പ്രിയകവിക്ക് ആയിരങ്ങളുടെ ആദരാഞ്ജലി; സംസ്‌കാരം ഇന്നു രാവിലെ 10ന് ശാന്തികവാടത്തില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവിക്ക് ആയിരങ്ങളുടെ ആദരാഞ്ജലി. ഒ എന്‍ വി കുറുപ്പിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചതുമുതല്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നിരവധിപേര്‍ തലസ്ഥാനത്തേക്കു പ്രവഹിച്ചു.
ശനിയാഴ്ച വൈകീട്ട് അന്തരിച്ച ഒഎന്‍വിയുടെ ഭൗതികശരീരം വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തിലാണ് എത്തിച്ചത്. മലയാളത്തിന്റെ കാവ്യസൂര്യനെ ഒരുനോക്ക് കാണാന്‍ നേരം പുലരുവോളം ജനമൊഴുകി. ഇന്നലെ രാവിലെ 11ഓടെ ഇന്ദീവരത്തില്‍ നിന്നു വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തലസ്ഥാനത്തെ നിരവധി സാംസ്‌കാരിക സദസ്സുകള്‍ക്കു വേദിയായ വിജെടി ഹാളില്‍ പ്രിയകവിയുടെ ചേതനയറ്റ ശരീരം കിടത്തിയപ്പോള്‍ മലയാളഭാഷയെ സ്‌നേഹിക്കുന്ന ഏവരെയും ഈറനണിയിച്ചു. രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇവിടേക്ക് ഒഴുകിയെത്തി.
ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും നിര്‍ദേശങ്ങള്‍ നല്‍കിയും മന്ത്രി വി എസ് ശിവകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍മന്ത്രി എം വിജയകുമാര്‍, വി ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത് എന്നിവര്‍ സമീപമുണ്ടായിരുന്നു. വൈകീട്ട് മൂന്നുവരെയാണ് വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നതെങ്കിലും ജനബാഹുല്യത്താല്‍ സമയം അഞ്ചുമണി വരെ നീട്ടി. തുടര്‍ന്ന് മൃതദേഹം ഇന്ദീവരത്തിലേക്ക് മാറ്റി. ഇന്നു രാവിലെ 10ന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
ഒഎന്‍വിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് വലിയൊരു നഷ്ടമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഒഎന്‍വിയുടെ കലാസൃഷ്ടികള്‍ വന്‍തോതില്‍ പ്രശംസ പിടിച്ചുപറ്റിയവയാണ്. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
Next Story

RELATED STORIES

Share it