പ്രസാദ് യാത്രയായത് ആറ് ജീവനുകള്‍ക്ക് സുരക്ഷ നല്‍കി

കൊച്ചി: സുരക്ഷാ ജീവനക്കാരനായ പ്രസാദ് യാത്രയായത് ആറു പേരുടെ ജീവിതത്തിന് സുരക്ഷ നല്‍കി. മസ്തിഷ്‌കമരണം സംഭവിച്ച ആലപ്പുഴ മുതുകുളം നോര്‍ത്ത് ചേപ്പാട് പ്രസാദം വീട്ടില്‍ പി ജെ പ്രസാദി(54)ന്റെ ഹൃദയവും കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്യാനാ ണ് ബന്ധുകള്‍ തയ്യാറായത്.
വെളിയകുളങ്ങര കുറ്റിക്കാട്ടില്‍ വീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്റെയും ചിന്നമ്മയുടെയും മകനാണ് പ്രസാദ്. കഴിഞ്ഞ 18നു വൈകീട്ട് രാമപുരത്തുവച്ച് നടന്നുപോവുന്നതിനിടയില്‍ പ്രസാദിനെ കാറിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ഹരിപ്പാട് ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും നില ഗുരുതരമായതോടെ 19നു പുലര്‍ച്ചെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദിന്റെ മസ്തിഷ്‌കമരണം ഇന്നലെ സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ അദ്ദേഹത്തിന്റെ ഭാര്യ രാധാമണിയും മക്കളും തയ്യാറാവുകയായിരുന്നു.
ഹൃദയം ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ ചികില്‍യിലുള്ള ജോര്‍ജ് ദേവസ്യക്കു വച്ചുപിടിപ്പിച്ചു. കോട്ടയം സ്വദേശി താജി തോമസിനാണ് കരള്‍ വച്ചുപിടിപ്പിച്ചത്. ഒരു വൃക്ക ചേര്‍ത്തല സ്വദേശി ജോര്‍ജ് ജോസഫിനും അടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗിക്കും മാറ്റിവച്ചു. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it