Kottayam Local

പ്രായത്തെ തോല്‍പ്പിച്ചും അബ്ദുല്‍ഖാദര്‍ വോട്ട് ചെയ്യാനെത്തി

വൈക്കം: പ്രായം തളര്‍ത്താത്ത ആവേശത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അബ്ദുല്‍ഖാദര്‍ എത്തി. 96കാരനായ കുലശേഖരമംഗലം പുത്തന്‍കാവില്‍ അബ്ദുല്‍ ഖാദര്‍ വാഴേകാട് ഗവ. എല്‍പി സ്‌കൂളിലാണ് പ്രായത്തെ തോല്‍പ്പിക്കുന്ന ആവേശത്തോടെ വോട്ട് ചെയ്യാന്‍ എത്തിയത്.
1957ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ ഇദ്ദേഹം വോട്ട് ചെയ്യാറുണ്ട്. ഇന്നലെ കൊച്ചുമക്കളോടൊപ്പമാണ വോട്ട് ചെയ്യാന്‍ എത്തിയത്. വൈക്കത്തെ ആദ്യതിരഞ്ഞെടുപ്പിലെ കെ ആര്‍ നാരായണന്‍-സി കെ വിശ്വനാഥന്‍ പോരാട്ടമെല്ലാം ഇദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലഘട്ടത്തില്‍ സി കെ വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയിരുന്നത് അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിന്റെ നെല്ല് സംഭരിച്ച് സൂക്ഷിച്ചിരുന്ന പുരയിലായിരുന്നു.
വൈക്കത്തു നിന്ന് ആദ്യമായി ഹജ്ജ് ചെയത കണ്ണോത്ത് കുടുംബത്തിലെ ബാവക്കുട്ടി ഹാജിയുടെ ആറ് മക്കളില്‍ ഏറ്റവും ഇളയ ആളാണ് അബദുല്‍ ഖാദര്‍. ഹാജിയുടെ മക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും ഇദ്ദേഹം തന്നെ. 1986ല്‍ നിര്യാതനായ ജ്യേഷ്ടസഹോദരനായ അസീസ് റോയല്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷഠിച്ചിട്ടുണ്ട്. കുലശേഖരമംഗലം സലഫി മഹല്ല്കമ്മിറ്റി പ്രസിഡന്റായ മകന്‍ ഇബ്രാംഹിംകുട്ടിയോടൊപ്പമാണ് അബ്ദുല്‍ഖാദറിന്റെ താമസം.
Next Story

RELATED STORIES

Share it