പ്രശ്‌നങ്ങള്‍ കെപിസിസി ഉപസമിതി പരിശോധിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ പുറപ്പെടുവിച്ച നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ ചട്ടഭേദഗതി കെപിസിസി പരിശോധിക്കും. ഇതിനായി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായി ഉപസമിതിയെ നിയോഗിച്ചു. കെ ശിവദാസന്‍ നായര്‍, സി പി മുഹമ്മദ്, ടി എന്‍ പ്രതാപന്‍, സണ്ണിജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ചടങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
2008 ആഗസ്റ്റ് 12 നാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. വര്‍ഷത്തിലൊരിക്കലെങ്കിലും നെല്‍കൃഷിയിറക്കുന്നതോ കൃഷിക്കു യോഗ്യമെങ്കിലും തരിശായിട്ടിരിക്കുന്നതോ ആയ ഭൂമി, ഇതോടനുബന്ധിച്ചുള്ള ബണ്ട്, തോട്, കുളം തുടങ്ങിയവയാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി നികത്തല്‍ 2008നു മുമ്പോ ശേഷമോ എന്നു കണക്കാക്കി ഡാറ്റാ ബാങ്ക് തയാറാക്കണണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമത്തിലേതിന് തികച്ചും വിരുദ്ധമായ നിര്‍വചനമാണ് റവന്യൂ വകുപ്പ് നവംബര്‍ 28ന് പുറത്തിറക്കിയ ചട്ടത്തിലുള്ളത്.
വില്ലേജ് രേഖകളില്‍ നിലമെന്നു കാണുന്നതും ഡാറ്റാബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പടാത്തതുമായ സ്ഥലം 2008 ആഗസ്റ്റ് 12 നു മുമ്പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം നല്‍കി ക്രമപ്പെടുത്താമെന്നാണ് ഭേദഗതി. 37 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ മാത്രമാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ ഡാറ്റാ ബാങ്കിലില്ലാത്തതിനാല്‍ 2008നു ശേഷമുള്ള നികത്തലും അംഗീകരിക്കപ്പെടുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭേദഗതിയെക്കുരിച്ച് അറിയില്ലെന്ന് നിയമസെക്രട്ടറി വിശദീകരിക്കുമ്പോള്‍ റവന്യൂ വകുപ്പിനു നേരെയാണ് ആരോപണമുയരുന്നത്. നിയമഭേദഗതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി ഉപസമിതിയെ നിയോഗിച്ചത്.
Next Story

RELATED STORIES

Share it