പ്രളയക്കെടുതി : തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടില്‍ പേമാരിയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. വടക്കുകിഴക്കന്‍ കാലവര്‍ഷം സജീവമായതോടെ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ 24 പേര്‍ കൂടി മരിച്ചതോടെ പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 111 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ജയലളിത പറഞ്ഞു. കടലൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ നഗര പ്രാന്തങ്ങളായ തമ്പാരം, കുണ്ടറാത്തൂര്‍ മേഖലകളില്‍ രണ്ടു ദിവസത്തിനു ശേഷം വീണ്ടു മഴ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ പ്രത്യേകിച്ച് പശ്ചിമഘട്ട പ്രദേശത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

നഗരത്തില്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രളയത്തില്‍പ്പെട്ട് പുസ്തകങ്ങളും യൂനിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങളും ഒരുകോടി യൂനിഫോമും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക റേഷന്‍കാര്‍ഡും അനുവദിച്ചിട്ടുണ്ട്.
പ്രളയം നാശംവിതച്ച സംസ്ഥാനത്തിന് സഹായമനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ഉടന്‍ കേന്ദ്രസംഘത്തെ അയക്കണമെന്നും സഹായം എത്രയും വേഗം അനുവദിക്കണമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങിനോട് ജയലളിത ടെലിഫോണിലൂടെ ആവശ്യപ്പെട്ടു. അടുത്തയാഴ്ച സംസ്ഥാനം വിശദമായ നിവേദനം നല്‍കും. നിവേദനം ലഭിച്ചാലുടന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it