azchavattam

പ്രസാധകന്‍ ഇല്ലാതാകും കാലം

പ്രസാധകന്‍ ഇല്ലാതാകും കാലം
X
prasadakan
ഷിനില മാത്തോട്ടത്തില്‍

.....................................
പ്രസാധകന്‍ എന്ന ഇടനിലക്കാരന്റെ ചൂഷണത്തില്‍ നിന്ന് എഴുത്തുകാരനു മോക്ഷം! ഇനി പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് എന്ന സാങ്കേതികവിദ്യയിലൂടെ എഴുത്തുകാരന് എത്ര എണ്ണം കൂടിയാലും കുറഞ്ഞാലും സ്വന്തം പുസ്തകങ്ങള്‍ ആവശ്യമുള്ള വായനക്കാരിലെത്തിക്കാം. കോപ്പിലെഫ്റ്റ് എന്ന ആശയം കോപ്പിറൈറ്റ് എന്ന നിയമനൂലാമാലയില്‍ നിന്ന് അയാളെ മോചിപ്പിക്കുന്നു. ഇഴഞ്ഞിഴഞ്ഞാണിപ്പോള്‍ നീങ്ങുന്നതെങ്കിലും സ്വതന്ത്ര പ്രസാധനം എന്ന ആശയം മലയാളത്തിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വലിയ പ്രത്യാശകള്‍ നല്‍കുന്നതാണ്.

Printer

ആധുനിക വിവരസാങ്കേതികത ഉപയോഗപ്പെടുത്തി സ്വയം പുസ്തകം പ്രകാശനം ചെയ്യുന്ന രീതിയാണ് സ്വതന്ത്ര പ്രസാധനം. വന്‍കിട പ്രസാധകര്‍ നിശ്ചിത എണ്ണം പുസ്തകങ്ങള്‍ മാത്രം അച്ചടിക്കാന്‍ തയ്യാറാവുന്ന അവസരത്തില്‍ ആവശ്യമുള്ള എണ്ണത്തിനനുസരിച്ച് ചെലവു കുറച്ച് പുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ മേന്മ. ആരംഭിച്ചിട്ട് ഒരു ദശകമായിട്ടും വലിയ തോതിലൊന്നും പ്രചാരം നേടിയിട്ടില്ലെങ്കിലും ഭാവിയില്‍ വന്‍ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
prasadak-6ഇ-വായനയുടെയും ഇ-പുസ്തകങ്ങളുടെയും ഇക്കാലത്ത് പോലും അച്ചടിച്ച പുസ്തകങ്ങളുടെ വായന കൈമോശം വരാതെ നിലനില്‍ക്കുന്നുണ്ട്. അച്ചടിപ്പുസ്തകങ്ങളിലെ വായനയുടെ പ്രത്യേക അനുഭൂതിയാണ് കാരണം. അതുകൊണ്ടു തന്നെ അച്ചടിച്ച പുസ്തകങ്ങളുടെ ആവശ്യം മാറ്റമില്ലാതെ തുടരുന്നു. പുസ്തക പ്രസാധകന്മാരെ ആശ്രയിച്ചാണ് തന്റെ ഭാവി എന്ന അവസ്ഥയില്‍ എഴുത്തുകാരനെ മോചിപ്പിക്കാന്‍ സ്വതന്ത്ര
പ്രസാധനത്തിനു കഴിയുമോ?
കല്ലച്ചും മരയച്ചും ഉപയോഗിച്ച് അച്ചടി നടത്തിയിരുന്ന ഗുട്ടന്‍ബര്‍ഗ് കാലത്തുനിന്ന് അച്ചടിവിദ്യ ഇന്ന് പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് സാങ്കേതികവിദ്യയില്‍ വരെ എത്തിയിരിക്കുന്നു. നിശ്ചിത ശതമാനം റോയല്‍റ്റി നല്‍കി പുസ്തകങ്ങളിറക്കുന്നവരാണ് ഇന്നത്തെ പ്രസാധകരിലേറെയും. എഴുത്തുകാരന്റെ ചെലവില്‍ പുസ്തകമിറക്കി കമ്മീഷന്‍ വാങ്ങുന്നവരുമുണ്ട്.
