thiruvananthapuram local

പ്രശംസനീയം...ഫെസ്റ്റ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം

എം എം അന്‍സാര്‍

വഴികാട്ടികളായും തിരക്ക് നിയന്ത്രിച്ചും വേണ്ടുന്ന സഹായങ്ങള്‍ ചെയ്തും കലോല്‍സവ വേദികളില്‍ കുട്ടിപ്പോലിസുകാരായ ഫെസ്റ്റ് ഫോഴ്‌സ് സജീവമാവുന്നു. 2010ലും 2015ലും കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രയോഗിച്ച അതേ രീതിയാണ് അനന്തപുരിയിലും കേരള പോലിസിന്റെ സഹകരണത്തോടെ ആയിരം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടപ്പിലാക്കിവരുന്നത്. വിവിധ ജില്ലകളില്‍ നിന്നും കലോല്‍സവത്തില്‍ പങ്കെടുക്കാനായി അവര്‍ക്കൊപ്പമുള്ളവര്‍ക്കുമുള്ള വേദികളും താമസ സ്ഥലങ്ങളിലേക്കുള്ള വഴികളും പറഞ്ഞുകൊടുക്കല്‍, ട്രാഫിക് നിയന്ത്രണം, പാര്‍ക്കിങ് തിട്ടപ്പെടുത്തല്‍ തുടങ്ങി എല്ലാം മേഖലയിലും ഈ ചുണകുട്ടന്മാരും ചുണകുട്ടികളും രാത്രി വൈകിയും സജീവമാണ്. തലസ്ഥാന നഗരിയിലെ 20 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണിവര്‍. 500 ആണ്‍കുട്ടികളും 500 പെണ്‍കുട്ടികളുമാണ് കര്‍മനിരയിലുള്ളത്. സിറ്റി പോലിസ് കമ്മീഷണര്‍ സര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് അധികാരികളാണ് ഇവര്‍ക്കുള്ള ട്രെയിനിങ് നല്‍കിയത്. ഗവ. മോഡല്‍ സ്‌കൂളില്‍ നടത്തിയ അഞ്ചുനാളത്തെ ട്രെയിനിങ്ങില്‍ 2010ല്‍ ഈ പദ്ധതികളുമായി കോഴിക്കോട് വന്ന ഇരിങ്ങല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ കെ വി ബാബുവിന്റെ നേതൃത്തിലായിരുന്നു. കലോല്‍സവം നടക്കുന്ന മുഴുവന്‍ വേദികളിലും ഫെസ്റ്റ് ഫോഴ്‌സ് സജീവമായി രംഗത്തുണ്ട്. അധികൃതര്‍ ഏല്‍പിച്ച ജോലി നൂറുശതമാനവും ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടെന്നാണ് സംഘത്തിലുള്ള കുട്ടികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it