kannur local

പ്രമുഖരും സ്ഥാനാര്‍ഥികളും അതിരാവിലെയെത്തി വോട്ട് ചെയ്തു

തലശ്ശേരി: ജില്ലയിലെ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍ പിണറായി ആര്‍സി അമല ബേസിക് യുപി സ്‌കൂളില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല, മക്കളായ വീണ, വിവേക് തുടങ്ങിയവരോടൊപ്പമാണു പിണറായി എത്തിയത്.
ആദ്യം പ്രദേശത്തെ ഒരു വോട്ടര്‍ പിന്നെ മകള്‍ വീണ, തുടര്‍ന്ന് മുന്നാമനായാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. പിണറായി എത്തും മുമ്പേ വരിയില്‍ നിന്നിരുന്ന പറമ്പത്ത് രവീന്ദ്രനാണ് ആദ്യവോട്ട് രേഖപ്പെടുത്തിയത്. പ്രാദേശിക നേതാക്കളായ കെ കെ രാജീവന്‍, കക്കോത്ത് രാജന്‍ തുടങ്ങിയവരും പിണറിയോടൊപ്പമുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂൡ രാവിലെ 9.30 ഓടെയാണ് വോട്ട് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനുമായ പി കെ ശ്യാമള ടീച്ചര്‍ക്കൊപ്പം മോറാഴ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കഥാകൃത്ത് ടി പത്മനാഭന്‍ രാമതെരു ബോയ്‌സ് ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ വോട്ട് ചെയ്തു. പതിവ് രീതിയില്‍ ഓട്ടോയിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. അര്‍ഹതയുള്ളവര്‍ വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പറഞ്ഞു. പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍ കുടുംബത്തോടൊപ്പം മാഹി ഗവ. എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ പെരളശ്ശേരി എകെജി മെമ്മോറിയല്‍ എച്ച്എസ്എസില്‍ വോട്ടു രേഖപ്പെടുത്തി.
സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് കോര്‍ജാന്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി രാവിലെ തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ടോന്താര്‍ ഇടമന സ്‌കൂളില്‍ അതിരാവില വോട്ട് ചെയ്തു. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് മാത്യു പള്ളിക്കുന്ന് രാമതെരു സ്‌കൂളില്‍ വോട്ട് ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പടപ്പേങ്ങാട് ജിഎല്‍പി സ്‌കൂളില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍ വെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്തു. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സാജിദ് മൗവലിന് ഉദുമ മണ്ഡലത്തിലാണ് വോട്ട്. തലങ്ങാട് ഗവ. ഹൈസ്‌കൂള്‍ 92ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം രാവിലെ വോട്ട് ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി ആനിയമ്മ രാജേന്ദ്രന്‍ മണക്കടവ് ദേശമിത്രം യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ്‌കൂമാര്‍ ബര്‍ണശ്ശേരി ബിഇഎംപി യുപി സ്‌കൂളില്‍ വോട്ട് ചെയ്തു. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ജബ്ബാറിനു പാപ്പിനിശ്ശേരിയിലാണു വോട്ട്.
അതേസമയം, മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹിയും എംപിയുമായ ഇ അഹമ്മദ് ഇക്കുറി വോട്ടുചെയ്യാനെത്തിയില്ല. അനാരോഗ്യം കാരണം അദ്ദേഹം ദല്‍ഹിയില്‍ തന്നെ തങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇത്തവണയും മന്ത്രി കെ പി മോഹനന്‍ പതിവുതെറ്റിച്ചില്ല. പാനൂര്‍ പുത്തൂര്‍ എല്‍പി സ്‌കൂളിലെ 73ാം നമ്പര്‍ ബൂത്തിലാണ് മന്ത്രി മോഹനന്‍ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയത്. ബൂത്തിലെ ഒന്നാമത്തെ വോട്ടറാണ് മന്ത്രി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ പി മോഹനന്‍ ആദ്യമെത്തി വോട്ടുചെയ്തിരുന്നു.ചലച്ചിത്ര നടി സനുഷയും വോട്ട് രേഖപ്പെടുത്തി. രാമതെരു ബോയ്‌സ് ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ ബൂത്തില്‍ തന്നെയാണ് സനൂഷയും വോട്ട് രേഖപ്പെടുത്താനെത്തിയത്. അമ്മ ഉഷയുടേയും അച്ഛന്‍ സന്തോഷിന്റെയും കൂടെയാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
പ്രഫ. റിച്ചാര്‍ഡ് ഹേ എം പി കൊടുവള്ളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തലശ്ശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീര്‍ പാറാല്‍ എല്‍പി സ്‌കൂളിലാണ് വോട്ട് ചെയ്തത്. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജി ഇക്കുറി അഴീക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്തു. കൂത്തുപറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു. പി കെ ശ്രീമതി എംപി ചെറുതാഴം ഗവ. സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it