kozhikode local

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ ലഭിക്കുന്നില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പാവപെട്ട രോഗികളുടെ ഏക ആശയ കേന്ദ്രമായ പാറക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ വിധത്തില്‍ ചികിത്സ ലഭിക്കാത്തത് ജനങ്ങളെ വളരെയധികം പ്രയാസപ്പെടുത്തുകയാണ്. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തായ ചെക്യാട് പഞ്ചായത്തിലേയും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലേയും നിരവധി പേര്‍ക്ക് ആശ്വാസകരമായ പാറക്കടവിലെ ഈ ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ ഡോക്ടറെത്തുന്നത് വല്ലപ്പോഴും മാത്രമാണ്.
ഏക ഡോക്ടര്‍ പരിശോധന നടത്തുന്ന ഈ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വര്‍ധപ്പിക്കണമെന്ന ആവശ്യം ശക്തമായെങ്കിലും ഒരു നടപടിയും ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഡോക്ടറുടെ സേവനം ഏതൊക്കെ ദിവസങ്ങളിലാണ് ലഭ്യമാകുകയെന്നതിനെ കുറിച്ച് യാതൊരു വിവരവും മുന്‍കൂട്ടി ലഭിക്കാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെട്ട് ഈ കേന്ദ്രത്തിലെത്തി തിരിച്ച് പോകേണ്ടി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഡോക്ടര്‍ക്ക് പ്രത്യേകമായ പരിശോധന മുറിയും കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഒരു ദിവസം ഒരു ഡോക്ടര്‍ക്ക് പരിശോധന നടത്താന്‍ കഴിയുന്നതിലധികം രോഗികള്‍ ഇവിടെ എത്തുന്നതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നാട്ടുകാരുടെ ആവശ്യവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.പ്രതിരോധ കുത്തിവെപ്പിനും മറ്റുമായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും സേവനം ലഭിക്കാതെ മടങ്ങി പോകുകയാണ് പതിവ്. അടിയന്തര ഘട്ടങ്ങളില്‍ 6 കിലോമീറ്റര്‍ അകലെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കിടത്തി ചികിത്സക്ക് ആവശ്യയായ കെട്ടിടം സ്ഥാപിക്കാനുള്ള സ്ഥലസൗകര്യം ഇവിടെ ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ടെങ്കിലും നടപടിയായിട്ടില്ല.
മുഴുവന്‍ സമയ ചികിത്സ കിട്ടുന്ന ആശുപത്രിയാക്കാനുള്ള നിവേദനങ്ങള്‍ പലപ്പോഴായി നല്‍കിയെങ്കിലും ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടരുടെ സേവനം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കി സമരരംഗത്ത് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഈ പ്രാഥമിക കേന്ദ്രത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കാതെ ഇതിന്റെ സബ് സെന്ററായി കുറുവന്തേരിയില്‍ മറ്റൊരു ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളായിട്ടുമുണ്ട്.
Next Story

RELATED STORIES

Share it