kozhikode local

പ്രിയ അധ്യാപികയുടെ അപകടമരണത്തില്‍ മനംനൊന്ത് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും

ഫറോക്ക്: സംസ്ഥാന 'ഭാരത് സകൗട്ട് ആന്റ് ഗൈഡ്‌സ്' ക്യാംപില്‍ പങ്കെടുക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഗൈഡുപോയി തിരിച്ചു വരവെ അപകടത്തില്‍ മരിച്ച അധ്യാപികയുടെ വിയോഗത്തില്‍ മനംനൊന്ത് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും. ഫാറൂഖ് ഹൈസ്‌കൂളിലെ അധ്യാപിക കെ പി റസീന(40)യാണ് അപകടത്തില്‍ മരിച്ചത്. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ക്രിസ്മസ് അവധി ആഘോഷിക്കുമ്പോള്‍ ജില്ലയിലെ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുമായി തിരുവനന്തപുരത്തെ സംസ്ഥാന ക്യാംപില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു റസീന.
കഴക്കൂട്ടം സെന്റ് സ്‌കാവിയേഴ്‌സ് സ്‌കൂളില്‍ 20 മുതല്‍ 23 വരെയായിരുന്നു ക്യാംപ്. കഴിഞ്ഞ 19ന് പോയ ഇവര്‍ ക്യാംപ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റുട്ടില്‍ പുതിയ കടവിന് സമീപം ബസ്സിടിച്ചാണ് മരിച്ചത്. രാത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സംഘം ബസ് നിര്‍ത്തി ഉറങ്ങുകയായിരുന്നു. ഇതിനിടയിലാണ് കൂടെയുണ്ടായിരുന്ന മറ്റൊരു ടീച്ചര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി പുറത്തിറങ്ങിയത്. റോഡിന് മറുവശത്ത് വെളിച്ചം കണ്ട വീട്ടിലേക്ക് പോവുമ്പോഴാണ് റസീനയെ അമിത വേഗതയിലേത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്. ക്യാംപിന്റെയും യാത്രയുടെയും ക്ഷീണം കാരണം നിദ്രയിലായിരുന്നതിനാല്‍ തങ്ങളുടെ പ്രിയ ഗൈഡിന്റെ വിയോഗം വിദ്യാര്‍ഥികള്‍ അറിഞ്ഞില്ല. സ്ഥലത്തെത്തിയ നാട്ടുകാരും പോലിസും മൃതദേഹം ഉടനെ ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ച സ്ഥലത്തെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി അതേ ബസ്സില്‍ വിദ്യാര്‍ഥികളെ നാട്ടിലേക്കയച്ചു. തേങ്ങലടക്കാനാവാതെയാണ് ഇവരില്‍ പലരും ടീച്ചറുടെ വീട്ടിലെത്തിയത്.
അപകടം സംഭവിച്ച മതിലകം സ്റ്റേഷന്‍ പരിധിയിലെ പോലിസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ട് നാലരയോടെ കോളേജിലെത്തി ഖബറടക്കം നടത്തി. ഫാറൂഖ് കോളജിന്റെ സ്ഥാപകനായ അബുസ്സബാഹ് മൗലവിയുടെ കുടുംബത്തിലെ പ്രധാന വെളിച്ചമാണ് റസീനയുടെ മരണത്തോടെ അണഞ്ഞുപോയത്. ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് കൗസര്‍ സബാഹിനെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് ടീച്ചര്‍ മറ്റൊരു ലേകത്തേക്ക് മടങ്ങിയത്.
വീട്ടിലെന്നപോലെ സ്‌കൂളിലും സജീവ സാന്നിധ്യമായിരുന്നു ടീച്ചറെന്നാണ് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. മലയാള അധ്യാപികയായിരുന്ന ഇവര്‍ ഒരു നല്ല വായനക്കാരി കൂടിയായിരുന്നു. സ്‌കൗട്ട് ആന്റ് ഗൈഡ് ചാര്‍ജിന് പുറമെ സ്‌കൂളിലെ ജാഗ്രതാ സമിതി അംഗവും കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂനിയന്‍ യൂനിറ്റ് ജോ. സെക്രട്ടറിയുമായിരുന്നു. അപകടവിവരം അറിഞ്ഞയുടനെ പ്രധാനാധ്യാപകന്‍ എം എ നജീബിന്റെ നേതൃത്വത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയുടെ ബോഡി എറ്റുവാങ്ങാന്‍ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചിരുന്നു.
Next Story

RELATED STORIES

Share it