പ്രസരണശേഷി വര്‍ധിപ്പിക്കല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിടുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിക്ക് കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍മാരുടെ യോഗം ഭരണാനുമതി നല്‍കി. നിലവിലുള്ള പ്രസരണശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുഗലൂരില്‍ നിന്ന് മാടക്കത്തറയിലേക്കുള്ള ആദ്യ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റ് ലിങ്ക് ലഭ്യമാകുമ്പോള്‍ അതിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കും വിധമാവും ട്രാന്‍സ്ഗ്രിഡ് തയാറാവുക. 9,400 കോടി രൂപയാണ് പദ്ധതി ചെലവ്.
ആദ്യഘട്ടത്തില്‍ 4745.77 കോടി മുടക്കി മാടക്കത്തറ 400 കെവി സബ്‌സ്‌റ്റേഷനില്‍ നിന്ന് അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലേക്കുള്ള 400/220 കെവി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ പൂര്‍ത്തിയാക്കും. കൂടാതെ, കാസര്‍കോട് മൈലാട്ടി, വയനാട്, ഇടമണ്‍, കോട്ടയം, കൊല്ലം, കുണ്ടറ എന്നിവിടങ്ങളില്‍ 400 കെവി സബ് സ്‌റ്റേഷനുകള്‍ നിര്‍മിക്കും. നീലേശ്വരം, കുന്ദമംഗലം, തലശ്ശേരി, കക്കയം തുടങ്ങി 26 പുതിയ 220 കെവി സബ് സ്‌റ്റേഷനുകളും ട്രാന്‍സ്ഗ്രിഡിന്റെ ഭാഗമായി സജ്ജമാകും. കാസര്‍കോട് ജില്ലയിലെ അമ്പലത്തറയില്‍ പുതുതായി നിര്‍മിക്കുന്ന 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍ നിന്ന് വൈദ്യുത പ്രസരണത്തിനായി 33/220 കെവി സബ്‌സ്‌റ്റേഷന്‍ നിര്‍മിക്കും. 220 കെവി കാണിത്തോട് മൈലാട്ടി ലൈനിലേക്ക് ബന്ധിപ്പിക്കും വിധം 220 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പണിയുന്നതിനും ഭരണാനുമതി നല്‍കി.
ചാലക്കുടിയിലെ 110 കെവി സബ് സ്‌റ്റേഷന്‍ 220 കെവി ആയി ഉയര്‍ത്താന്‍ 12 കിമീ നീളത്തില്‍ പുതിയ 220 കെവി മള്‍ട്ടി സര്‍ക്യൂട്ട് ലൈന്‍ പണിയുന്നതിന് 45 കോടിയുടെ ഭരണാനുമതി നല്‍കി. ഏറനാട് ലൈന്‍ പാക്കേജിന്റെ ഭാഗമായി നിലവിലുള്ള മാടക്കത്തറ- അരീക്കോട് 220 കെവി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 400/220 കെവി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനായി ഉയര്‍ത്തുന്നതിനും നിലവിലുള്ള കീഴിശ്ശേരി-നല്ലളം 110 കെവി ലൈന്‍ 220 കെവി ആയി ഉയര്‍ത്തുന്നതിനും 521 കോടിയുടെ അനുമതി നല്‍കി.
വിതരണരംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് കണ്ണൂര്‍ കേന്ദ്രമാക്കി പുതിയ മേഖല (ചീഫ് എന്‍ജിനീയര്‍ ഓഫിസ്) രൂപീകരിക്കും. നിലവിലുള്ള ഉത്തര മേഖല വിഭജിച്ചായിരിക്കും കണ്ണൂര്‍ മേഖല രൂപീകരിക്കുക. നിലവിലെ ദക്ഷിണ-മധ്യ-ഉത്തര മേഖലകള്‍ ഇനി മുതല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലകളായാവും അറിയപ്പെടുക. വിതരണ മേഖലയില്‍ പുതുതായി 29 സെക്ഷന്‍ ഓഫിസുകള്‍ രൂപീകരിക്കുന്നതിനും ഭരണാനുമതി നല്‍കി. പെരുമ്പാവൂര്‍ ഇലക് ട്രിക്കല്‍ ഡിവിഷന്‍ വിഭജിച്ച് അങ്കമാലി കേന്ദ്രമാക്കി ഒരു പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിക്കുന്നതിനും ഭരണാനുമതി നല്‍കി.
Next Story

RELATED STORIES

Share it