Pathanamthitta local

പ്രാദേശിക വികസനം ചര്‍ച്ചയാക്കി റാന്നിയിലെ സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട: മലയോര മേഖലയിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്ത് റാന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥി സംഗമം. മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ടു പതിറ്റാണ്ടു കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ രാജു ഏബ്രഹാം അഞ്ചാമൂഴത്തിനുള്ള അടിത്തറ ഭദ്രമെന്ന് അവകാശപ്പെടുമ്പോള്‍, മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കന്നിയങ്കത്തിനൊരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചത്.
വികസന കാര്യത്തില്‍ മണ്ഡലം കാല്‍നൂറ്റാണ്ട് പിന്നിലാണെന്ന് കുറ്റപ്പെടുത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ പദ്മകുമാര്‍, കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിയുന്ന വികസന സ്വപ്‌നങ്ങളാണ് പങ്കുവയ്ക്കുന്നത്. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനഹിതം 2016 പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മുന്നു സ്ഥാനാര്‍ഥികളും സാധ്യതകള്‍ വിശദീകരിച്ചത്. റബ്ബര്‍ വിലയിടിവു മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരും തൊഴിലാളികളും രാഷ്ട്രീയത്തിനതീതമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ളത് തനിക്ക് അനുകൂലഘടകമാണെന്നാണ് രാജു ഏബ്രഹാമിന്റെ വിലയിരുത്തല്‍.
ശബരിമലയുമായി ബന്ധപ്പെട്ട് പമ്പാ ആക്ഷന്‍ പ്ലാ ന്‍, മാസ്റ്റര്‍ പ്ലാന്‍ എന്നിവ കൊണ്ടുവരാന്‍ കഴിഞ്ഞതും നിലയ്ക്കല്‍ ഇടത്താവളത്തിന്റെ വികസനത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞതും രാജു നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. ഇതിനു പുറമേ നിരവധി ഇടത്താവളങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞു. ഗവിയെ ലോക ടൂറിസം ഭൂപടത്തിലേക്ക് എത്തിച്ചു.
ആദിവാസി കോളനികളില്‍ അടക്കം, മണ്ഡലത്തില്‍ 100 ശതമനം വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു. 3200 ല്‍ അധികം പേര്‍ക്ക് പട്ടയം നല്‍കി. 11 ചെറുകിട കുടിവെള്ള പദ്ധതികള്‍ കൊണ്ടുവന്നു. ആദ്യമായി സ്‌കൂളുകള്‍ക്ക് ബസ് നല്‍കി. 116 റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് കൊണ്ടുവന്നും, 16 പാലങ്ങള്‍ പൂര്‍ത്തിയാക്കിയും അടിസ്ഥാനസൗകര്യ വികസനത്തില്‍ റാന്നിയെ ബഹുദൂരം മുന്നിലെത്തിച്ചതായും രാജു ഏബ്രഹാം അവകാശപ്പെട്ടു.
അതേസമയം, പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തത് മൈലപ്രയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കത്തതുകൊണ്ടാണ്. എം സി ചെറിയാന്റെ കാലത്ത് റവന്യു ടവറിനു തറക്കല്ലിട്ടെങ്കിലും അത് തുടങ്ങാന്‍ കഴിഞ്ഞില്ല. അതിനുവേണ്ടി ഏറ്റെടുത്ത ഭൂമി ഹഡ്‌കോയ്ക്ക് പണയം വച്ചത് റാന്നി മണ്ഡലത്തോട് ചെയ്ത് ചതിയായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അനുമതി വാങ്ങിയ മിനി സിവില്‍സ്റ്റേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതായും രാജു ഏബ്രഹാം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളും നടന്നി ല്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാന്റെ വിമര്‍ശനം. സഞ്ചാരയോഗ്യമായ ഗതാഗത സംവിധാനം ഇപ്പോഴും ഇല്ല. താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളും വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങളും ഇല്ല. കുടിവെള്ള പ്രശ്‌നം തുടരുന്നു. കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സ്റ്റേഷന്‍ പേരിനുമാത്രമാണുള്ളത്. റാന്നി ഇപ്പോഴും ഏറെ പിന്നിലാണെന്നും മറിയാമ്മ ചെറിയാന്‍ പറഞ്ഞു.
റാന്നിക്ക് അര്‍ഹതപ്പെട്ട മെഡിക്കല്‍ കോളജ് നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് എന്‍ഡിഎ സ്ഥാനാ ര്‍ഥി കെ പത്മകുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി ഏബ്രഹാം തടിയൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it