പ്രളയക്കെടുതി: തമിഴ്‌നാട്ടില്‍ മരണം 48 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രളയക്കെടുതിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനകം 17 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 48 ആയി. കടലൂര്‍ ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ദക്ഷിണ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ടെന്നും അതിനാല്‍ കനത്ത മഴയ്ക്കാണ് സാധ്യതയെന്നും ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ എസ് ആര്‍ രമണന്‍ അറിയിച്ചു. കനത്ത മഴ മൂലം ദുരിതമനുഭവിക്കുന്ന ചെന്നൈ അടക്കമുള്ള പ്രദേശങ്ങള്‍ സാധാരണ നില കൈവരിച്ചിട്ടില്ല. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനു മുഖ്യമന്ത്രി ജയലളിത നിയോഗിച്ച പനീര്‍ ശെല്‍വമടക്കമുള്ള മന്ത്രിമാര്‍ കടലൂര്‍ ജില്ല സന്ദര്‍ശിച്ചു. കലക്ടര്‍ സുരേഷ് കുമാറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കടലൂരിലെ ചിദംബരത്തും പന്റുതിയിലും കനത്ത മഴ മൂലം വ്യാപകമായ കൃഷിനാശമുണ്ടായി. ആവര്‍ത്തിച്ച് പ്രകൃതിക്ഷോഭത്തിനിരയായ കടലൂരിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് തമിഴക വാഴ്‌വൂരിമായ് കക്ഷി നേതാവ് ടി വേല്‍മുരുകന്‍ ആവശ്യപ്പെട്ടു. ജില്ലയ്ക്കു വേണ്ടി 1000 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it