സാഹിത്യസൃഷ്ടികള്‍ രചിച്ചു കഴിഞ്ഞതിനു ശേഷം അത് പുറംലോകമറിയണമെങ്കില്‍ prasadak-3പ്രസാധകര്‍ കനിയണം. നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ഒരു നിശ്ചിത എണ്ണത്തില്‍ കുറവ് എണ്ണം പുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കാന്‍ പ്രസാധകര്‍ തയ്യാറായിരുന്നില്ല. 1000 കോപ്പിയാണ് ഒരു പതിപ്പ് അടിച്ചിറക്കുന്നതെന്ന് കരാറില്‍ പറഞ്ഞാലും പ്രസാധകന്‍ കൂടുതല്‍ കോപ്പി അടിച്ച് വന്‍ലാഭമുണ്ടാക്കിയാല്‍ എഴുത്തുകാരന് അറിയാന്‍ മാര്‍ഗമില്ല. ഇനി എഴുത്തുകാര്‍ പണം ചെലവഴിച്ച് പുസ്തകമിറക്കിയാലും കോപ്പികള്‍ വിറ്റഴിയാതെ വീടുകളിലും മറ്റും കുന്നുകൂടുന്ന അവസ്ഥയുണ്ടായിരുന്നു. എഴുത്തുകാര്‍ക്ക് വിപണനം സ്വയം ഏറ്റെടുത്ത് സ്വന്തം നിലയ്ക്ക് പുസ്തകങ്ങള്‍ കച്ചവടം നടത്തേണ്ട സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ കൃതികള്‍ കൊണ്ടുനടന്നു വിറ്റിരുന്നതായി ഒരു കൃതിയില്‍ പറയുന്നുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വന്തം കൃതികള്‍ അച്ചടിച്ചുവരാന്‍ അംഗീകൃത പ്രസാധകരുടെ നിബന്ധനകള്‍ പാലിച്ച് പുസ്തകങ്ങള്‍ പു
റത്തിറക്കുകയാണ് എഴുത്തുകാര്‍ ചെയ്തിരുന്നത്. ഇന്നും ചെയ്തുപോരുന്നതും. ഈയവസരത്തിലാണ് സ്വതന്ത്രപ്രസാധനം എന്ന ആശയം എഴുത്തുകാര്‍ക്കു മുമ്പില്‍ വലിയ സാധ്യത തുറന്നിരിക്കുന്നത്.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തില്‍ നിന്നാണ് stallmanസ്വതന്ത്ര പ്രസാധനമെന്ന ആശയത്തിന്റെയും പിറവി എന്ന് പൊതുവില്‍ പറയാം. സോഫ്റ്റ്‌വെയര്‍ വിപണനം നടത്തുമ്പോള്‍ ഉപഭോക്താവിന്റെ സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എതിര്‍ത്തിരുന്നു. സോഫ്റ്റ്‌വെയറുകള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങളെ 'മനുഷ്യരാശിയോടു കാട്ടിയ അപരാധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു സോഫ്റ്റ്‌വെയര്‍ പണം പ്രതിഫലമായി പ്രതീക്ഷിച്ചു വിപണനം ചെയ്യുന്നതിനെ എതിര്‍ക്കേണ്ടതില്ല, എന്നാല്‍, വിപണനസമയത്ത് ഉപഭോക്താവിന്മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കു തടസ്സമാവുമെന്ന് മനസ്സിലാക്കിയതോടെയാണ് സ്റ്റാള്‍മാന്‍, ഗ്‌നൂ പ്രൊജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. prasadak-5

ഈ ആശയത്തെ പ്രസാധകമേഖലയിലേക്കു കൂടെ വ്യാപിപ്പിച്ചതോടെയാണ് സ്വതന്ത്രപ്രസാധനം ആരംഭിക്കുന്നത്. വര്‍ഷങ്ങളെടുത്ത് പ്രസാധകരുടെ സൗകര്യത്തിനനുസരിച്ച് എഴുത്തുകാരന് സ്വപ്‌നം സാക്ഷാല്‍ക്കരിക്കേണ്ടിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. വിക്കിപീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരവും ചെലവുകള്‍ കൂടാതെ തന്റെ കൃതിയെ എഴുത്തുകാരന് വായനക്കാര്‍ക്കു പരിചയപ്പെടുത്താന്‍ ഇന്ന് അവസരമുണ്ട്. ഇന്റര്‍നെറ്റിലൂടെ വായിച്ച് ഇഷ്ടപ്പെട്ട ശേഷം വായനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഈ കൃതികളുടെ കുറഞ്ഞ കോപ്പികള്‍ (അഞ്ചോ പത്തോ കോപ്പികള്‍ പോലും) അച്ചടിച്ചു നല്‍കാവുന്ന പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് എന്ന സാങ്കേതികവിദ്യയിലൂടെയുള്ള സ്വതന്ത്രപ്രസാധനം ഇന്ന് ലഭ്യമാണ്. അനാവശ്യമായി ആയിരക്കണക്കിനു കോപ്പികള്‍ അടിക്കേണ്ടതില്ല എന്നര്‍ഥം.

