പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം; യാക്കോബായ അല്‍മായ ഫോറം കോടതിയില്‍ ഹരജി നല്‍കി

കൊച്ചി: നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് യാക്കോബായ അല്‍മായ ഫോറം ഹരജി നല്‍കി. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ആറ്റമംഗലം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി മാനേജിങ് കമ്മിറ്റി, ഇടവക വികാരി ഫാ. സൈമണ്‍ മാനുവല്‍ എന്നിവരെ പ്രതികളാക്കിയാണ് യാക്കോബായ അല്‍മായ ഫോറം ഭാരവാഹികളായ പോള്‍ വര്‍ഗീസ്, ഇ പി ജോണി എന്നിവര്‍ അഡ്വ. സാബു തൊഴുപ്പാടന്‍ മുഖേന കോലഞ്ചേരി കോടതിയില്‍ ഹരജി നല്‍കിയത്.
പ്രാരംഭ വാദം കേട്ട മുന്‍സിഫ് ജിഷ മുകുന്ദന്‍ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. കേസ് വീണ്ടും ജൂലൈ 15ന് പരിഗണിക്കും. സഭാ ഭരണഘടനയുടെ 195ാം വകുപ്പ് പ്രകാരം എത്രവലിയ തെറ്റ് ചെയ്താലും ഇടവക അംഗത്തെ പള്ളി പൊതുയോഗത്തില്‍നിന്ന് വിലക്കാമെന്നല്ലാതെ മറ്റൊന്നിനും ഇടവകയ്ക്ക് അധികാരമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരി സഭാ വിശ്വാസം ഉപേക്ഷിച്ചതിന് തെളിവില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടവക പള്ളിയില്‍ അടക്കണമെന്ന അവരുടെ അന്ത്യാഭിലാഷം.
ഒരു വ്യക്തി മാമോദീസ സ്വീകരിച്ചുകഴിഞ്ഞാല്‍ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമായി മാറുമെന്നും ഒരവയവത്തെ മറ്റൊന്നിനു വേണ്ടെന്ന് പറയാന്‍ അവകാശമില്ലെന്നും ബൈബിളും സഭയും പഠിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സഭാംഗത്തിന്റെ മൃതദേഹം ഇടവകപള്ളിയില്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ച നടപടി സഭയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണം. കൂടാതെ ഏതൊരു സഭാംഗത്തിനും മരണശേഷം തന്റെ ഇടവകയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it