പ്രാഥമികാന്വേഷണ റിപോര്‍ട്ട്  തള്ളണമെന്ന് വിഎസ്

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപോര്‍ട്ട് തള്ളിക്കളയണമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ ആരോപണം അന്വേഷിച്ചത് സംസ്ഥാനത്താകെ അധികാരപരിധിയുള്ള വിജിലന്‍സിന്റെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ യൂനിറ്റാണ്. എന്നാല്‍, എക്‌സൈസ് മന്ത്രി ബാബുവിന്റെ ബാര്‍ കോഴക്കേസ് അന്വേഷിച്ചതാവട്ടെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം അധികാരപരിധിയുള്ള വിജിലന്‍സിന്റെ യൂനിറ്റാണ്.
എറണാകുളം ജില്ലയില്‍ മാത്രം ചുമതലയുള്ള ഡിവൈഎസ്പി എം എന്‍ രമേശ് ആണ് കെ ബാബുവിന്റെ കേസ് അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയത്. ഈ ഉദ്യോഗസ്ഥന് ആ ജില്ലയിലുള്ള സാക്ഷികളെ മാത്രമേ ചോദ്യം ചെയ്യാന്‍ അധികാരമുള്ളൂ. ഇത്തരത്തില്‍ അന്വേഷണം ഒരു പ്രഹസനമാക്കാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചത്.
തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ വച്ച് കൈക്കൂലി നല്‍കി എന്ന ആരോപണം അന്വേഷിക്കേണ്ടത് ഒന്നുകില്‍ സംസ്ഥാനത്താകെ അധികാരപരിധിയുള്ള യൂനിറ്റായിരിക്കണം. അല്ലെങ്കില്‍ തിരുവനന്തപുരത്തെ വിജിലന്‍സിന്റെ യൂനിറ്റ് ആയിരിക്കണം.
തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും അഴിമതിക്ക് കുപ്രസിദ്ധനുമായ ഉദ്യോഗസ്ഥനെക്കൊണ്ടാണ് ആഭ്യന്തരമന്ത്രി അന്വേഷണം നടത്തിച്ചത്. ഇത് ബാബുവിനെ കുറ്റവിമുക്തനാക്കാനാണെന്നു സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാവുന്ന കാര്യമാണെന്നും വിഎസ് ആരോപിച്ചു.
Next Story

RELATED STORIES

Share it