പ്രവാചകന്റെ ലോകം; പ്രവാചകന്റെ വഴി

എ സഈദ്

യാന്ത്രികത ഇല്ലാതാവുകയും ജീവിതത്തിനു ലക്ഷ്യനിര്‍ണയം ഉണ്ടാവുകയും ചെയ്താല്‍ ഒരാള്‍ക്കു ധന്യനാവാം. താന്‍ വഴി തന്നിലോ കുടുംബത്തിലോ നാട്ടിലോ എന്തു ഫലമുണ്ടായെന്ന ചിന്ത ജീവിതത്തെ ഗൗരവതരമാക്കും. സാഹചര്യങ്ങളുടെയോ അതല്ലെങ്കില്‍ പരമ്പരാഗത ശീലങ്ങളുടെയോ ഒഴുക്കില്‍ അകപ്പെട്ടുപോവാതെ, താന്‍ ജീവിക്കുന്ന ലോകത്തിന്റെ പ്രശ്‌നങ്ങളും പരിഹാരവും മനസ്സിലാക്കി ആ വഴിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതം അര്‍ഥമുള്ളതായി മാറും.
ഫലം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് മനുഷ്യനില്‍ നിന്ന് അല്ലാഹു പ്രതീക്ഷിക്കുന്നത്: ''ഒരു ഉദാഹരണമായി അല്ലാഹു രണ്ടാളുകളെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു. അതിലൊരാള്‍ സംസാരിക്കാത്തവനാണ്. ഒരു കാര്യത്തിലും അവനു നിലപാടില്ല. തനിക്കു വേണ്ടപ്പെട്ടവര്‍ക്ക് അവന്‍ ഭാരമായിരിക്കുന്നു. ഏതു വഴിക്കു തിരിച്ചുവിട്ടാലും ഒരു ഗുണഫലവും അവന്‍ കൊണ്ടുവരില്ല. അവനും നീതിക്കായി ശബ്ദമുയര്‍ത്തുന്ന മറ്റേയാളും സമമാവുമോ? അദ്ദേഹം വളച്ചുകെട്ടില്ലാത്ത വഴി സ്വീകരിച്ചവനാണെന്നിരിക്കെ?'' (ഖുര്‍ആന്‍ 16:76). തന്റെ ചുറ്റുപാടിനോടു പ്രതികരിക്കാത്ത മനുഷ്യന്‍. കണ്ണിനു മുന്നില്‍ എന്ത് അക്രമം കണ്ടാലും അയാള്‍ക്ക് അനക്കമില്ല. അനീതി കണ്ടാല്‍ എതിര്‍പ്പില്ല. തട്ടിപ്പും വെട്ടിപ്പും തടയുന്നില്ല. ഈ നിലപാടിനെ വിമര്‍ശിക്കുകയാണ് അല്ലാഹു.
നീതിക്കു വേണ്ടി നിലകൊള്ളുകയും അതിനു മുറവിളി കൂട്ടുകയും സമരം നടത്തുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ജീവിതം അര്‍ഥവത്താവുകയെന്നു വ്യക്തമാക്കുന്നു ഖുര്‍ആനിലെ ഈ വചനം.
പ്രവാചകന്‍ രംഗത്തുവരുന്ന സമയത്ത് ലോകത്തു നേതൃത്വത്തിന്റെ കുറവുണ്ടായിരുന്നില്ല. ആത്മീയതയുടെ കമ്മിയുമില്ല. പരസ്പരം കലഹിക്കുന്നവരാണെങ്കിലും അറബികള്‍ക്കും അവരുടെ ഗോത്രങ്ങളും നേതാക്കളുമെല്ലാം ഉണ്ടായിരുന്നു. മക്കയിലെ പുണ്യദേവാലയത്തോട് ഭക്തിബഹുമാനങ്ങളും അടുപ്പവുമുണ്ടായിരുന്നു അവര്‍ക്ക്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മറിച്ചായിരുന്നില്ല സ്ഥിതി. രാജാക്കന്മാരും പുരോഹിതരും അടങ്ങിയ വരേണ്യസമൂഹം അധികാരവും മതകാര്യങ്ങളും വാണു. യുദ്ധങ്ങളും നികുതിപിരിവും പൂജകളും ആഘോഷങ്ങളുമായി രംഗം സജീവമായിനിന്നു. പക്ഷേ, ആ സജീവതയ്ക്ക് ആത്മാവുണ്ടായിരുന്നില്ല. ഭരണത്തിന്റെ ആനുകൂല്യം കൊട്ടാരത്തില്‍ ഉള്ളവര്‍ക്കും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവര്‍ക്കും മാത്രം. സാധാരണക്കാര്‍ വെറും അടിമകള്‍.
