പ്രവാസിക്ഷേമ ഭേദഗതി ബില്ല് നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാവാനുള്ള പ്രായപരിധി 55ല്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബില്ല് നിയമസഭ പാസ്സാക്കി. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അവതരിപ്പിച്ച ബില്ല് വോട്ടെടുപ്പ് കൂടാതെയാണ് പാസ്സായത്.
പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 25,000 പ്രവാസി കേരളീയര്‍ക്ക് കൂടി ക്ഷേമനിധിയില്‍ പുതുതായി അംഗത്വം ലഭിക്കും. 60 വയസ്സിനു മുമ്പ് അംഗത്വം നേടുകയും കുറഞ്ഞത് അഞ്ചുവര്‍ഷം വരെ അംശാദായം ഒടുക്കുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷനും ചികില്‍സാസഹായവും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമനിധി നിയമത്തിലാണ് ഭേദഗതി വരുത്തിയത്. പുതിയ അംഗങ്ങളില്‍ നിന്നും 5,40,00,000 രൂപ അംശാദായമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒരുമാസത്തിനുള്ളില്‍ നോര്‍ക്ക ഓഫിസ് ആരംഭിക്കുമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. അവധിക്കാലത്ത് വിമാന കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
2015ലെ ഹിന്ദു പിന്തുടര്‍ച്ചാ (കേരള ഭേദഗതി) ബില്ലും നിയമസഭ പാസ്സാക്കി. 1956ലെ ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്ല്. ഹിന്ദു സമുദായത്തിലെ പുരുഷന്‍ മരിച്ചാല്‍ അയാളുടെ സ്വത്തുക്കള്‍ നിലവിലെ നിയമപ്രകാരം അദ്ദേഹത്തിന്റെ മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ്. ഇത്തരത്തില്‍ മരിച്ച പുത്രനില്‍ നിന്ന് ഈ നിയമപ്രകാരം സ്വത്തുക്കള്‍ ലഭിച്ചിട്ടുള്ള മാതാവ് മരണശാസനം കൂടാതെ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ അവരുടെ അനന്തരാവകാശികള്‍ക്കെല്ലാംകൂടി അവകാശപ്പെട്ടതായിരുന്നു. ഈ നിയമത്തിലെ അനീതി ഒഴിവാക്കാനാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയത്.
കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കേരളാ സ്‌പോര്‍ട്‌സ് ഭേദഗതി ബില്ലും നിയമസഭ പാസ്സാക്കി. 2015 സപ്തംബര്‍ 18ന് ഗവര്‍ണര്‍ ഇറക്കിയ ഓഡിനന്‍സിന് പകരമായുള്ള ബില്ല് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സഭയില്‍ അവതരിപ്പിച്ചത്. 34നെതിരേ 54 വോട്ടുകള്‍ക്കാണ് ബില്ല് പാസ്സായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 446 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ കാലത്ത് കായികതാരങ്ങള്‍ക്ക് 16.9 കോടി രൂപ ക്യാഷ് അവാര്‍ഡായി നല്‍കി. ജി വി രാജ സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി വിദ്യാഭ്യാസവകുപ്പുമായി ധാരണയിലെത്തി. ഉഷാ സ്‌പോര്‍ട്‌സ് സ്‌കൂളിന് 43 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മെഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് സഹായം നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it