദ്യഘട്ടത്തി ല്‍ ഏകജാലകം വഴി പ്രവേശന ം ലഭിച്ചത് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കുട്ടികള്‍ക്കാണ്. ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രവേശനം കൊടുക്കാന്‍ പ്രധാന അധ്യാപകരോടൊപ്പം ഒന്നോ രണ്ടോ സഹായികള്‍ മതിയെന്നിരിക്കെ പിടിഎ പ്രസിഡന്റ്, മറ്റ് അധ്യാപകര്‍ തുടങ്ങി അഞ്ചിലധികം പേരുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ച് വിദ്യാര്‍ഥിയേയും രക്ഷകര്‍ത്താവിനേയും ഇന്റര്‍വ്യൂ ഹാളിലേക്ക് വിളിപ്പിച്ച് പിഎസ്‌സിയെ വെല്ലുന്ന തരത്തില്‍ ചോദ്യങ്ങ ള്‍ ചോദിച്ച് അങ്കലാപ്പിലാക്കി വസ്ത്രങ്ങളുടേതടക്കം വില കണക്കാക്കി ആയിരങ്ങളാണ് പിടിഎ ഫണ്ടിലേക്ക് ചില എയ്ഡഡ് സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും ആവശ്യപ്പെടുന്നത്.
കൊടുക്കാന്‍ മടിക്കുന്ന രക്ഷാകര്‍ത്താക്കളോട് കുട്ടിക്ക് പ്രവേശനം നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയും ചെയ്യും. എന്നാല്‍ ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചത് കുട്ടിയുടെ കഴിവുകൊണ്ടാണെന്നും സ്‌കൂളിന്റെ ഔദാര്യം കൊണ്ടല്ലെന്നും തര്‍ക്കിക്കുന്ന രക്ഷാകര്‍ത്താവിനെ രഹസ്യമായി മാറ്റി നിര്‍ത്തി അനുനയിപ്പിച്ച ശേഷം പ്രവേശനം കൊടുക്കാറുണ്ട്. ഏകജാലകം വഴി പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ അഡ്മിഷന്‍ ഫീസ്, ലൈബ്രറി ഫീസ്, കോഷന്‍ ഡിപ്പോസിറ്റ്, ലബോറട്ടറി ഫീസ് ഉള്‍പ്പെടെ പരമാവധി 500 രൂപ വരെ നല്‍കിയാല്‍ മതിയെന്നിരിക്കെ നിബന്ധനകള്‍ അറിയാതെ എത്തുന്ന സ്ത്രീകളടക്കമുള്ള രക്ഷാകര്‍ത്താക്കള്‍ ആണ് കബളിക്കപ്പെടുന്നത്.
മുമ്പ് സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ വാങ്ങി പ്രവേശനം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ വ്യപകമായ പണപ്പിരിവ് നടത്തുന്നത് പരാതി ആയതൊടെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഏകജാലകം വഴി പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് നിയമാനുസരണം അല്ലാത്ത മറ്റൊരു ഫീസും കൊടുക്കാന്‍ ബാധ്യതയില്ലെന്നിരിക്കേ സര്‍ക്കാര്‍ സ്‌കൂളുകളടക്കം നടത്തുന്ന ഇത്തരം തട്ടിപ്പ് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
മുന്‍വര്‍ഷങ്ങളില്‍ മികച്ച വിജയശതമാനം നേടിയ സ്‌കൂളുകളാണ് ഇതില്‍ മുമ്പില്‍ നില്‍ക്കുന്നത്. തങ്ങളുടെ സ്‌കൂളില്‍ പ്രവേശനം കിട്ടണമെങ്കില്‍ പണം നല്‍കിയേ മതിയാകൂ എന്ന് അധ്യാപകരടക്കം ആവശ്യപ്പെടുമ്പോള്‍ ഗത്യന്തരമില്ലാതെ രക്ഷാകര്‍ത്താക്കള്‍ പണം കൊടുക്കാന്‍ നിര്‍ബന്ധിതരായി പോവുകയാണ്.
Next Story

RELATED STORIES

Share it