ദൈവസാന്നിധ്യവും ദൈവികനീതിയും മനുഷ്യസമത്വവും പ്രായോഗിക നന്മതിന്മകളുമില്ലാത്ത വ്യവസ്ഥിതിയുടെ അനുബന്ധം മാത്രമായി മതം നിലനിന്നു. ഈ അവസ്ഥയിലേക്കായിരുന്നു പ്രവാചകന്‍ നിയുക്തനായത്. അദ്ദേഹം ജനങ്ങള്‍ക്ക് അവരുടെ ദൈവത്തെ പരിചയപ്പെടുത്തി. പുരോഹിതന്മാരുടെ സാങ്കല്‍പിക ദൈവങ്ങളെയല്ല. തങ്ങളുടെ യഥാര്‍ഥ രാജാവായി ദൈവത്തെ കാണാന്‍ ജനങ്ങളെ അദ്ദേഹം പഠിപ്പിച്ചു. മനുഷ്യരാജാക്കന്മാരുടെ ദുഃസ്വാധീനത്തില്‍ നിന്നും അവരുടെ ബന്ധനത്തില്‍ നിന്നും ജനത്തെ മോചിപ്പിച്ചു. വന്‍ശക്തികളുമായി മുസ്‌ലിംകള്‍ ഏറ്റുമുട്ടി. ജനങ്ങളുടെ ഭരണകൂടം സ്ഥാപിതമായി. ആരാധ്യനായി തങ്ങളുടെ മനസ്സില്‍ കുടിയിരിക്കേണ്ടതു ദൈവം മാത്രമാണെന്ന ബോധം ജനമനസ്സുകളെ ശക്തിപ്പെടുത്തി. ആരാധ്യപുരുഷന്മാരില്‍ നിന്നും ദേവന്മാരില്‍ നിന്നും മനസ്സുകളെ സ്വതന്ത്രമാക്കി.
ഇന്നിപ്പോള്‍ കാര്യം മാറിയിരിക്കുന്നു. ലോകജനത അനാഥത്വം അനുഭവിക്കുന്നുവെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അടുത്ത ഒന്നര വര്‍ഷത്തെ ആഗോള പ്രവണതകളെക്കുറിച്ച് ലോക സാമ്പത്തിക സമിതി നടത്തിയ സര്‍വേ ശ്രദ്ധേയമായ ചില വിവരങ്ങള്‍ വെളിപ്പെടുത്തി. വളരെ ആഴത്തിലുള്ള സാമ്പത്തിക അസമത്വത്തിനു സാക്ഷിയാകാന്‍ പോവുകയാണ് ലോകം. തൊഴിലില്ലാത്ത യുവാക്കളുടെ സാന്നിധ്യം കൂടിയ തോതില്‍ തന്നെ തുടരും. ലോകം മുഴുവന്‍ നേതൃത്വദാരിദ്ര്യം അനുഭവിക്കും. ഭൗമതന്ത്രപ്രധാനമായ മല്‍സരങ്ങള്‍ വ്യാപകമാവും. പ്രാതിനിധ്യ ജനാധിപത്യം ദുര്‍ബലമാവും. പരിസര മലിനീകരണം കൂടും. ശക്തമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കും. വലതുപക്ഷ ദേശീയത ശക്തിപ്പെടും. ജലക്ഷാമം രൂക്ഷമാവും. ലോക സാമ്പത്തിക മേഖലയെത്തന്നെ ബാധിക്കുന്ന രീതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കും.
സാമ്പത്തിക മേഖലയും അങ്ങനെത്തന്നെ. സമ്പത്ത് ഇല്ലാത്തതുകൊണ്ടല്ല ദാരിദ്ര്യമുണ്ടാവുന്നത്. കുത്തകവല്‍ക്കരണമായിരിക്കും ദാരിദ്ര്യത്തിനു കാരണമാവുക. ധാര്‍മിക സദാചാരത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ആചാര്യന്മാരും പുരോഹിതന്മാരും പണ്ഡിതന്മാരും ആത്മീയകേന്ദ്രങ്ങളും പള്ളികളും അമ്പലങ്ങളും പുഷ്ടിപ്പെട്ടുകൊണ്ടേയിരിക്കുന്നു. പക്ഷേ, സദാചാരം എവിടെ?