സായാഹ്ന ഫൗണ്ടേഷനും
വിക്കി ഫൗണ്ടേഷനും
കോപ്പിറൈറ്റിന്റെ കാലാവധി കഴിഞ്ഞ നിരവധി പുസ്തകങ്ങള്‍ ഇന്നു നമുക്ക് വിപണിയില്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇവയുടെ ഇലക്ട്രോണിക് പതിപ്പുകള്‍ വായനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് സായാഹ്ന ഫൗണ്ടേഷന്‍.www.sayahna.org
എന്ന വെബ്‌സൈറ്റിലൂടെ നിരവധി പുസ്തകങ്ങളാണ് ലഭ്യമാക്കുന്നത്. ഇത് നിയമവിധേയമായിത്തന്നെ വായനക്കാര്‍ക്കു പകര്‍ത്തിയെടുക്കുകയും ചെയ്യാം. ക്രിയേറ്റീവ് കോമണ്‍സിന്റെ പകര്‍പ്പവകാശ നിബന്ധനകള്‍ പാലിച്ച് സൗജന്യമായാണ് സായാഹ്ന ഫൗണ്ടേഷന്‍ ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ ഒരു പുസ്തകം ഉപയോഗിക്കാനോ പങ്കുവയ്ക്കാനോ എഴുത്തുകാരന്‍ അനുമതി നല്‍കുന്നതിനെയാണ് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് (സിസി) എന്നു പറയുന്നത്. മലയാളത്തിലെ ആകെയുള്ള പുസ്തകങ്ങളില്‍ പകര്‍പ്പവകാശം കഴിഞ്ഞതും പകര്‍പ്പവകാശമുണ്ടായിട്ടും അച്ചടിക്കപ്പെടാത്തതുമായ നിരവധി പുസ്തകങ്ങള്‍ വായനക്കാരില്‍ എത്താതെ പോവുകയാണ്. ഇത്തരം പുസ്തകങ്ങള്‍ പുതിയ തലമുറയെ പരിചയപ്പെടുത്താന്‍ സായാഹ്ന ഫൗണ്ടേഷനു സാധിക്കുന്നു. സമകാലീന പുസ്തകങ്ങളും പഴയ പുസ്തകങ്ങളും ഒരേപോലെ സായാഹ്നയില്‍ ലഭ്യമാണ്.
വിക്കിപീഡിയയുടെ വിക്കി ഗ്രന്ഥശാലയാണ് പകര്‍പ്പവകാശ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ലൈബ്രറി. വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാവുന്ന ഭൂരിഭാഗം പുസ്തകങ്ങളും പകര്‍പ്പവകാശ കാലാവധി കഴിഞ്ഞവയാണ്. കാലഹരണപ്പെട്ട, വിപണിയില്‍ ലഭ്യമല്ലാത്ത നിരവധി പുസ്തകങ്ങളുടെ ഡിജിറ്റല്‍ രൂപമാണ് വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമായിട്ടുള്ളത്. വിക്കി ഗ്രന്ഥശാലയുടെയും സായാഹ്ന ഫൗണ്ടേഷന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സന്നദ്ധപ്രവര്‍ത്തകരാണ്.

