പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പാസ്റ്ററിന് 40 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാസ്റ്ററിന് 40 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കോട്ടയം സ്വദേശി സനില്‍ കെ ജയിംസിനെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്നു സനില്‍ കെ ജയിംസ്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ കൊടുക്കണമെന്നും കോടതി ഉത്തരവായി. ഇന്ത്യന്‍ ശിക്ഷാനിയമം 376(2) എഫ് വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് സെക്ഷന്‍ 5 എഫ്എം പ്രകാരം 20 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും അടയ്ക്കണമെന്നാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ക്ക് ഈ വിധി ഒരു പാഠമാവണമെന്ന പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും കോടതി അംഗീകരിക്കുന്നതായി ജഡ്ജി വിധിയില്‍ വ്യക്തമാക്കി.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധിയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഉണ്ടായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വളരെ മൃഗീയമായി ബലാല്‍സംഗം ചെയ്ത പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി.
പോക്‌സോ ആക്ട് പ്രകാരമുള്ള ജില്ലയിലെ രണ്ടാമത്തെ കേസാണിത്. എന്നാല്‍ ബലാല്‍സംഗ കേസില്‍ ആദ്യത്തേതും. പോക്‌സോ ആക്ട് നിലവില്‍ വന്ന ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിധിയാണിതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു പറഞ്ഞു.
Next Story

RELATED STORIES

Share it