''പുതച്ചുമൂടിയവനേ, നീ എഴുന്നേല്‍ക്കുക, മുന്നറിയിപ്പു നല്‍കുക. നിന്റെ നാഥനെ നീ വാഴ്ത്തുക. നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയുള്ളതാക്കുക. മാലിന്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക'' (ഖുര്‍ആന്‍ 74:15). ഹിറാ ഗുഹയിലെ അനുഭവങ്ങളില്‍ ആശ്ചര്യപ്പെടുകയും ഭയപ്പെടുകയും ചെയ്ത് പനി പിടിച്ചു വീട്ടില്‍ പുതച്ചുമൂടിക്കിടന്ന മുഹമ്മദിനെ ഈ വചനങ്ങളിലൂടെ വിളിച്ചുണര്‍ത്തുകയാണല്ലോ അല്ലാഹു. അദ്ദേഹം എഴുന്നേല്‍ക്കുകയും ചെയ്തു. മനുഷ്യന്റെ ചെയ്തികളെ ചോദ്യംചെയ്തു. അവരുടെ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും നിരര്‍ഥകത വെളിച്ചത്തു കൊണ്ടുവന്നു. സ്വാഭാവികമെന്നപോലെ സാധാരണക്കാരുടെ ഇടയിലാണ് അദ്ദേഹത്തിനു താവളമൊരുങ്ങിയത്. പ്രമാണിമാരോടാണ് അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിവന്നത്.
പുതച്ചുകിടന്ന പ്രവാചകന്‍ എഴുന്നേല്‍ക്കുന്നതു നമ്മുടെ ഈ കാലഘട്ടത്തിലേക്കാണെന്നു സങ്കല്‍പിക്കുക. എവിടെയായിരിക്കും അദ്ദേഹം വന്നുചേരുക? സമകാലിക ലോകത്തോട് പ്രതികരിക്കാത്ത മതത്തിന്റെ തലപ്പത്തായിരിക്കുമോ? ചേതോഹരമായ പള്ളികളിലാവുമോ? സിംഹാസനതുല്യമായ മിമ്പറുകള്‍ക്കു മുകളിലാവുമോ? അതല്ലെങ്കില്‍ ഭരണാധികാരികളുടെ ആവാസകേന്ദ്രങ്ങളായ കൊട്ടാരങ്ങളിലാവുമോ? അതുമല്ലെങ്കില്‍ മതത്തെ ആചാരവും ആഘോഷവുമാക്കിയവര്‍ ഒരുക്കുന്ന ചടങ്ങുകളിലാവുമോ? ആയിരിക്കാന്‍ ഇടയില്ല. ചിന്തകളെ സ്ഥാനം തെറ്റിക്കുകയും ലക്ഷ്യത്തില്‍ നിന്നു മാറ്റുകയും ചെയ്യുന്നവയില്‍ നിന്നെല്ലാം അല്ലാഹുവിനോട് മോചനം തേടിയയാളാണല്ലോ പ്രവാചകന്‍.
നേതൃത്വത്തെക്കുറിച്ചു ചില പരമ്പരാഗത സങ്കല്‍പങ്ങളുണ്ട്. ഏതു കാര്യത്തിലും മുന്നിട്ടുനില്‍ക്കുന്നവരാവണം അവര്‍. നല്ല സമ്പത്ത്, ആള്‍ബലം, വലിയ കുടുംബം, വില കൂടിയ വസ്ത്രം, വില കൂടിയ വാഹനം, വമ്പന്‍ പ്രസംഗം- ഇങ്ങനെ പോകുന്നു മനോഗതി. അവരുടെ ഉള്ളിലിരിപ്പെന്ത്, അവരുടെ ധാര്‍മികതയുടെ തോതെന്ത്, ജനങ്ങളോട് അവര്‍ക്കു പ്രതിബദ്ധതയുണ്ടോ, അവര്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു- ഇതൊന്നുമല്ല പരിഗണനയ്ക്കു വരുന്നത്. ഏതു കാലത്തും ഈ നില തുടരുന്നു.
