kozhikode local

പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി എം കെ മുനീര്‍

കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തിന് തലേന്ന് വരെ നടന്ന പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഡോ. എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ വെന്നിക്കൊടി നാട്ടി. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എ പി അബ്ദുല്‍ വഹാബിനെ 6,327 വോട്ടുകള്‍ക്കാണ് സാമൂഹിക നീതി മന്ത്രി കൂടിയായ മുസ്‌ലിം ലീഗ് നേതാവ് പരാജയപ്പെടുത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് സൗത്തില്‍ അദ്ദേഹത്തിന്റെ ജയം. മുനീര്‍ 49,863 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ഥി വഹാബിന് 43,536 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ഥി സതീശ് കുറ്റിയിലിന് 19,146 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
2011ല്‍ സിപിഎം സ്ഥാനാര്‍ഥി സി പി മുസഫര്‍ അഹമ്മദിനെ 1,376 വോട്ടുകള്‍ക്കായിരുന്ന മുനീര്‍ പരാജയപ്പെടുത്തിയിരുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും കാര്യമായ വെല്ലുവിളി നേരിടാതെ എതിര്‍സ്ഥാനാര്‍ഥിയെ ഏറെ പിന്തള്ളിയാണ് എം കെ മുനീര്‍ സൗത്തിനെ ഒരിക്കല്‍ കൂടി ഐക്യമുന്നണിയിലേക്ക് ചായ്ച്ചത്.
1982ന് ശേഷം ആര്‍ക്കും തുടര്‍വിജയം നല്‍കാത്ത മണ്ഡലമെന്ന പ്രത്യേകതയുള്ള ഇവിടെ മുനീറിന് കിട്ടിയ തുടര്‍വിജയം എന്തുകൊണ്ടു മധുരിക്കുന്നതാണ്. 2006 വരെ കോഴിക്കോട് രണ്ടാം മണ്ഡലം എന്നറിയപ്പെട്ടിരുന്ന സൗത്തില്‍ 1991ല്‍ സി പി കുഞ്ഞുവിനെ പരാജയപ്പെടുത്തിയാണ് മുനീര്‍ രംഗപ്രവേശം ചെയ്യുന്നത്. ഈ വിജയത്തോടെ മണ്ഡലത്തില്‍ ഇത് മുനീറിന്റെ മുന്നാം വിജയമായി. 1996ലും 2001ലും മലപ്പുറത്ത് നിന്നും നിയമസഭയിലെത്തിയ മുനീര്‍ ഇത് അഞ്ചാംതവണയാണ് എംഎല്‍എയാവുന്നത്.
പ്രഥമ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു മണ്ഡലം. 1957ല്‍ 7,375 വോട്ടുകളുടെയും 1960ല്‍ 12,794 വോട്ടുകളുടെയും ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി കുമാരനാണ് ഇവിടെ നിന്ന് നിയമസഭയിലെത്തിയത്. തൊട്ടടുത്ത രണ്ട് തവണയും വിജയം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കായിരുന്നു. ഇടതുപിന്തുണയോടെ കോണ്‍ഗ്രസ്സിനെതിരേയായിരുന്നു അന്നത്തെ വിജയങ്ങള്‍.
1965ല്‍ ഇടതുപിന്തുണയോടെ ലീഗ് സ്വതന്ത്രനായി മല്‍സരിച്ച പി എം അബൂബക്കര്‍, 67ല്‍ ലീഗ് സ്ഥാനാര്‍ഥിയായി 10,556 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1970ല്‍ ഐഎന്‍സിഒ സ്ഥാനാര്‍ഥിയായി സ്വതന്ത്രന്റെ റോളിലെത്തിയ കല്‍പ്പള്ളി മാധവമേനോന്‍ മണ്ഡലത്തെ യുഡിഎഫിന് സ്വന്തമാക്കി. 3143 വോട്ടുകള്‍ക്കാണ് പി എം അബൂബക്കറെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ മാധവമേനോനോട് പരാജയമറിഞ്ഞ പി എം അബൂബക്കര്‍ പിന്നീട് 1977, 1980, 1982 വര്‍ഷങ്ങളില്‍ അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥിയായി ഇടതുപിന്തുണയോടെ ഹാട്രിക് ജയം നേടുന്നതിന് മണ്ഡലം സാക്ഷ്യം വഹിച്ചു. 1987ല്‍ സിപിഎം സ്ഥാനാര്‍ഥി സി പി കുഞ്ഞ് കോഴിക്കോട് രണ്ടില്‍ നിന്നും വിജയിച്ചു. എന്നാല്‍ 1991 ല്‍ ഡോ. എം കെ മുനീര്‍, സി പി കുഞ്ഞിനെ 3,883 വോട്ടുകള്‍ക്ക് അടിയറവ് പറയിച്ചു മണ്ഡലത്തെ യുഡിഎഫിന്റെ സ്വന്തമാക്കി. 1996ല്‍ ഖമറുന്നീസ അന്‍വറിനെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി എളമരം കരീം മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 2001ല്‍ രണ്ടാമങ്കത്തിനെത്തിയ കരീമിനെ 787 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ മുസ്‌ലിം ലീഗിലെ ടി പി എം സാഹിര്‍ മണ്ഡലത്തെ വീണ്ടും യുഡിഎഫിനൊപ്പം ചേര്‍ത്തു. 2001ല്‍ സിറ്റിങ് എംഎല്‍എയെ 14,093 വോട്ടുകളുടെ ലീഡില്‍ അട്ടിമറിച്ച് എല്‍ഡിഎഫ് പിന്തുണയോടെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി പി എം എ സലാം എംഎല്‍എയായി. പിന്നീട് എംഎല്‍എക്കൊപ്പം ഐഎന്‍എലിലെ പ്രബലവിഭാഗം മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയത് ഇടതുക്യാംപിന് തിരിച്ചടിയായി. 2011ല്‍ വീണ്ടും മണ്ഡലത്തെ യുഡിഎഫ് പാളയത്തിലെത്തിച്ച് എം കെ മുനീര്‍ കരുത്ത് തെളിയിച്ചു. സി പി കുഞ്ഞുവിനെ പരാജയപ്പെടുത്തിയ അതേ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ സി പി മുസാഫിര്‍ അഹമ്മദിനെ 1,376 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുനീര്‍ എംഎല്‍എയും തുടര്‍ന്ന് മന്ത്രിയുമായത്.
മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെയും ആമിന മുഹമ്മദ് കോയയുടെയും മകനായ മുനീര്‍ എംബിബിഎസ് ബിരുദധാരിയാണ്. മുസ്‌ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറിയായും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. 2006ല്‍ മങ്കടയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001-2006 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 1998ല്‍ ഫാഷിസവും സംഘപരിവാറും എന്ന പുസ്തകത്തിന് സി അച്ച്യുതമേനോന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായിരുന്നു. നഫീസ വിനീതയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് മിന്ന, ആമിന ഫാത്തിമ മലീഹ.
Next Story

RELATED STORIES

Share it