prasadak-2പുതിയ സാധ്യതകള്‍ തുറന്ന് മലയാളത്തില്‍ സ്വതന്ത്രപ്രസാധനം എന്ന സങ്കല്‍പം അവതരിപ്പിച്ചതിന് മുന്‍കൈ എടുത്തവരില്‍ പ്രധാനികള്‍ കെ എച്ച് ഹുസയ്‌നും അശോക് കുമാറുമാണ്. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് രംഗത്ത് വഴിത്തിരിവായിത്തീര്‍ന്ന സംഭാവനകള്‍ നല്‍കിയ ആളാണ് കെ എച്ച് ഹുസയ്ന്‍. രചന എന്ന ടെക്സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കി കംപ്യൂട്ടറില്‍ മലയാളം അക്ഷരരൂപങ്ങള്‍ വ്യക്തതയോടെ കാണുവാന്‍ ഇദ്ദേഹം അവസരമൊരുക്കി. പെരിഞ്ഞനത്ത് ഹരിശ്രീ എന്ന പേരില്‍ എഴുപതുകളില്‍ അച്ചടിശാല നടത്തിയിരുന്നയാളാണ് അശോക് കുമാര്‍.
ആശയങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമില്ല, അവയെ പങ്കുവയ്ക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അശോക് കുമാര്‍ പറയുന്നു. കോപ്പിറൈറ്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം അനുവദിക്കുന്നില്ല എന്നതാണ് സ്വതന്ത്ര പ്രസാധകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സവിശേഷത. തനിക്കു ലഭിക്കുന്ന അറിവ് പകര്‍ത്തിയെടുക്കുന്നതും കൈമാറുന്നതും വായനക്കാരന്റെ അവകാശമാണ്. പകരം കോപ്പിലെഫ്റ്റ് എന്ന ആശയം ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. സാധാരണഗതിയില്‍ ഒരു അംഗീകൃത പ്രസാധകര്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ പകര്‍പ്പവകാശം നിശ്ചിതകാലത്തേക്ക് ആ പ്രസാധകര്‍ക്കായിരിക്കും. ഇക്കാലയളവില്‍ പുസ്തകത്തിന്റെ കോപ്പികള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രസാധകര്‍ക്കു സ്വന്തമാണ്. എഴുത്തുകാരന് പ്രസാധകര്‍ നിശ്ചിത തുക റോയല്‍റ്റിയായി നല്‍കും. എന്നാല്‍, സ്വതന്ത്രപ്രസാധനത്തില്‍ കോപ്പിറൈറ്റ് വാഗ്ദാനം നല്‍കുന്നില്ല. പകരം പ്രസാധകര്‍ എന്ന ഇടനിലക്കാരനില്ലാതെ എഴുത്തുകാരന്‍ നേരിട്ട് മാര്‍ക്കറ്റിങും പ്രസാധനവും ഏറ്റെടുക്കുന്നു. അതോടൊപ്പം തന്നെ കോപ്പിറൈറ്റ് എന്ന അതിര്‍വരമ്പില്ലാതെ പുസ്തകം സ്വന്തമാക്കുന്നവര്‍ക്ക് ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം.
