പ്രവാസി ഭാരതീയ ദിവസ് ഇനി രണ്ട് വര്‍ഷത്തിലൊരിക്കല്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാജ്യത്ത് വിപുലമായി സംഘടിപ്പിക്കാറുള്ള വാര്‍ഷിക പ്രവാസി ദിവസ് ഒഴിവാക്കാനും പകരം സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ അവ സംഘടിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  എന്നാല്‍, ഇത്തരം ദൈ്വവാര്‍ഷിക പ്രവാസി സമ്മേളനങ്ങള്‍ ഇല്ലാത്ത വര്‍ഷങ്ങളില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളെ വച്ച്‌കൊണ്ടുള്ള ചെറിയ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള ആദ്യ സമ്മേളനം അടുത്ത വര്‍ഷം  ജനുവരി ആദ്യവാരം ന്യൂഡല്‍ഹിയില്‍ നടക്കും. വിദേശ രാജ്യങ്ങളിലും പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ താമസിക്കുന്ന വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന മേഖലാതലത്തിലുള്ള ഇത്തരം സമ്മേളനങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ച് ഭാരത് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്  അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന പരിപാടിയിലേക്ക് വിവിധ മേഖലകളിലുള്ള പ്രവാസി ഇന്ത്യക്കാരെ കണ്ടെത്താന്‍ അതാത് രാജ്യത്തെ നയതന്ത്രജ്ഞര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രവാസി  സമ്മേളനം ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

മുന്‍ കാലങ്ങളില്‍ നടന്ന പ്രവാസി ദിവസ് സമ്മേളനങ്ങളില്‍ ഗുണകരവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അത് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.  ജനുവരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അതിന്മേല്‍ എടുത്ത തുടര്‍നടപടികള്‍ എന്തൊക്കെയെന്നും 2017ല്‍ നടക്കുന്ന പ്രവാസി ദിവസില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅമ്പതോളം പേരാണ് ജനുവരിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുക. അടല്‍ ബിഹാരി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഭാരതീയ പ്രവാസി ദിവസ് ഇതുവരെ 13 തവണ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it