പ്രവാചകനിന്ദ: മാതൃഭൂമിക്കെതിരേ പ്രതിഷേധം

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യമാരെയും മോശമായി ചിത്രീകരിച്ചും ഇകഴ്ത്തിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരേ വിവിധ മുസ്‌ലിം സംഘടനകളുടെ ശക്തമായ പ്രതിഷേധം. പത്രം മാപ്പ് പറയണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകള്‍ പ്രസ്താവനകളും മാര്‍ച്ചുകളുമായി രംഗത്തെത്തി.
പോപുലര്‍ ഫ്രണ്ട്, എസ്‌കെഎസ്എസ്എഫ് തുടങ്ങിയ സംഘടനകളാണ് മാതൃഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയത്. പോപുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഇന്ന് പുറത്തിറങ്ങുന്ന പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ ക്ഷമാപണം പ്രസിദ്ധീകരിക്കാമെന്നും കുറ്റക്കാര്‍ക്കെതിരേ അന്വേഷിച്ച് നടപടിയെടുക്കാമെന്നും മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
കാംപസ് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സി എ റഊഫ്, ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍ നാസര്‍, സെക്രട്ടറി പി നിസാര്‍ അഹമ്മദ് തുടങ്ങിയവരാണ് ടൗണ്‍ എസ്‌ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്‌വൈസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഒ പി എം അശ്‌റഫ് സംസാരിച്ചു. പത്രത്തിന്റെ നിലപാട് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരും പറഞ്ഞു. ലേഖനം തെറ്റിദ്ധാരണാജനകമാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ മദനി എന്നിവര്‍ പറഞ്ഞു.
പരാമര്‍ശം അതീവ ഗൗരവവും അപലപനീയവുമാണെന്ന് ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു.
മാതൃഭൂമിയുടെ നഗരം പേജില്‍ വന്ന പരാമര്‍ശങ്ങള്‍ക്കെതിരേ കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എംഎസ്എഫ്, കെഎംവൈഎഫ്, പിഡിപി, എസ്എസ്എഫ് , ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ പ്രസ്താവനകളുമായി രംഗത്തുവന്നു.
പരസ്യമായി മാപ്പ് അപേക്ഷിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നു കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ സംസാരിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാഹത്തെക്കുറിച്ച് നീചവും പരിഹാസ്യവുമായ രീതിയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും മുസ്‌ലിംകളോടുള്ള വെല്ലുവിളിയുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ കെ ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ ഹമീദ് ദാരിമി, മുസ്തഫ ദാരിമി അടിവാരം, ഫൈസല്‍ ഫൈസി മടവൂര്‍, ടി വി സി അബ്ദുസമദ് ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി ബാവ ഹാജി പൂവാട്ടുപറമ്പ്, കെ കെ മുസ്തഫ അല്‍ഹസനി സംബന്ധിച്ചു.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷറഫലിയും ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദും പ്രസ്താവിച്ചു. മാതൃഭൂമി പത്രത്തിന്റേയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടേയും നീക്കത്തെ ശക്തമായി നേരിടുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പറഞ്ഞു.
Next Story

RELATED STORIES

Share it