പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ വീണു; സിറ്റിക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരും വമ്പന്‍മാരുമായ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് 23ാം റൗണ്ട് പോരാട്ടങ്ങളില്‍ തിരിച്ചടി. സീസണില്‍ സ്ഥിരത കണ്ടെത്താന്‍ വിഷമിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി പിണഞ്ഞപ്പോള്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില നേരിട്ടു.
ഹോംഗ്രൗണ്ടില്‍ സതാംപ്റ്റനാണ് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്ററിനെ വീഴ്ത്തിയത്. എന്നാല്‍, എവേ മല്‍സരത്തില്‍ സിറ്റി 2-2ന് വെസ്റ്റ്ഹാമിനോട് സമനില കൈക്കലാക്കുകയായിരുന്നു. അതേസമയം, ലീഗിലെ കറുത്ത കുതിരകളും ഒന്നാംസ്ഥാനക്കാരുമായ ലെസ്റ്റര്‍ സിറ്റി 23ാം റൗണ്ട് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കി.
ഹോംഗ്രൗണ്ടില്‍ സ്‌റ്റോക്ക് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ തുരത്തിയത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-1ന് ക്രിസ്റ്റല്‍ പാലസിനെയും വാഡ്‌ഫോര്‍ഡ് 2-1ന് ന്യൂകാസിലിനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്‌ബ്രോം-ആസ്റ്റന്‍ വില്ല (0-0), സണ്ടര്‍ലാന്റ്-ബേണ്‍മൗത്ത് (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
മാഞ്ചസ്റ്ററിനെതിരേ പകരക്കാരനായിറങ്ങിയ ചാര്‍ലി ഓസ്റ്റിനാണ് സതാംപ്റ്റന്റെ വിജയഗോള്‍ നേടിയത്. 87ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഹെഡ്ഡറിലൂടെ താരം ഗോളാക്കി മാറ്റുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ക്യൂപിആറില്‍ നിന്ന് സതാംപ്റ്റനിലെത്തിയ ഓസ്റ്റിന്റെ ക്ലബ്ബിലെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സീസണില്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ ആറാം തോല്‍വി കൂടിയായിരുന്നു ഇത്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വെസ്റ്റ്ഹാമിനെതിരേ സിറ്റി സമനില പിടിച്ചുവാങ്ങിയത്. മല്‍സരത്തില്‍ ഓരോ തവണയും പിന്നില്‍ നിന്നതിനു ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. കളി തുടങ്ങി 53ാം സെക്കന്‍ഡില്‍ തന്നെ വെസ്റ്റ്ഹാം മുന്നിലെത്തിയിരുന്നു. ഒമ്പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയിലൂടെ സിറ്റി ഒപ്പമെത്തി. 56ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയിലൂടെ വീണ്ടും മുന്നിലെത്തിയെങ്കിലും 81ാം മിനിറ്റില്‍ അഗ്വേറോ സിറ്റിക്കു സമനില നേടിക്കൊടുക്കുകയായിരുന്നു.
സ്‌റ്റോക്കിനെതിരേ ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടര്‍ (42ാം മിനിറ്റ്), ജാമി വാര്‍ഡി (66), ലിയോനാര്‍ഡോ ഉല്ലോഹ (87) എന്നിവരാണ് ലെസ്റ്ററിന് ഹോംഗ്രൗണ്ടില്‍ മികച്ച ജയം സമ്മാനിച്ചത്. ജയത്തോടെ സിറ്റി, ആഴ്‌സനല്‍ എന്നിവര്‍ക്കു മേല്‍ മൂന്നു പോയിന്റിന്റെ ലീഡ് നേടാനും തലപ്പത്തുള്ള ലെസ്റ്ററിന് സാധിച്ചു.
നിലവില്‍ 47 പോയിന്റുമായാണ് ലെസ്റ്റര്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്. രണ്ടാമതുള്ള സിറ്റിക്കും ഇരു ടീമിനേക്കാള്‍ ഒരു മല്‍സരം കുറച്ചുകളിച്ച മൂന്നംസ്ഥാനക്കാരായ ആഴ്‌സനലിനും 44 പോയിന്റ് വീതമാണുള്ളത്.
എസി മിലാന് സമനില
റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന് സമനിലകുരുക്ക്. 21ാം റൗണ്ട് മല്‍സരത്തില്‍ എംപോളിയാണ് 2-2ന് മിലാനെ പിടിച്ചുകെട്ടിയത്. മിലാനു വേണ്ടി കാര്‍ലോസ് ബാക്കയും ഗിയാകോമോ ബൊനാവെഞ്ച്യുറും ലക്ഷ്യം കണ്ടപ്പോള്‍ എംപോളിക്കായി സിയലിന്‍സ്‌കിയും മാസ്സിമോ മകറോനയും തിരിച്ചടിച്ചു.
ലീഗിലെ മറ്റൊരു കളിയില്‍ ഫിയൊറെന്റീന 2-0ന് ടൊറീനോയെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it