ബൗദ്ധിക സ്വത്തവകാശത്തിന്റെ  പരിധിയില്‍ വരുന്ന പകര്‍പ്പവകാശം കലാപരമോ സാഹിത്യപരമോ ആയ ഒരു പുതിയ സൃഷ്ടിക്ക് ലഭിക്കുന്ന നിയമസംരക്ഷണമാണ്. ഒരു സൃഷ്ടികര്‍ത്താവിന്റെ മരണം വരെ അയാള്‍ക്കും മരണശേഷം 70 വര്‍ഷക്കാലം ബന്ധുക്കള്‍ക്കും കോപ്പിറൈറ്റ് അവകാശമുണ്ടായിരിക്കും. അതിനുശേഷം പകര്‍പ്പവകാശം ഇല്ലാതാവും. ഈയിടെ അങ്ങനെ സ്വതന്ത്ര വിപണിയിലെത്തിയ പുസ്തകങ്ങളാണ് ഹിറ്റ്‌ലറുടെ 'മെയിന്‍കാഫും' 'ആനിഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും'. സാഹിത്യപരവും സംഗീതാടിസ്ഥാനത്തിലുള്ളതുമായ സൃഷ്ടികള്‍ക്കും കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവയ്ക്കും പകര്‍പ്പവകാശമുണ്ട്.
കോപ്പിലെഫ്റ്റ് എന്നാല്‍, പുസ്തകം സൗജന്യമാക്കുകയെന്നുള്ള തെറ്റിദ്ധാരണയാണ് പലര്‍ക്കും. എന്നാല്‍, കോപ്പിലെഫ്റ്റ് എന്നതിലൂടെ സൃഷ്ടിയെ സ്വതന്ത്രമാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നല്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കോപ്പിലെഫ്റ്റ് വായനക്കാര്‍ക്ക് അവസരം നല്‍കുന്നില്ല- അശോക് കുമാര്‍ പറയുന്നു.

മലയാളപ്പച്ച
കോപ്പിലെഫ്റ്റ്  രീതിയിലൂടെ ഐഎസ്ബിഎന്‍ നമ്പറോടുകൂടി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ റിസര്‍ച്ച് ജേണല്‍ ആണ് 'മലയാളപ്പച്ച'. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ആറുമാസത്തിലൊരിക്കല്‍ എന്ന നിലയില്‍ ഈ ജേണലിന്റെ ആദ്യലക്കം പുറത്തിറക്കിയത്.
'സാധാരണഗതിയില്‍ ഒരു ഗവേഷക ജേണല്‍ ഇറക്കുക എന്നത് സര്‍വകലാശാലകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു. സ്വതന്ത്ര പ്രസാധനത്തിലൂടെ ഒരു കലാലയമെന്ന നിലയില്‍ ഞങ്ങള്‍ക്കും ഇതിന് സാധിച്ചു' - പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയ മലയാളവകുപ്പ് മേധാവി പ്രഫ. കെ കെ മുഹമ്മദ് ബഷീര്‍ പറയുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയാണ് ജേണല്‍ കൈകാര്യം ചെയ്യുന്ന മുഖ്യവിഷയങ്ങള്‍. 192 പേജുകളോടുകൂടി കഴിഞ്ഞ ആഗസ്തില്‍ 'മലയാളപ്പച്ച'യുടെ ആദ്യപ്രതി പുറത്തിറക്കി. കൂടുതല്‍ വിപുലീകരിച്ച് അടുത്ത ലക്കം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും.
'മലയാളപ്പച്ച'യുടെ 100 കോപ്പികളാണ് അടിച്ചിരിക്കുന്നത്. വിവിധ സര്‍വകലാശാലകളിലേക്കും സാഹിത്യ അക്കാദമിയിലേക്കും പുസ്തകം അയച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ആദ്യപ്രതി തന്നെ നേടിക്കഴിഞ്ഞത്. സൗജന്യമായാണ് പുസ്തകം വിതരണം ചെയ്യുന്നത്. മീര, രചന തുടങ്ങിയ തനതു ലിപികളാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. മുഹമ്മദ് ബഷീറിനൊപ്പം അധ്യാപകരായ എം രാമചന്ദ്രന്‍ പിള്ള, റോഷ്‌നി കെ ലാല്‍, ഡോ. ഗംഗാദേവി, ഷറീന റാണി ജി ബി, ദീപ ബി എസ്  തുടങ്ങിയവരാണ് എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. അശോക് കുമാര്‍ 'മലയാളപ്പച്ച'യുടെ ബുക്ക് ഡിസൈനിങ് നിര്‍വഹിച്ചു. മലയാളംവകുപ്പു തന്നെയാണ് പ്രസിദ്ധീകരണത്തിനായുള്ള ചെലവും കണ്ടെത്തിയത്.
