പ്രമുഖ ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ അന്തരിച്ചു

ബറോഡ: ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ അതികായന്‍ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. വഡോദരയിലായിരുന്നു അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. ആധുനിക ഇന്ത്യന്‍ ചിത്രകലയെ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ച ചിത്രകാരനാണ് ഇദ്ദേഹം.
ഓള്‍ ഇന്ത്യ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് ഇന്‍ അപ്ലൈഡ് ആര്‍ട്, ഗുജറാത്ത് ലളിതകലാ അക്കാദമി, ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹാന്‍ഡി ക്രാഫ്റ്റ്‌സ് ബോര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്നിവയില്‍ അംഗമായിരുന്നു.
ഇന്ത്യന്‍ കലാരംഗത്തിന് നല്‍കിയ വിലയേറിയ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മവിഭൂഷണും പത്മഭൂഷനും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. കാളിദാസ സമ്മാനും തേടിയെത്തി. 1924ല്‍ കൂത്തുപറമ്പിലായിരുന്നു ജനനം. മദ്രാസ് പ്രസിഡന്‍സി കോളജിലെ വിദ്യാഭ്യാസക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിലും സജീവമായി. ജയില്‍വാസത്തിനു ശേഷം കൊല്‍ക്കത്ത ശാന്തി നികേതനിലെ കലാഭവനില്‍ ചിത്രകല അഭ്യസിക്കാനെത്തി. പിന്നീട് വിശ്വഭാരതി സര്‍വകലാശാലയില്‍ കലാപഠനത്തിന് ചേര്‍ന്ന സുബ്രഹ്മണ്യന്‍ നന്ദലാല്‍ ബോസ്, ബിഹാരി മുഖര്‍ജി, രാം കിങ്കര്‍ ബൈജ് എന്നീ പ്രശസ്തരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് തന്റെ പ്രതിഭയെ മിനുക്കിയെടുത്തത്.
ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പില്‍ ലണ്ടനിലെ പ്രശസ്തമായ സ്ലേഡ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലും പഠിച്ചിട്ടുണ്ട്. 1951ല്‍ ബറോഡയിലെ എംഎസ് സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സില്‍ കലാധ്യാപകനായി. ബറോഡയ്ക്കു ശേഷം താന്‍ പഠിച്ച ശാന്തിനികേതനിലെ കലാഭവനില്‍ ദീര്‍ഘകാലം പ്രഫസറായി സേവനമനുഷ്ഠിച്ചു. കുറച്ചുകാലം ന്യൂയോര്‍ക്കില്‍ റോക്ക് ഫെല്ലര്‍ ഫെലോയായിരുന്നു സുബ്രഹ്മണ്യന്‍.
Next Story

RELATED STORIES

Share it