ernakulam local

പ്രവാസിയുടെ റിയാല്‍ തട്ടിയ കേസ്: ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ആലുവ: വിദേശയത്രക്കാരന്റെ റിയാല്‍ തട്ടിയെടുത്ത കേസില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മാറംമ്പള്ളി കാട്ടുവള്ളിപ്പറമ്പില്‍ വീട്ടില്‍ റഷീദ് (28), അശോകപുരം ഓലിപ്പറമ്പില്‍ വീട്ടില്‍ പോപ്പി എന്ന് വിളിക്കുന്ന ലിനില്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു തട്ടിപ്പിനിരയായ സംഭവം. ഒമാനില്‍ നിന്നും വന്ന കാഞ്ഞിരപ്പിള്ളി ഇരുമ്പ്പാലത്തിന് സമീപം കരിപ്പായില്‍ കണ്ടത്തില്‍ ഹിജാസ് (43)ആണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ മൂന്നിന് സ്റ്റാന്റില്‍ നിന്നും ഓട്ടോറിക്ഷ വിളിക്കുകയും, പോപ്പി എന്ന് വിളിക്കുന്ന ലിനിന്‍ തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനെ ആലുവയിലെ ഒരു ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ പോപ്പി പരിചയപ്പെടുത്തി മുറിയെടുത്ത് നല്‍കിയ ശേഷം യാത്രക്കാരന്റെ ബാഗില്‍നിന്നും 120 ഒമാന്‍ കറന്‍സിയായ 20,000 രൂപ തട്ടിയെടുത്തു ഇയാള്‍ രക്ഷപ്പെട്ടു. യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ആലുവ പൊലിസ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോപ്പി പൊലിസിന്റെ വലയിലായത്.
പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവറായ റഷീദിനേയും കൂട്ടി, പോപ്പി ആലുവയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി കറന്‍സി മാറ്റി പണം വീതിച്ചെടുക്കുകയാണെന്ന് വ്യക്തമായത്.
കട റെയ്ഡ് നടത്തി വിദേശ കറന്‍സി കണ്ടെടുത്തു. വിദേശ കറന്‍സി വിനിമയ നിയമപ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തതായി ആലുവ എസ്‌ഐ ടി ബി വിജയന്‍ അറിയിച്ചു. എഎസ്‌ഐമാരായ ശശീന്ദ്രന്‍, ഇബ്രാഹിംകുട്ടി, സിപിഒമാരായ ഹരി, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it