prasadak-1സ്വതന്ത്ര പ്രസാധനത്തില്‍ അച്ചടിയും വില്‍പനയും എല്ലാം എഴുത്തുകാരന്‍ തന്നെ ഏറ്റെടുക്കുമ്പോള്‍ അവിടെ നഷ്ടത്തിന്റെ ആവശ്യമില്ല. സുഹൃത്തുക്കളും പരിചയക്കാരുമടങ്ങുന്ന ചെറിയ ചുറ്റുപാടില്‍ പുസ്തകം വില്‍ക്കുകയാണെങ്കില്‍ തന്നെ നല്ല ലാഭം കിട്ടും. അംഗീകൃത പ്രസാധകര്‍ അച്ചടിച്ചില്ലെങ്കില്‍ പുസ്തകത്തിനു വേണ്ടത്ര പബ്ലിസിറ്റി ലഭിക്കില്ല എന്ന ഓരോ എഴുത്തുകാരന്റെയും സംശയത്തെ അസ്ഥാനത്താക്കുകയാണ് ന്യൂ മീഡിയ നല്‍കുന്ന അവസരങ്ങള്‍. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം ഇന്റര്‍നെറ്റില്‍ പുസ്തകത്തിന്റെ കോപ്പി ലഭ്യമാക്കിയാല്‍ പുസ്തകം കൂടുതല്‍ വായനക്കാരിലേക്കെത്തും.
എം എം സോമശേഖരന്റെ 'മാര്‍ക്‌സ്, മാര്‍ക്‌സിസം, മൂലധനം' എന്ന പുസ്തകം സ്വതന്ത്ര പ്രസാധനരീതിയിലാണ് പ്രകാശിപ്പിക്കപ്പെട്ടത്. പുസ്തകത്തിന്റെ ആവശ്യക്കാരുടെ ഏകദേശം എണ്ണം കണക്കാക്കി 1000 കോപ്പികളാണ് അച്ചടിച്ചത്. മുമ്പത്തേക്കാള്‍ അനായാസമായി ഉപയോഗിക്കാവുന്ന വിധത്തില്‍ മലയാളത്തിന്റെ തനതു ലിപിയില്‍ തയ്യാറാക്കാന്‍ സാധിച്ചുവെന്നതാണ് ഈ പുസ്തത്തിന്റെ പ്രത്യേകത.
'അറബിക്കുതിര' എന്ന തന്റെ നോവലിന്റെ 24 കോപ്പികള്‍ അച്ചടിച്ചു കിട്ടാന്‍ 2700 രൂപ മാത്രമാണ് ചെലവു വന്നതെന്നു ഗ്രന്ഥകാരനായ ഹസ്സന്‍ നാസര്‍ പറയുന്നു. പുസ്തകത്തിന്റെ ഡിടിപിയും കവര്‍ ഡിസൈനുമെല്ലാം ഗ്രന്ഥകാരന്‍ സ്വയം നിര്‍വഹിച്ചു. കൊല്ലം ചാത്തന്നൂരിലെ ഒരു പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് പ്രസ്സിലാണ് അടിച്ചത്. 300 പേജ് വരുന്ന പുസ്തകത്തിന്റെ ഒറ്റപ്രതിക്ക് ശരാശരി 113രൂപ നിര്‍മാണച്ചെലവു വന്നു. കോപ്പികളുടെ എണ്ണം കൂടുന്തോറും ഇത് കുറഞ്ഞുവരുമെന്ന് നോവലിസ്റ്റ് പ്രതീക്ഷിക്കുന്നു.
ലോകത്ത് പലയിടത്തും സ്വതന്ത്ര പ്രസാധനത്തിന്റെ വന്‍ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഏറ്റവും അവസാനവും വേണ്ടത്ര കാര്യക്ഷമമല്ലാത്ത രീതിയിലും സ്വതന്ത്രപ്രസാധനം ഉപയോഗപ്പെടുത്തുന്നത് മലയാളികളാണെന്നാണ് അശോക് കുമാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it