wayanad local

പ്രിയദര്‍ശിനി എടത്തനയ്ക്കുള്ള സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു

വാളാട്: കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയനിഷ്ഠ പാലിക്കാതെ സര്‍വീസ് നടത്തുന്നതിനാല്‍ എടത്തനയ്ക്ക് സര്‍വീസ് നടത്തുന്ന ഏക പ്രിയദര്‍ശിനി ബസ് നഷ്ടത്തിലോടുന്നു. ഇതുമൂലം വാളാട് എടത്തന സര്‍വീസ് നിര്‍ത്താനൊരുങ്ങുകയാണ് പ്രിയദര്‍ശിനി ബസ്.
നിലവില്‍ അര മണിക്കൂര്‍ ഇടവിട്ട് വാളാടേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ വീണ്ടും ഒരു കെഎസ്ആര്‍ടിസി ബസ്സും കൂടി സമയക്രമം പാലിക്കാതെ മാനന്തവാടിയില്‍ നിന്നു വാളാടേക്ക് തുടങ്ങിയതോടെയാണ് പ്രിയദര്‍ശിനി ബസ് നഷ്ടത്തിലായത്. പ്രിയദര്‍ശിനി ബസ് എടത്തനയില്‍ നിന്നു വാളാടേക്ക് എത്തുന്നതിന്റെ അഞ്ചു മിനിറ്റ് മുമ്പു മാത്രമാണ് ഈ കെഎസ്ആര്‍ടിസി ബസ് വാളാട് നിന്നു മാനന്തവാടിയിലേക്ക് പുറപ്പെടുന്നത്.
ഇതുകൊണ്ടു തന്നെ പ്രിയദര്‍ശിനി ബസ് നഷ്ടത്തിലാവുന്നു. ഇതു കാരണമാണ് എടത്തനയിലേക്കുള്ള ട്രിപ്പ് ഒഴിവാക്കാന്‍ പ്രിയദര്‍ശിനി അധികൃതര്‍ ആലോചിക്കുന്നത്. പ്രിയദര്‍ശിനി എടത്തനയിലേക്കുള്ള സര്‍വീസ് നിര്‍ത്തിയാല്‍ ജനങ്ങള്‍ ദുരിതത്തിലാവും. ജനങ്ങളുടെ ദീര്‍ഘകാലത്തെ
കാത്തിരിപ്പിനൊടുവിലാണ് നാലു മാസം മുമ്പ് മന്ത്രി പി കെ ജയലക്ഷമിയുടെ ഇടപെടല്‍ മൂലം ബസ് സര്‍വീസ് തുടങ്ങിയത്. ദിനംപ്രതി മൂന്നു ട്രിപ്പ് വീതമാണ് പ്രിയദര്‍ശിനി സര്‍വീസ് നടത്തിവരുന്നത്.
എടത്തന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ സര്‍വീസ് വലിയ അനുഗ്രഹമാണ്.
ചുള്ളിയില്‍, കരിക്കാറ്റില്‍, മേലെ വരയാല്‍, കോളിച്ചാല്‍, പ്രശാന്തഗിരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ ബസ്സിനെയാണ്. സര്‍വീസ് നിര്‍ത്തിയാല്‍ എല്ലാവരും
ബുദ്ധിമുട്ടും. പഴയപോലെ കാല്‍നടയാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടാവും. വാളാട് നിന്നു നാലു കിലോമീറ്റര്‍ ദൂരമുണ്ട് എടത്തനയ്ക്ക്. കാലങ്ങളായി കെഎസ്ആര്‍ടിസി ബസ് എടത്തനയ്ക്ക് സര്‍വീസ് നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.
എന്നാല്‍, ഇതുവരെ അതിന് അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍, പ്രിയദര്‍ശിനി അതിനു തയ്യാറായപ്പോള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഈ സര്‍വീസ് തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
സമയക്രമമില്ലാതെ പുതുതായി മാനന്തവാടിയില്‍ നിന്നു വാളാടേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പിന്‍വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it