kozhikode local

പ്രേംനാഥിനെതിരായ നടപടി വടകര മേഖലയില്‍ പ്രതിഫലിക്കും

വടകര: ജനതാദള്‍ എസ് ദേശീയ കമ്മിറ്റിയംഗവും മുന്‍ എം എല്‍എയുമായ അഡ്വ. എംകെ പ്രേംനാഥിനെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടി വടകര മേഖലയില്‍ ചനങ്ങള്‍ സൃഷ്ടിക്കും. ജനതാദള്‍ (എസ്) ഈ മാസം 30ന് ചേരുന്ന യോഗത്തില്‍ പ്രേംനാഥിനെതിരായ നടപടിയില്‍ ഉറച്ചു നിന്നാല്‍ വടകര മേഖലയില്‍ പാര്‍ട്ടിയില്‍ അടിയൊഴുക്ക് സംഭവിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ജനതാപരിവാര്‍ ശക്തികള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി ജനതാദള്‍ യു നേതാവ് എം പി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയതാണ് പ്രേംനാഥിനെതിരായ നടപടിക്ക് കാരണം. മാത്യൂ ടി തോമസ് വ്യക്തിപരമായി താല്‍പര്യമെടുത്താണ് സസ്‌പെന്റ് ചെയ്യിപ്പിച്ചതെന്നാണ് പ്രേംനാഥുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.
ജനതാപരിവാര്‍ ലയനം നടന്നാല്‍ കേരളത്തില്‍ അധ്യക്ഷ സ്ഥാനത്ത് വീരേന്ദ്ര കുമാര്‍ എത്തുമെന്നും അതിന് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാത്യൂ ടി തോമസ് പ്രേംനാഥിനെതിരേ തിടുക്കത്തില്‍ നടപടി എടുപ്പിച്ചതെന്നുമാണ് ആക്ഷേപം.2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഢലത്തില്‍ നിന്ന് പരാജയപ്പെട്ടതോടെയാണ് സോഷ്യലിസ്റ്റ് ജനതയുമായി പ്രേംനാഥ് അകലുന്നത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിനെതിരേ തുടര്‍ച്ചയായി നടത്തിയ പ്രസ്താവനകളും പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് ജനതാദള്‍ എസിലേക്ക് പോവാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
വടകര മേഖലയില്‍ പ്രേംനാഥിന് നിസാരമല്ലാത്ത സ്വാധീനമുണ്ട് വടകര നഗരസഭയിലും അഴിയൂര്‍, ചോറോട്, ഏറാമല പഞ്ചായത്തുകളിലും പ്രേംനാഥിനെ പിന്തുണക്കുന്നവരാണ് പാ ര്‍ട്ടിയില്‍ ഏറെയും. നടപടിയുടെ ഭാഗമായി പ്രേംനാഥ് ജെ ഡിഎസിലേക്ക് തിരിച്ചുപോയാല്‍ അണികളിലും അത് ചലനമുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അത്തരം അടിയൊഴുക്കുകള്‍ മേഖലയില്‍ ജനതാദള്‍ എസിനും ഇടതു മുന്നണിക്ക് തിരിച്ചടിയാവും.
അതേസമയം, ജെ ഡി എസ് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുമായി പ്രേംനാഥിനുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ജെ ഡി എസിലേക്കുള്ള പ്രേംനാഥിന്റെ തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് കരുതുന്നവരുമുണ്ട്.
Next Story

RELATED STORIES

Share it