പ്രായം തളര്‍ത്തിയില്ല; മുത്തമ്മയുടെ ആഗ്രഹം നിറവേറി

സുധീര്‍ കെ ചന്ദനത്തോപ്പ്

തെന്‍മല(കൊല്ലം): കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ അരിശം മുത്തമ്മ മക്കളോട് തീര്‍ത്തത് രണ്ടുദിവസം ഭക്ഷണം കഴിക്കാതെയും ആരോടും മിണ്ടാതെയുമായിരുന്നു. ഇത്തവണ വോട്ടെടുപ്പിന് മുമ്പേ മക്കളെ വോട്ടിന്റെ കാര്യം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു മുത്തമ്മ.
തെന്‍മല എല്‍പിഎസിലെ 146ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു മടങ്ങിയ 102കാരി തെന്‍മല കെഐപി ലേബര്‍ കോളനിയിലെ മുത്തമ്മയുടെ മുഖത്ത് സന്തോഷമായിരുന്നു, പൗരബോധം നിറവേറ്റിയതിന്റെ ആത്മസംതൃപ്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇത് മക്കളോടും പറഞ്ഞിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസങ്ങളില്‍ രോഗം മൂലം അവശയായി. രണ്ടുദിവസത്തോളം ബോധമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വോട്ടും ചെയ്യാനായില്ല. ബോധം തിരിച്ചുകിട്ടിയപ്പോള്‍ വോട്ട് ചെയ്യുന്നതിന്റെ കാര്യമായിരുന്നു മക്കളോട് അന്വേഷിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞുവെന്നറിയിച്ചതോടെ തെല്ലൊന്നുമല്ല മുത്തമ്മ വിഷമിച്ചത്.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഓരോ ദിവസവും മക്കളോട് വോട്ടിന്റെ കാര്യം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഇന്നലെ രാവിലെ കസേരയിലിരുത്തി അയല്‍വാസികളും മകളും ചേര്‍ന്നാണ് മുത്തമ്മയെ പോളിങ് ബൂത്തിലെത്തിച്ചത്. പ്രായാധിക്യംമൂലം സഹായിയുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഡാം തൊഴിലാളിയായാണ് മുത്തമ്മ തെന്‍മലയിലെത്തിയത്. 1984ല്‍ തെന്‍മലയിലെ കുടിയൊഴിപ്പിക്കല്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. അന്ന് 12 സെന്റ് സ്ഥലവും 900 രൂപയും നല്‍കിയാണ് സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചു. അഞ്ച് മക്കളുണ്ട്. മകള്‍ പ്രേമയോടൊപ്പം കെഐപി ലേബര്‍ കോളനിയിലാണ് ഇപ്പോള്‍ താമസം. മുത്തമ്മയുടെ ചെറുമകന്‍ തെന്മല പഞ്ചായത്ത് അംഗമാണ്.
Next Story

RELATED STORIES

Share it