ernakulam local

പ്രാഥമികാരോഗ്യകേന്ദ്രം പഴയകെട്ടിടത്തിലേക്ക് മാറ്റിയതില്‍ പരക്കെ ആക്ഷേപം

കാക്കനാട്: തൃക്കാക്കര പ്രാഥമികാരോഗ്യകേന്ദ്രം മാറ്റിപ്രവര്‍ത്തിപ്പിക്കുന്നതിനായി 15 ലക്ഷത്തോളം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം നോക്കുകുത്തിയാക്കി മറ്റൊരു പഴയകെട്ടിടത്തിലേക്കു മാറ്റിയതില്‍ തൃക്കാക്കരയില്‍ പരക്കെ ആക്ഷേപം.
തൃക്കാക്കരയില്‍ മെട്രോ ബിസിനസ് സിറ്റിക്കായി സര്‍ക്കാര്‍ കെഎംആര്‍എലിന് വിട്ടുകൊടുക്കുന്ന 13 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം. അതൊഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ആശുപത്രിക്കു കത്തുനല്‍കിയിരുന്നു. പകരം സംവിധാനം ഒരുക്കാതെ ആശുപത്രി ഒഴിപ്പിക്കരുതെന്നും എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പ്രദേശത്തുതന്നെ പ്രാഥമികാരോഗ്യ കേന്ദ്രം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് തൃക്കാക്കര മുനിസിപ്പല്‍ റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍(ട്രാക്) സുതാര്യ കേരളം വഴി മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ട്രാക് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ എന്‍ജിഒ ഫഌറ്റില്‍ രണ്ടു കെട്ടിടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കുകയാണുണ്ടായത്. അത് അനുസരിച്ച് അനുവദിച്ച കെട്ടിടത്തിലേക്കാണ് ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം മാറ്റി പ്രവര്‍ത്തിപ്പിക്കുന്നത്.
ഒരുവര്‍ഷത്തോളമായി മുഖ്യമന്ത്രി ഈ കെട്ടിടം അനുവദിച്ച് ഉത്തരവായിട്ട്. നാളിതുവരെ നടപടി സ്വീകരിക്കാതെ മുനിസിപ്പല്‍ അധികൃതര്‍ 15 ലക്ഷത്തോളം രൂപ ചെലവു ചെയ്ത് തൊട്ടടുത്ത് ആശുപത്രിക്കായി പുതിയ കെട്ടിടം പൂര്‍ത്തീകരിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി അനുവദിച്ച കെട്ടിടത്തിലേക്ക് അന്ന് പ്രാഥമീകാരോഗ്യകേന്ദ്രം മാറ്റാതെ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചശേഷം പഴയ കെട്ടിടത്തിലേക്കു മാറ്റുന്നതിന് അഞ്ചുലക്ഷം രൂപ ചെലവുചെയ്ത് അവിടെ അടിസ്ഥാന സൗകര്യമൊരുക്കുകയായിരുന്നു. മുനിസിപ്പല്‍ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തിലാണ് ഈ തുക പാസാക്കിയത്. ഇതുസംബന്ധിച്ചു കൗണ്‍സിലില്‍ ചിലര്‍ ചോദിച്ചപ്പോള്‍ പ്രാഥമീകാരോഗ്യകേന്ദ്രത്തിനായി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പഴയ കെട്ടിടം സൗകര്യപ്പെടുത്താന്‍ ഫണ്ട് അനുവദിച്ചതെന്നും പറയുന്നു. എങ്കില്‍പിന്നെ ആ തുക പുതിയ കെട്ടിടത്തില്‍ ചെലവുചെയ്ത് സൗകര്യങ്ങള്‍ ഒരുക്കുകയല്ലേ ചെയ്യേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. ഭരണം പോവുന്നതിനുമുമ്പ് ഉദ്ഘാടനം നടത്തുന്നതിനായി പുതിയ കെട്ടിടം പണിത് കര്‍മം നിര്‍വഹിക്കുകയും അതിനുശേഷം അഞ്ചുലക്ഷത്തോളം രൂപ അനുവദിച്ച് പഴയകെട്ടിടത്തിലേക്കു പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിപ്പിച്ചതിലും അഴിമതിയുണ്ടെന്നാണ് പൊതുജനം വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it