മുഹമ്മദ് പ്രവാചകനായി നിയുക്തനായ സമയത്തു പ്രമാണിമാരായ പലരും മക്കയില്‍ ഉണ്ടായിരുന്നു. അവര്‍ ആ പ്രദേശത്തിന്റെ കണ്ണിലുണ്ണികളുമായിരുന്നു. പക്ഷേ, ദരിദ്രനും അനാഥനുമായ മുഹമ്മദിനെ അല്ലാഹു തിരഞ്ഞെടുത്തത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മക്കയിലെ പ്രമാണിമാര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാകാന്‍ അതുതന്നെയായിരുന്നു അടിസ്ഥാന കാരണം. ''അവര്‍ പറഞ്ഞു: എന്താണ് ഈ ദൈവദൂതനു പറ്റിയത്? ഇയാള്‍ നമ്മെപ്പോലെ ഭക്ഷണം കഴിക്കുകയും തെരുവുകളില്‍ കറങ്ങുകയും ചെയ്യുകയാണല്ലോ. നമ്മുടെ അറിവിനായി ഇയാളുടെ അടുത്ത് ഒരു മലക്ക് ഇറങ്ങിവന്നു കൂടെയുണ്ടാവേണ്ടതില്ലേ? അല്ലെങ്കില്‍ ഇയാള്‍ക്ക് ഒരു നിധി വീണുകിട്ടുകയോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാനെങ്കിലും ഒരു തോട്ടത്തിന് ഉടമയാവുകയോ വേണ്ടേ? അക്രമികള്‍ പറഞ്ഞു: കൂടോത്രം ബാധിച്ച ഒരുത്തന്‍ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്ന ഇയാള്‍'' (ഖുര്‍ആന്‍ 25:78).
സാധാരണക്കാരനായ ഒരാളെ നേതാവായി അംഗീകരിക്കാന്‍ അവര്‍ വൈമുഖ്യം കാട്ടി. ഇക്കാര്യത്തില്‍ പ്രമാണിമാര്‍ക്കു പരസ്പര യോജിപ്പുമുണ്ടായിരുന്നു. ഖുറൈശികളില്‍ അധികപേരും ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മദീനയിലെ ജൂതപ്രമാണിമാരില്‍ നിന്നുണ്ടായ പ്രതികരണം ഇതിന് ഉദാഹരണമാണ്.
അടിമത്തവും ഉച്ചനീചത്വവും രക്തച്ചൊരിച്ചിലുകളും ശീലമാക്കിയിരുന്ന ഖുറൈശികളെ നീതിമാന്മാരും നല്ല നേതാക്കളും സമാധാനത്തിന്റെ വക്താക്കളുമായി ജൂതപ്രമാണിമാര്‍ കണ്ടത് അതിലപ്പുറം നേതാക്കളെ സങ്കല്‍പിക്കാനുള്ള അനുഭവ പരിചയം അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാവാം. പക്ഷേ, പ്രവാചകന്‍ ആ സങ്കല്‍പം തിരുത്തി. യഥാര്‍ഥ നീതിയെന്തെന്ന് അതേ ജൂതന്മാര്‍ പ്രവാചകനില്‍ നിന്നു പഠിക്കുന്ന അനുഭവമുണ്ടായി.
പക്ഷേ, നേതൃത്വത്തെക്കുറിച്ചുള്ള ഭാവന പഴയ പരമ്പരാഗത ചിത്രങ്ങളിലേക്കുതന്നെ അന്യായമായി മടങ്ങിയിരിക്കുന്നു. ആയുധശക്തിയും യുദ്ധശേഷിയും സമ്പത്തും ആള്‍ബലവും വാക്ചാതുരിയും തന്ത്രങ്ങളും കുതന്ത്രങ്ങളും വീണ്ടും രംഗം കീഴടക്കുകയാണ്. മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നീതിക്കും വിലയില്ലാതായി. ശക്തിയുടെയും സമ്പത്തിന്റെയും ആകര്‍ഷണവലയത്തിലും അവയുടെ പിടിയിലുമാണ് ഇന്നു ലോകം. $
Next Story

RELATED STORIES

Share it