kannur local

പ്ലസ്‌വണ്‍ പ്രവേശനം: സീറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍; ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുറത്താവും

ഹനീഫ എടക്കാട്

കണ്ണൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഇന്നലെ കഴിഞ്ഞതോടെ ഒന്നരലക്ഷം വിദ്യാ ര്‍ഥികളും ക്ലാസിന് പുറത്താവുമെന്ന് വ്യക്തമായി. ഇന്നലെ വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന സമയം. വൈകീട്ട് അഞ്ചുവരെ 5,18,410പേരുടെ അപേക്ഷ ഓണ്‍ലൈനില്‍ ലഭിച്ചിട്ടുണ്ട്.
ഇതില്‍ എസ്എസ്എല്‍സി വിഭാഗം 4,53,582, സിബിഎസ്ഇ 49029, ഐസിഎസ്ഇ-3700, മറ്റുള്ളവര്‍-12099 എന്നിങ്ങനെയാണ് പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയവരുടെ എണ്ണം. എന്നാല്‍ സംസ്ഥാനത്ത് പ്ലസ് വണ്ണിന് ആകെ 3,56,730 സീറ്റുകള്‍ മാത്രമേയുള്ളു. ഗവ.—, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലെ സീറ്റുകളടക്കമാണ് ഇത്. ഇതോടെ, അപേക്ഷിച്ച പലര്‍ക്കും പ്ലസ് വണ്ണിന് ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വരും. കൂടാതെ, പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിഷയവും ലഭിക്കില്ല. സംസ്ഥാനത്ത് 2071 എച്എസ്എസ്സിലായി സയന്‍സ്-1,83982ഉം ഹ്യൂമാനിറ്റീസ്-68838ഉം കൊമേഴ്‌സ്-1,03,910ഉം സീറ്റാണുള്ളത്.
1,61,680അപേക്ഷയാണ് സീറ്റിനേക്കാള്‍ കൂടുതലായി ലഭിച്ചത്. മലപ്പുറത്ത് നിന്നാണ് കൂടുതല്‍ അപേക്ഷകരുള്ളത്-82,275. എന്നാല്‍ ഇവിടെ ആകെ സീറ്റുള്ളത്-—51,736ആണ്. കോഴിക്കോട് 52049 ഉം പാലക്കാട് 46310 ഉം അപേക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോഴിക്കോട്-33722ഉം പാലക്കാട്- 27186 —സീറ്റ് മാത്രമാണ് ഉള്ളത്. ഏറ്റവും കറവ് അപേക്ഷകള്‍ വയനാട്, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നാണ്. യഥാക്രമം 12617,17945, 19785 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം.സീറ്റ് കിട്ടാതെ പുറത്താവുന്നവ വിദ്യാര്‍ഥികളുടെ എണ്ണം മലബാറിലാണ് കൂടുതല്‍. തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങി തെക്കന്‍ജില്ലകളിലെ അപേക്ഷരുടെയും സീറ്റുകളുടെയും എണ്ണത്തിലെ അന്തരം കുറവാണ്. അതേ സമയം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ അപേക്ഷകരുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരം ഞെട്ടിപ്പിക്കുന്നതാണ്. പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ സീറ്റിനേക്കാള്‍ കേവലം 2878 അപേക്ഷകള്‍ മാത്രമാണ് കുടുതല്‍. ഇവര്‍ക്ക് ഐടിഐ, പോളി തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. അതേ സമയം, മലപ്പുറത്ത് സീറ്റിനേക്കാള്‍ 30539 അപേക്ഷകര്‍ കൂടുതലുണ്ട്.
കോഴിക്കോട് 18277 അപേക്ഷയാണ് കൂടുതല്‍. കണ്ണൂരില്‍ 12190 അപേക്ഷകര്‍ക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കില്ല.
Next Story

RELATED STORIES

Share it