Idukki local

പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങളുടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ നശിക്കുന്നു

രാജാക്കാട്: ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു.
സബ് സെന്ററുകള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നുണ്ടെങ്കിലും ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ സംരക്ഷിക്കുവാന്‍ നടപടിയില്ല.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് അനുദിനം നാശത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്.ശിശുക്കളുടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, പകര്‍ച്ചവ്യാധി വ്യാപന നിയന്ത്രണം, ജനസംഖ്യാ നിയന്ത്രണം, ഗര്‍ഭിണികളുടെ പരിരക്ഷയും അനുബന്ധ കാര്യങ്ങളും, ആവശ്യമായ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും, സമയ ബന്ധിതവും കാര്യക്ഷമവുമായി സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണു സബ് സെന്ററുകളോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ യഥാ സമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ച്ച മൂലം മിക്കവയുടെയും സ്ഥിതി ശോചനീയാവസ്ഥയിലായി. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല. പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കുടിവെള്ളം, സാനിട്ടേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ഇല്ലാതായി.
കാലപ്പഴക്കത്താല്‍ പല കെട്ടിടങ്ങളുംമഴയത്ത് ചോര്‍ന്നൊലിക്കുവാന്‍കൂടി തുടങ്ങിയതോടെ ജീവനക്കാര്‍ താമസം അവസാനിപ്പിച്ച് വാടകക്കെട്ടിടങ്ങളില്‍ അഭയം തേടി.വര്‍ഷങ്ങളായി ആളൊഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ പലതും ഇന്നു സാമൂഹിക വിരുദ്ധരുടെ രാത്രികാല താവളങ്ങളാണ്.
Next Story

RELATED STORIES

Share it