Gulf

പ്രവാസി തൊഴിലാളികളെ സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നൂതന സംരംഭം

ദോഹ: പ്രവാസി തൊഴിലാളികളെയും ദരിദ്ര കുടുംബങ്ങളെയും സഹായിക്കുന്നതിന് ഖത്തര്‍ ചാരിറ്റി പുതിയ സംരംഭത്തിന് തുടക്കമിട്ടു. വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി സഹായം നല്‍കുക എന്ന ലക്ഷ്യവുമായാണ് യെശ്തലൂന്‍(അവര്‍ക്ക് കുറേക്കൂടി അര്‍ഹതയുണ്ട്) എന്ന കാംപയ്‌ന് തുടക്കമിട്ടിരിക്കുന്നത്. കാംപയ്‌നില്‍ കമ്പനികളെയും വ്യക്തികളെയും 5 റിയാലിന്റെയും 10 റിയാലിന്റെയും വൗച്ചറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വൗച്ചറുകള്‍ തൊഴിലാളികള്‍ക്ക് ടിപ്പ് ആയോ നല്ല സേവനത്തിനുള്ള സമ്മാനമായോ നല്‍കാം. ഖത്തര്‍ ചാരിറ്റിയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സൗജന്യ നിരക്കില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഈ വൗച്ചറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ആയിരക്കണക്കിന് തൊഴിലാളികള്‍ ഉള്ള ഒരു കമ്പനിക്ക് തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം ശരിയായ രീതിയില്‍ സമ്മാനങ്ങള്‍ നല്‍കുക പ്രയാസമായിരിക്കും. അത്തരം കമ്പനികള്‍ക്ക് ഈ വൗച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. 5 റിയാല്‍ കൊടുത്താല്‍ കടയില്‍ നിന്ന് ഒന്നും വാങ്ങാന്‍ സാധിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ ഈ വൗച്ചര്‍ ഉപയോഗിച്ച് ഖത്തര്‍ ചാരിറ്റി ഔട്ട്‌ലെറ്റുകൡ നിന്ന് ചിലപ്പോള്‍ ഹില്‍ഫിഗര്‍ പോലുള്ള മികച്ച ഒരു ഷര്‍ട്ട് വാങ്ങാന്‍ കഴിയുമെന്ന് ഖത്തര്‍ ചാരിറ്റി വൊളന്റിയര്‍ അഹ്മദ് സിദാന്‍ പറഞ്ഞു.
ഖത്തര്‍ ചാരിറ്റി ഒരു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന തായിഫ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പുതിയ സംരംഭം പ്രാവര്‍ത്തികമാക്കുന്നത്. സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള 200ഓളം കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന ഗുണനിലാവാരമുള്ള സെക്കന്റ് ഹാന്‍ഡ് വസ്തുക്കള്‍ ഉപയോഗിച്ചാണ് തായിഫ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. ഭക്ഷണവും പണവും ഒഴിച്ചുള്ള എന്തും ഇവിടെ സ്വീകരിക്കും. ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കള്‍ ശുദ്ധിയാക്കുകയും തരം തിരിക്കുകയും ചെയ്ത ശേഷം ചാരിറ്റിയുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള കടകളിലൂടെ മിതമായ നിരക്കില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. 5 റിയാല്‍ വിലയില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.
ഖത്തര്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്ത് മുന്നിലാണെങ്കിലും നിത്യച്ചെലവുകള്‍ മൂന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കാത്ത ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളും രാജ്യത്തുണ്ട്. കമ്പനികള്‍ തൊഴിലാളികള്‍ക്ക് സമ്മാനം നല്‍കുന്നതിന് പുറമേ വ്യക്തികള്‍ക്ക് ടിപ്പ് നല്‍കാനും ഈ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് സിദാന്‍ ചൂണ്ടിക്കാട്ടി. ടിപ്പോ സമ്മാനങ്ങളോ നല്‍കുമ്പോള്‍ അത് എന്തിനാണ് അവര്‍ ഉപയോഗിക്കുകയെന്ന് നിങ്ങള്‍ക്ക് നിശ്ചയമുണ്ടാവില്ല. ഒരു പക്ഷേ മദ്യപാനത്തിനോ സിഗരറ്റ് വലിക്കാനോ ഉപയോഗിച്ചേക്കാം. എന്നാല്‍, ഈ വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്കോ കുടുംബത്തിനോ ഉപകാരമുള്ള വസ്തുക്കള്‍ മാത്രമേ വാങ്ങാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൗച്ചര്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഖത്തര്‍ ചാരിറ്റിയുടെ അന്താരാഷ്ട്ര അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it