Flash News

പ്രവര്‍ത്തനത്തിന് വേഗത പോരാ, റെയില്‍വേയുടെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു

പ്രവര്‍ത്തനത്തിന് വേഗത പോരാ, റെയില്‍വേയുടെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു
X
jaitley-and-sureshnew

ന്യൂഡല്‍ഹി: പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വേഗതപോരെന്ന്് ചൂണ്ടിക്കാട്ടി നടപ്പു സാമ്പത്തികവര്‍ഷം റെയില്‍വേബജറ്റില്‍ 12000 കോടിരൂപയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാധ്യതകള്‍ നിറവേറ്റാന്‍ സ്വന്തം നിലക്ക് വരുമാനശ്രോതസ്സുകള്‍ ഉയര്‍ത്തുവാന്‍ റെയില്‍വേയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. എക്കാലത്തെയും ഉയര്‍ന്ന തുകയായ 40000 കോടി രൂപയാണ് റെയില്‍വേക്ക് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഈതുക 28000 കോടിയായി വെട്ടിക്കുറയ്ക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വേഗതപോരെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് മൂന്നുമാസം മുന്‍പ് കത്തയച്ചിരുന്നു. മൂലധനച്ചെലവും വരുമാനത്തിലെ കുറവും ഏഴാം ശമ്പളപരിഷ്‌കരണക്കമ്മീഷന്‍ റിപോര്‍ട്ട് വരുത്തിവെച്ച കനത്ത ശമ്പളബാധ്യതയും മൂലം ഞെരുങ്ങുന്ന റെയില്‍വേക്ക് ഈ നീക്കം കടുത്ത തിരിച്ചടിയാകും.
പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് റെയില്‍വേ എന്നറിയുന്നു. അവശ്യസാധനങ്ങളുടെ കടത്തുകൂലിയടക്കമുള്ള നിരക്കുകള്‍ ഉയര്‍ത്താതിരിക്കുന്നതു മൂലമുള്ള ബാധ്യതയുടെ പങ്ക് ഏറ്റെടുക്കാന്‍തയ്യാറാകണമെന്ന് റെയില്‍വേ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ട്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട റെയില്‍വേബജറ്റില്‍ റെയില്‍വേയ്ക്ക് ആധുനിക മുഖം നല്‍കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള നൂറിലേറെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഐആര്‍സിടിസി വെബ്‌സൈറ്റ് നവീകരണം, കുടിവെള്ള വിതരണം,കടലാസ് രഹിത ടിക്കറ്റ്, കാറ്ററിംഗ് രംഗത്തെ സ്വകാര്യവല്‍കരണം, ടോയ്‌ലറ്റ് ശുചീകരണം തുടങ്ങിയ പല പദ്ധതികളും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും 103 പ്രഖ്യാപനങ്ങള്‍ താന്‍ നിറവേറ്റിക്കഴിഞ്ഞതായും കഴിഞ്ഞമാസം സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it