Editorial

പ്രാദേശിക കൂട്ടുകെട്ടുകളും രാഷ്ട്രീയ സദാചാരവും

പാര്‍ട്ടി നിലപാടുകള്‍ക്കും മുന്നണിബന്ധങ്ങള്‍ക്കും അതീതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി തിരഞ്ഞെടുപ്പുകളില്‍ സ്വന്തം അനുയായികള്‍ കൂട്ടുകെട്ടുകളുണ്ടാക്കുന്ന പ്രതിഭാസത്തെ കേരളത്തിലെ രാഷ്ട്രീയകക്ഷികളെല്ലാം അരുചിയോടെയാണ് നോക്കിക്കാണുന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇത്തരം കൂട്ടുകെട്ടുകള്‍ക്കെതിരായി കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നു. സിപിഎമ്മില്‍ നിന്നു നിരവധി ആളുകള്‍ രാജിവച്ചുപോകാന്‍ പാര്‍ട്ടി ഈ വിഷയത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യം കാരണമായി ഭവിച്ചു. ഒഞ്ചിയത്ത് മുസ്‌ലിംലീഗ് പിന്തുണയോടെ ആര്‍എംപി പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത് പാര്‍ട്ടിയില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. മുസ്‌ലിംലീഗും ഇത്തരം ചുവടുമാറ്റങ്ങളെ വിട്ടുവീഴ്ചയോടെയല്ല സമീപിക്കുന്നത്.
അതായത്, പ്രാദേശികമായ അടവുനയങ്ങള്‍ പൊറുപ്പിക്കുന്ന അവസ്ഥയിലല്ല പാര്‍ട്ടിനേതൃത്വങ്ങള്‍. ഏകശിലാസമാനമായ ഘടനയാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉടനീളം തങ്ങളില്‍ അധികാരതാല്‍പര്യങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കാംക്ഷിക്കുന്നതെന്നു സാരം. രാഷ്ട്രീയ സദാചാരത്തിന്റെ പേരിലാണ് പാര്‍ട്ടിനേതൃത്വങ്ങള്‍ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതമാവുന്നത്. ഓരോരിടത്തും ഓരോരുത്തരും തോന്നുംപടി ഭരണം സ്ഥാപിച്ചെടുത്താല്‍ പാര്‍ട്ടിയുടെ ആദര്‍ശത്തിനെന്തു സംഭവിക്കുമെന്നാണ് പേടി.
പക്ഷേ, സത്യം പറഞ്ഞാല്‍ ഈ ആശങ്കയ്ക്ക് വലിയ അടിത്തറയൊന്നുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം സങ്കല്‍പിക്കപ്പെട്ടിട്ടുള്ളത് രാഷ്ട്രീയസ്വഭാവത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടല്ല. ഓരോ പ്രദേശത്തിന്റെയും വികസനവുമായി ബന്ധപ്പെട്ടാണ് അതതു പ്രദേശത്തെ ഭരണസമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്. അതതു സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടതും അന്താരാഷ്ട്ര പ്രശ്‌നങ്ങളോ ദേശീയ വിഷയങ്ങളോ ഉയര്‍ത്തിക്കാട്ടിയിട്ടല്ല. പാലം, റോഡ്, പരിസ്ഥിതി, ജനക്ഷേമം തുടങ്ങിയ അടിസ്ഥാന ജീവിതപ്രശ്‌നങ്ങളില്‍ ഊന്നുന്നു തദ്ദേശസ്വയംഭരണം. സ്ഥൂലരാഷ്ട്രീയമല്ല, സൂക്ഷ്മരാഷ്ട്രീയമാണ് പ്രസ്തുത ഭരണം ഉള്‍ക്കൊള്ളുന്നത്. ഇങ്ങനെയാവുമ്പോള്‍ ഒരു പഞ്ചായത്തില്‍ ആര്‍എംപിയുടെയും മുസ്‌ലിംലീഗിന്റെയും പ്രതിനിധികള്‍ ഒന്നിച്ചുനിന്നു ഭരണം നടത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നൊന്നുമില്ല. ഏതു പ്രദേശത്തും ജനകീയ പ്രശ്‌നങ്ങളില്‍ വ്യത്യസ്ത ജാതി-മതവിഭാഗങ്ങളും രാഷ്ട്രീയപ്പാര്‍ട്ടിക്കാരും പരസ്പരം സഹകരിച്ചു മുന്നോട്ടുപോകാറുണ്ടല്ലോ. അതിന്റെ കുറച്ചുകൂടി വികസിതമായ ഘടനയേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളൂ.
എന്നാല്‍, ഈ കാഴ്ചപ്പാടോടെയല്ല നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നത്. പഴയ കാലത്ത് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമല്ലായിരുന്നു പ്രധാനം. പക്ഷേ, പില്‍ക്കാലത്ത് കക്ഷിരാഷ്ട്രീയം അതില്‍ കയറിക്കൂടുകയായിരുന്നു. അതനുസരിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാഴ്ചപ്പാടുകള്‍ മാറി. ഈ മനോനില മാറ്റിവച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒറ്റക്കെട്ടായി മുമ്പോട്ടുനീങ്ങേണ്ടവയാണെന്നു ചിന്തിക്കാന്‍ തുടങ്ങിയാല്‍, ലീഗും ആര്‍എംപിയും തോളോടുതോള്‍ ചേര്‍ന്നുനിന്നാലെന്ത്?
Next Story

RELATED STORIES

Share it